എടക്കര-വഴിക്കടവില്‍ നിന്നു കാണാതായ ആളെ ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുന്നതിനിടെ ഇടുക്കിയില്‍
നിന്നു പോലീസ് പിടികൂടി. മണിമൂളി കുറ്റിപ്പുറത്ത് അബ്ദുല്ല(57)യെയാണ് കാണാതായി 47-ദിവസത്തിന് ശേഷം ഇടുക്കി മുരിക്കാശേരി വിശ്വഗുരുകുലത്തില്‍നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഓഗസറ്റ് അഞ്ചിനു അബ്ദുല്ലയെ കാണാനില്ലെന്ന ഭാര്യ മൈമൂനയുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്. വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് പരാതിക്കാരി മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് നല്‍കിയ പരാതിയെത്തുടര്‍ന്നു പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഇയാള്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ എത്തുകയും പിന്നീട് ഗോവ, മംഗലാപുരം, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, എറണാകുളം, പെരുമ്പാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്തിയതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പരാതിക്കാരിയുടെ മുന്‍ ഭര്‍ത്താവിന്റെ മകന്റെ പേരില്‍ അബ്ദുല്ലയെ അപായപ്പെടുത്തിയിട്ടുണ്ടെന്ന സന്ദേശവും പരാതിക്കാരിക്ക് ലഭിച്ചു. സന്ദേശത്തിന്റെ പിന്നാലെ അജ്ഞാത മൃതദേഹങ്ങള്‍ വരെ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ അന്വേഷണം വഴിതിരിച്ച് വിടുന്നതിനായിരുന്നു ഈ സന്ദേശമെന്നു പോലിസ് മനസിലാക്കി. തുടര്‍ന്നാണ് ഇയളെ ഇടുക്കി മുരിക്കാശേരിയിലെ വിശ്വഗുരുകുലത്തില്‍ ആള്‍മാറാട്ടം നടത്തി താമസിക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുകുലത്തില്‍ ശശിധരാന്ദ സ്വാമികള്‍ എന്ന വ്യാജ പേരിലായിരുന്നു അബ്ദുല്ല ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും ഒരിടങ്ങളിലും സ്ഥിരമായി താമസിക്കാതിരുന്നതും അന്വേഷണത്തെ ബാധിച്ചിരുന്നു. വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ ടി. അജയകുമാര്‍, പ്രൊബേഷന്‍ എസ്.ഐ ടി.എസ് സനീഷ്, സി.പി.ഒമാരായ റിയാസ് ചീനി, കെ.പി ബിജുമോന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.






