Sorry, you need to enable JavaScript to visit this website.

ഭക്ഷ്യഎണ്ണ ഇറക്കുമതി  സർവകാല റെക്കാർഡിലേക്ക്

കൊച്ചി - ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞു, നാളികേര മേഖല ആശങ്കയിൽ. കനത്ത മഴ മാറി തെളിഞ്ഞ കാലാവസ്ഥ ലഭ്യമായതോടെ കർഷകർ റബർ ടാപ്പിങിന് ഉത്സാഹിച്ചു. ദീപാവലി ഡിമാൻറ്റിനെ സുഗന്ധവ്യഞ്ജന വിപണി ഉറ്റ്‌നോക്കുന്നു. ആഗോള വിപണിക്ക് ഒപ്പം കേരളത്തിലും സ്വർണ വില ഇടിഞ്ഞു. 
ഉത്സവ വേളയിലെ വെളിച്ചെണ്ണ വിൽപ്പന കഴിഞ്ഞതോടെ കൊപ്രയാട്ട് വ്യവസായ രംഗം പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞതിനാൽ മില്ലുകാർ കൊപ്ര സംഭരണത്തിൽ നിന്നും പിന്നോക്കം വലിയുകയാണ്. ശേഖരിക്കുന്ന  കൊപ്ര എണ്ണയാക്കി മാറ്റിയാലും ചരക്കിന് ഡിമാൻറ് മങ്ങിയത് തിരിച്ചടിയാവുമെന്ന ഭീതിയിലാണ് മില്ലുകാർ. 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണെങ്കിലും ഈ വേളയിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരില്ല. രാജ്യത്ത് എറ്റവും കൂടുതൽ ഭക്ഷ്യയെണ്ണയുടെ വിൽപ്പന നടക്കുന്നത് ദീപാവലി വേളയിലാണ്, എന്നാൽ അവരുടെ പാചക എണ്ണകളുടെ പട്ടികയിൽ വെളിച്ചെണ്ണയില്ല. സൂര്യകാന്തി, നിലക്കടല, പാം ഓയിലും സോയാ ഓയിലിനുമാണ് അവിടെ പ്രിയം. വിദേശ ഭക്ഷ്യ എണ്ണകൾ ഓണവേളയിൽ പ്രദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ഭീഷണി ഉയർത്തിയിരുന്നു. കൊച്ചിയിൽ കൊപ്ര 7900 രൂപയായും വെളിച്ചെണ്ണ 13,400 രൂപയായും താഴ്ന്നു. 10,650 രൂപയിൽ നിന്ന് പാം ഓയിൽ വില വാരാവസാനം 9300 ലേയ്ക്ക് ഇടിഞ്ഞു.  
വിദേശ ഭക്ഷ്യ എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിലേക്ക്. മുൻവർഷത്തെ അപേക്ഷിച്ച് പാം ഓയിൽ ഇറക്കുമതി ഓഗസ്റ്റിൽ 35 ശതമാനം ഉയർന്ന് 13.75 ലക്ഷം ടണ്ണായി. 2021 ഓഗസ്റ്റിൽ വരവ് 10.16 ലക്ഷം മാത്രമായിരുന്നു.   
ചിങ്ങത്തെ അപേക്ഷിച്ച് കന്നിയിൽ കാലാവസ്ഥ തെളിയുമെന്ന് പ്രതീക്ഷയിൽ കർഷകർ റബർ തോട്ടങ്ങളിലേക്ക് തിരിഞ്ഞു. റബർ വെട്ട് ഊർജിതമാകും മുമ്പേ ടയർ ലോബി ഷീറ്റ് വില കുത്തനെ ഇടിച്ചത് ഉൽപാദകരെ ഞെട്ടിച്ചു. രണ്ടാഴ്ച കൊണ്ട് നാലാം ഗ്രേഡ് റബർ വില കിലോ 159 രൂപയിൽ നിന്ന് 149 രൂപയായി. അഞ്ചാം ഗ്രേഡിന് കിലോ എട്ട് രുപ കുറഞ്ഞ് 145 രൂപയായി. ഒട്ടുപാൽ വില 98 രൂപയായും ലാറ്റക്‌സ് വില 90 രൂപയായും ഇടിഞ്ഞു.
  ഓണാലോഷങ്ങൾ കഴിഞ്ഞിട്ടും കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക് വരവ് ഉയരാഞ്ഞത് അന്തർസംസ്ഥാന വാങ്ങലുകാരെ സമ്മർദ്ദത്തിലാക്കി. വാങ്ങലുകാരുടെ അഭാവം മൂലം ഉൽപ്പന്ന വില താഴ്ന്നു. കൊച്ചിയിൽ അൺ ഗാർബിൾഡ് 49,900 രൂപയിലും ഗാർബിൾഡ് 51,900 രൂപയിലുമാണ്. കാർഷിക മേഖലയിൽ മുളക് സ്റ്റോക്ക് ചുരുങ്ങിയതിനാൽ താഴ്ന്ന വിലയ്ക്ക് ചരക്ക് ഇറക്കാൻ കർഷകരും ഉത്സാഹം കാണിച്ചില്ല. ദീപാവലി അടുക്കുന്നതോടെ വിപണി ചൂടുപിടിക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്‌റേറാക്കിസ്റ്റുകൾ. 
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളറാണ്, ബ്രസീൽ 3400 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും വിയെറ്റ്‌നാം 3500 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും മലേഷ്യ 5900 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു. ഏലത്തിന് ഉത്തരേന്ത്യൻ ഡിമാൻറ് ഉയർന്നു. ലേല കേന്ദ്രങ്ങളിൽ ചരക്ക് ശേഖരിക്കാൻ പല അവസരത്തിലും വാങ്ങലുകാർ മത്സരിച്ചു. ആഭ്യന്തര ഡിമാൻറ്റിൽ ശരാശരി ഇനങ്ങൾ ആയിരം രൂപയ്ക്ക് മുകളിൽ ഇടം കണ്ടത്തിയെങ്കിലും വിലക്കയറ്റം തുടരുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മികച്ചയിനങ്ങൾ കിലോ 1559 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1051 രൂപയിലും കൈമാറി. 
  ഡോളർ സൂചികയുടെ തിളക്കവും അമേരിക്ക പലിശ ഉയർത്തുമെന്ന സൂചനകളും ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ മഞ്ഞലോഹത്തിൻറ്റ തിളക്കത്തിന്  മങ്ങലേൽപ്പിച്ചു. സ്വർണ വില ട്രോയ് ഔൺസിന് 1717 ഡോളറിൽ നീങ്ങിയ അവസരത്തിൽ അലയടിച്ച വിൽപ്പന സമ്മർദ്ദം വിപണിയെ അടിമുടി ഉഴുതുമറിച്ചതോടെ നിരക്ക് 1653 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1675 ഡോളറിലാണ്. ഒരുമാസത്തിനിടയിൽ സ്വർണ വില അഞ്ച് ശതമാനം താഴ്ന്നതിനിടയിൽ ട്രോയ് ഔൺസിന് 86 ഡോളർ കുറഞ്ഞു.
കേരളത്തിലെ ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,400 രൂപയിൽ നിന്ന് 36,760 രൂപയായി, ഗ്രാമിന് വില 4595 രൂപ.  

Latest News