ഹുറൂബ് നീക്കാന്‍ കൈക്കൂലി വാങ്ങിയ സൗദി ഉദ്യോഗസ്ഥന് മൂന്നുവര്‍ഷം തടവ്

റിയാദ്-വിദേശികളുടെ ഹുറൂബ് നീക്കിക്കൊടുക്കാന്‍ കൈക്കൂലി വാങ്ങിയ സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് റിയാദ് ക്രമിനല്‍ കോടതി മൂന്നു വര്‍ഷം തടവും അമ്പതിനായിരം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഒരാളുടെ ഹുറൂബ് നീക്കിക്കൊടുക്കാന്‍ ഇദ്ദേഹം ഈടാക്കിയിരുന്നത് 25,000 റിയാലായിരുന്നു.
ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷം കൈക്കൂലി വാങ്ങുന്നന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കി. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശേഷം കുറ്റപത്രം കോടയില്‍ സമര്‍പ്പിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അവസരമുണ്ട്.

തൊഴിലാളികള്‍ ഓടിപ്പോയെന്ന് തൊഴിലുടമ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് പ്രക്രിയയാണ് ഹുറൂബ്. ഇക്കാര്യം തൊഴിലാളിയുടെ താമസരേഖയില്‍ രേഖപ്പെടുത്തും. 15 ദിവസത്തിനുള്ളില്‍ തൊഴിലുടമക്ക് ഇത് ഓണ്‍ലൈന്‍ വഴി നീക്കാന്‍ അവസരമുണ്ട്. പിന്നീട് നേരിട്ട് ജവാസാത്തില്‍ ഹാജരായി കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മാത്രമേ ഒഴിവായി കിട്ടുകയുള്ളൂ.

 

Latest News