ചീറ്റകളെ തുറന്ന് വിട്ടതിനെ തമാശയായാണ് രാഹുലിനെ പോലെ തന്നെ മോഡിയെ കട്ടക്ക് എതിർക്കുന്ന കോൺഗ്രസ് വക്താവ് ജയറാം രമേശ് ചീറ്റ അധ്യായത്തെ കണ്ടത്. ഭാരത് ജോഡോ യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു അടവായും ജയറാം രമേശ് ഇതിനെ കാണുന്നു. പദ്ധതിക്ക് ആശംസ നേർന്ന രമേശ്, യു.പി.എ സർക്കാരിൽ താൻ വനം മന്ത്രിയായിരിക്കെ ദക്ഷിണാഫ്രിക്കയിൽ ചീറ്റ പരിപാലന കേന്ദ്രത്തിൽ പോയപ്പോഴുള്ള ചിത്രവും പങ്കു വെച്ചിട്ടുണ്ട്. 2013 ൽ ചീറ്റ പദ്ധതിക്ക് സുപ്രീം കോടതി വിലക്കുണ്ടായിരുന്നു. 2020 ലാണ് അത് നീക്കിയത്. അതോടെ അനുമതിയായി. തടസ്സം നീങ്ങിയതോടെ അവയെ ഇന്ത്യയിലെത്തിച്ചതിന്റെ നേട്ടവും ഇപ്പോൾ നരേന്ദ്ര മോഡിക്ക് സ്വന്തം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിശേഷം ചീറ്റകളാണ്. മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയം ഇന്ത്യയിൽ പുതിയതൊന്നുമല്ല. നെഹ്റു മുതൽ വാജ്പേയിയും കടന്ന് അതിപ്പോൾ മോഡിയിൽ എത്തി നിൽക്കുന്നു.
രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ചതിന്റെ സന്തോഷത്തിലുള്ള ഫോട്ടോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സംവിധാനങ്ങളുടെയും ആവേശം ചീറ്റവേഗത്തിൽ കുതിക്കുമ്പോൾ 'ഹോ എന്തൊരു സ്്പീഡ് ' എന്ന അതിശയത്തിലാണ് രാജ്യവും മാധ്യമങ്ങളും. ഈ അതിശയ വർത്തമാനങ്ങൾക്കിടയിലും ചീറ്റ രാഷ്ട്രീയത്തെയും പരിഹസിച്ചു കൊണ്ട് താൻ താങ്കളുടെ എതിർ പക്ഷം തന്നെ എന്ന് ചീറിയടുക്കുകയാണ് രാഹുൽ ഗാന്ധി. ഇനി മുതൽ ഇന്ത്യയുടെ പുരോഗതി ചീറ്റയുടെ വേഗത്തിലാകും എന്ന് പ്രധാനമന്ത്രി പറഞ്ഞ് നാക്കെടുക്കും മുമ്പ് ഇതാവരുന്നു രാഹുൽ ഗാന്ധിയുടെ ഫാൽക്കൻ വാക്കുകൾ. ചീറ്റകളുടെ വേഗത്തെയും കടത്തിവെട്ടുന്നതാണ് ഫാൽക്കന്റെ (പ്രാപ്പിടിയൻ) വേഗം. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫാൽക്കൻ വാക്കുകൾ ഇങ്ങിനെ 'രാജ്യത്ത് ചീറ്റപുലികളെ കൊണ്ടുവന്നതിൽ സന്തോഷമുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും ആണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. ഇതിനൊന്നും പരിഹാരം കാണാൻ മോഡിക്ക് സമയമില്ല. ചീറ്റപ്പുലികളെ കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തെ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തണം.''
72-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ആശംസ നേരുക എന്ന ഔചിത്യം കാണിച്ച ശേഷമായിരുന്നു രാഷ്ട്രീയമായി എതിർക്കേണ്ട ചെറു സന്ദർഭം പോലും ഒഴിവാക്കില്ലെന്ന പ്രഖ്യാപനമെന്നോണം ചീറ്റ വിഷയത്തിലും രാഹുൽ പ്രതികരിച്ചത്.
70 വർഷത്തിന് ശേഷമാണ് ഇന്ത്യൻ മണ്ണിൽ ചീറ്റപ്പുലികൾ എത്തിയത്. നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഘോഷ പൂർവം തുറന്ന് വിട്ടത്. ചീറ്റപ്പുലികളുടെ ചിത്രങ്ങൾ മോഡി തന്നെ ക്യാമറയിൽ പകർത്തുന്ന രംഗവും ലോകം മുഴുവൻ നോക്കി കണ്ടു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്ത് ക്വാറന്റൈനിൽ താമസിപ്പിച്ച ശേഷമാകും ചീറ്റകളെ കുനോ നാഷനൽ പാർക്കിന്റെ വിശാലതയിലേക്ക് തുറന്നു വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ കൊറിയ എന്ന ചെറുരാജ്യത്തെ രാജാവായിരുന്ന രാമാനുജ് പ്രതാപ് സിങ് ദേവാണ് 1947 ൽ ഇന്ത്യയിൽ അവശേഷിച്ച മൂന്നേ മൂന്ന് ചീറ്റപ്പുലികളുടെ കഥ കഴിച്ചതെന്നാണ് ചരിത്രം. ഈ പറഞ്ഞ രാജാവ് തന്നെ അക്കാലത്ത് തന്റെ വീര കൃത്യത്തിന്റെ ഫോട്ടോ എടുത്തിരുന്നുവെന്നത് ക്യാമറ പ്രളയത്തിന്റെ ഈ കാലത്ത് പുതുമയായി തോന്നില്ലെങ്കിലും അന്നതായിരുന്നില്ല സ്ഥിതി. രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്നാണ് വെടിവെച്ചു കൊന്ന മൂന്ന് ചീറ്റകളുമായി നിൽക്കുന്ന പ്രതാപ് സിങ് ദേവിന്റെ ചിത്രം വന്യ ജീവി ഗവേഷണ സംഘടനക്ക് ലഭിക്കുന്നത്. ആ ചിത്രം അങ്ങിനെ ചീറ്റക്കൊപ്പം ചരിത്രമായി. അതിന് ശേഷം 1952 ൽ ഇന്ത്യ ചീറ്റയില്ലാത്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. നമീബിയയിൽ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്.
രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, അവ ഇന്ത്യൻ മണ്ണിൽ ഇറങ്ങിയ ഉടൻ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ നയവും പ്രകടനവും ആണ് വികസനമുണ്ടാക്കുന്നത്. ദേശീയ ചരക്ക്നീക്ക നയം പുറത്തിറക്കി സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി ചീറ്റകളെ ഇന്ത്യൻ രാഷ്ട്രീയത്തിലെത്തിച്ചത്.
ചീറ്റകൾ ഇന്ത്യയുടെ അന്തരീക്ഷവുമായി ഇണങ്ങാൻ സമയം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു വെച്ചിട്ടുണ്ട്. അതത്ര എളുപ്പമല്ലെന്നാണ് പരിസ്ഥിതി ശാസ്ജ്ഞരും പറയുന്നത്. 2006 ൽ ഇതു സംബന്ധിച്ച് സർക്കാർ ചർച്ച തുടങ്ങിയപ്പോൾ തന്നെ വന്യജീവി വിദഗ്ധർ ആശങ്ക അറിയിച്ചിരുന്നു. ചീറ്റകളെ ഇറക്കിവിട്ട കുനോ പാർക്കിൽ ചീറ്റകളുടെ അതി ജീവനം പ്രശ്നമാകുമോ എന്നതാണ് നിലനിൽക്കുന്ന ആശങ്ക. മനുഷ്യരുമായി ചീറ്റകൾ സംഘർഷത്തിലാകുമോ എന്ന പേടിയും വന്യ ജീവി വിദഗ്ധർക്കുണ്ട്. ചീറ്റയുടെ അഭാവത്തിലും ഇന്ത്യയുടെ ജൈവ സംവിധാനം സ്ഥിരത കൈവരിച്ച സ്ഥിതിക്ക് ഇപ്പോഴിതെന്തിനാണ് എന്ന ചോദ്യമാണ് വന്യ ജീവി ശാസ്ത്രജ്ഞൻ ഡോ. പി.എസ്. ഈസയും മാധ്യമങ്ങളുമായി പങ്കു വെക്കുന്നത്.
മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു ചീറ്റകളുടെ വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും കൂടെ സഞ്ചരിച്ചിരുന്നു. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് ഇവയെ കൂനോ നാഷനൽ പാർക്കിലേക്ക് എത്തിച്ചത്.
ചീറ്റകളെ തുറന്ന് വിട്ടതിനെ തമാശയായാണ് രാഹുലിനെ പോലെ തന്നെ മോഡിയെ കട്ടക്ക് എതിർക്കുന്ന കോൺഗ്രസ് വക്താവ് ജയറാം രമേശ് ചീറ്റ അധ്യായത്തെ കണ്ടത്. ഭാരത് ജോഡോ യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു അടവായും ജയറാം രമേശ് ഇതിനെ കാണുന്നു. പദ്ധതിക്ക് ആശംസ നേർന്ന രമേശ്, യു.പി.എ സർക്കാരിൽ താൻ വനം മന്ത്രിയായിരിക്കെ ദക്ഷിണാഫ്രിക്കയിൽ ചീറ്റ പരിപാലന കേന്ദ്രത്തിൽ പോയപ്പോഴുള്ള ചിത്രവും പങ്കു വെച്ചിട്ടുണ്ട്. 2013 ൽ ചീറ്റ പദ്ധതിക്ക് സുപ്രീം കോടതി വിലക്കുണ്ടായിരുന്നു. 2020 ലാണ് അത് നീക്കിയത്. അതോടെ അനുമതിയായി. തടസ്സം നീങ്ങിയതോടെ അവയെ ഇന്ത്യയിലെത്തിച്ചതിന്റെ നേട്ടവും ഇപ്പോൾ നരേന്ദ്രമോഡിക്ക് സ്വന്തം.
ഇതിനെയൊക്കെയാണ് ഭാഗ്യം എന്ന് പറയുന്നത്. രാഷ്ട്രീയ സൗഭാഗ്യങ്ങളുടെ ഊർജത്തിൽ ചീറ്റ വേഗത്തിൽ കുതിക്കുന്ന മോഡിയോട് ഒന്നു നിൽക്കണെ ഞങ്ങൾക്കും ചിലത് പറയാനുണ്ട് എന്ന് ചോദ്യം ചെയ്യാനും ചിലരുണ്ടെന്ന് രാഹുൽ ഗാന്ധിയും ജയറാം രമേശുമൊക്കെ തെളിയിച്ചു തരുന്നു.






