അലീഗഢ്- ഏഴു വയസ്സായിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ പീഡിപ്പിച്ച വിവരം 28 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തി യുവതി. രണ്ടാനച്ഛന്റെ കുടുംബക്കാരാണ് ഏഴു വയസ്സുമുതല്‍ 19 വയസ്സുവരെ പീഡിപ്പിച്ചതെന്ന് 35 കാരിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ അലീഗഢ് പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പോലീസ് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ദേശീയ വനിതാ കമ്മീഷനേയും മുഖ്യമന്ത്രിയുടെ തര്‍ക്ക പരിഹാര പോര്‍ട്ടലിനെയുും സമീപിച്ചിരുന്നു. ഒടുവില്‍ ബലാത്സംഗത്തിനുള്ള ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏഴു വയസ്സായിരിക്കുമ്പോള്‍ രണ്ടാനച്ഛന്റെ കുടുംബത്തിലെ അമ്മാവന്‍ പീഡിപ്പിച്ചപ്പോള്‍ വയറുവേദനയെ തുടര്‍ന്ന് അമ്മയോട് സംഭവം പറഞ്ഞിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. അമ്മ എന്തോ മരുന്ന് നല്‍കി ആരോടും പറയരുതെന്ന് ഉപദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ രണ്ടാമത്തെ അമ്മാവനും ബലാത്സംഗം ചെയ്തുവെന്നും പിന്നീട് അത് തുടര്‍ന്നുവെന്നും യുവതി പറഞ്ഞു. 19 വയസ്സുവരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡനം തുടര്‍ന്നുവെന്നും യുവതി പറഞ്ഞു. 2011 ജനുവരിയിലാണ് യുവതി വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം അമ്മയെ കാണാന്‍ പോകുമ്പോഴും ബന്ധുക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും താന്‍ പ്രതിരോധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.






