ജനാധിപത്യ ദിനത്തിന്റെ പ്രസക്തി

ഏതൊരു ഭരണ സംവിധാനത്തിനും ജനാധിപത്യത്തിനും ഫാസിസവൽക്കരിക്കാനുള്ള പ്രവണത അന്തർലീനമാണ്. അതിനെതിരായ ജാഗ്രത എപ്പോഴുമുണ്ടാകണം. അത് അനിവാര്യവുമാണ്. അപ്പോൾ നമുക്കു ചെയ്യാനാവുക ഭരണകൂടാധികാരങ്ങളെ കുറച്ചുകൊണ്ടുവരിക, അധികാരത്തെ ജനങ്ങളിലേക്ക് തിരികെ സ്വാംശീകരിക്കുന്ന പ്രക്രിയകൾ ശക്തമാക്കുക തുടങ്ങിയവയാണ്. തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയ പാർട്ടികളെല്ലാം സുതാര്യമാകുക, പാർട്ടികൾ ജനപ്രതിനിധികളെ നിശ്ചയിക്കുമ്പോൾ തന്നെ ജനാഭിപ്രായം തേടുക തുടങ്ങി നിരവധി നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.

 

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഒരുപാട് ദിനാചരണങ്ങൾ നടക്കാറുണ്ട്. പലതും നമ്മൾ കാര്യമായി തന്നെ ആചരിക്കാറുണ്ട്. ഇതിൽ പലതും ആരും അറിയാറുപോലുമില്ല. അത്തരത്തിൽ എല്ലാ വർഷവുമെന്ന പോലെ ഈ വർഷവും കാര്യമായി ആരും, പ്രത്യകിച്ച് കൂടുതൽ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കൾ, അറിയാതെ പോയ ഒന്നാണ് കഴിഞ്ഞ ദിവസത്തെ അന്താരാഷ്ട്ര ജനാധിപത്യ ദിനം. മാത്രമല്ല, ജനാധിപത്യ സംവിധാനത്തിന് അനുഗുണമല്ലാത്ത പലതിനും നാം സാക്ഷ്യം വഹിക്കുകയും ചെയ്തു. ഓരോ വർഷവും ഈ ദിനത്തിൽ വ്യത്യസ്തമായ ഒരു വിഷയം ഉയർത്തിപ്പിടിക്കാറുണ്ട്. മുൻ വർഷത്തെ വിഷയങ്ങളിൽ ശക്തമായ ജനാധിപത്യങ്ങൾ, സുസ്ഥിര വികസനത്തിനുള്ള 2030 ലെ അജണ്ടക്കായുള്ള ജനാധിപത്യത്തിന്റെ പ്രസക്തി, വർധിച്ച പൊതു പങ്കാളിത്തം, അംഗീകരിക്കലുകളും ചർച്ചകളും, ഉത്തരവാദിത്തം, രാഷ്ട്രീയ സഹിഷ്ണുത എന്നിവ ഉൾപ്പെട്ടിരുന്നു. ഇത്തവണ അത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യമാണ്.
2007 മുതലാണ് സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കാൻ ആരംഭിച്ചത്. വിവിധ മാനദണ്ഡങ്ങളിലൂടെ ലോകരാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ നിലവാരം എവിടെയെത്തി എന്ന പരിശോധന ഈ ദിനാചരണത്തിന്റെ ഭാഗമായി നടക്കാറുണ്ട്. അത്തരം പരിശോധനയിൽ ജനാധിപത്യ രാഷ്ട്രങ്ങളിൽ ഏറെക്കുറെ അവസാന നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. അതാകട്ടെ കൂടുതൽ കൂടുതൽ പിറകോട്ടുപോകുകയുമാണ്. വരുംകൊല്ലങ്ങളിൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകുമെന്നതിൽ ഒരു സംശയവും വേണ്ട. അക്കാര്യം വളരെ പ്രകടമായിട്ടും ഈ ദിനത്തിന്റെ പ്രാധാന്യം പോലും വിസ്മരിക്കപ്പെടുന്നു എന്നതിൽ നിന്ന് നാം എവിടെയെത്തിയിരിക്കുന്നു എന്നു വ്യക്തമാകുന്നു. ഉലാീരൃമര്യ ശ െളൃലലറീാ ംശവേ ൃലുെീിശെയശഹശ്യേ എന്ന ആശയത്തെ തന്നെയാണ് നാം കൈയൊഴിയുന്നത് എന്നർത്ഥം. അതിന്റെ ഫലം വളരെ ഗുരുതരമാകുമെന്നതിൽ സംശയം വേണ്ട.  റലാീരൃമര്യ ശ െമി ശഹഹൗശെീി എന്ന അവസ്ഥയിലായിരിക്കും സമൂഹം എത്തിപ്പെടുക. 
ഒന്നുറപ്പാണ്. എല്ലാ അർത്ഥത്തിലും ശക്തിയുള്ളവരായിരിക്കുമല്ലോ ലോകചരിത്രത്തിൽ ആദ്യ ഭരണാധികാരികളായത്. തുടർന്നും സമ്പത്തും അധികാരവും അവരിൽ കേന്ദ്രീകരിക്കുന്നു. കുടുംബപരമായ തുടർച്ചയും അതിനുണ്ടാകുന്നു. അടിമത്തവും ജന്മിത്തവും രാജഭരണവുമൊക്കെയായി കാലക്രമേണ അത് പരിവർത്തനം ചെയ്യുന്നു. അതിലൊന്നും പക്ഷേ തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആർക്കുമുണ്ടായിരുന്നില്ല. അവർ കേവലം അടിമകളും പ്രജകളുമൊക്കെയായിരുന്നു. അതിൽ നിന്നെല്ലാമുള്ള കുതിച്ചുചാട്ടമായിരുന്നു ജനാധിപത്യം. തത്വത്തിലെങ്കിലും എന്നെ ഭരിക്കേണ്ടവരെ ഞാൻ തെരഞ്ഞെടുക്കും, വേണ്ടിവന്നാൽ ഞാൻ തന്നെ ഭരണാധികാരിയാകും എന്ന മഹത്തായ ആശയം ലോക മാനവ ചരിത്രത്തിലെ വൻ കുതിച്ചുചാട്ടമാണ്. പ്രജയിൽ നിന്ന് പൗരനിലേക്ക്. അവിടെയും ആരംഭത്തിൽ ഏറെ വിവേചനങ്ങൾ ഉണ്ടായിരുന്നു. വോട്ടവകാശം പുരുഷന്മാരോടൊപ്പം സ്ത്രീകൾക്കു ലഭിച്ചത് ബ്രിട്ടനിൽ 1928 ലും ഫ്രാൻസിൽ 1946 ലും സ്വിറ്റ്സർലണ്ടിൽ 1971 ലും മാത്രമാണ്. 
അതേസമയം പ്രാചീന ജനാധിപത്യം, മധ്യകാല ജനാധിപത്യം, ആധുനിക ജനാധിപത്യം എന്നിങ്ങനെ ജനാധിപത്യത്തെ ഘട്ടങ്ങളായി വേർതിരിക്കാറുണ്ട്. പ്രാചീന ഗ്രീസിലായിരുന്നു ജനാധിപത്യത്തിന്റെ ഉദ്ഭവം കാണാവുന്നതെങ്കിലും അത് പരിപക്വമാകുന്നത് 1789 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്നാണ്. ഇന്ത്യയിലാകട്ടെ ബുദ്ധന്റെ കാലത്തു തന്നെ ജനാധിപത്യത്തിന്റെ ആദ്യരൂപങ്ങൾ കാണാമെന്ന് ഗവേഷകർ പറയുന്നു. 
ഇതൊക്കെയാണെങ്കിലും അമേരിക്കയിൽ ഒരു ആധുനിക ഭരണഘടന രൂപം കൊണ്ടതോടെയാണ് പാർലമെന്ററി ജനാധിപത്യ രൂപങ്ങൾ രൂപം കൊണ്ടത്. തുടർന്നാണ് തെരഞ്ഞെടുപ്പിന്റെ രൂപങ്ങളും രാഷ്ട്രീയ പാർട്ടികളുമൊക്കെ രൂപംകൊണ്ടത്. ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകുന്ന പ്രക്രിയ ഏറെക്കുറെ പരിപക്വമാകുകയായിരുന്നു. അതേസമയം അതിനെതിരെ നിരവധി വെല്ലുവിളികളുമുയർന്നു. പ്രധാനമായും അത് മതങ്ങളുടെ ഭാഗത്തുനിന്നായിരുന്നു. കൂടാതെ ഹിറ്റ്ലറെയും മുസോളിനിയെയും പോലുള്ള ഫാസിസ്റ്റുകളിൽ നിന്നും കമ്യൂണിസത്തിന്റെ പേരിൽ നിലവിൽ വന്ന സ്റ്റാലിനിസ്റ്റ് ഭരണകൂടങ്ങളിൽ നിന്നും. പിന്നീട് ബർലിൻ മതിലിന്റെ തകർച്ച,  ശീതയുദ്ധത്തിന്റെ അവസാനം, ചൈനയിലെ വിദ്യാർത്ഥി കലാപം, ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിന്റെ അവസാനം എന്നിവയെല്ലാം ജനാധിപത്യ വികാസത്തിൽ വലിയ പങ്കുവഹിച്ചു. ഇപ്പോഴും പൂർണമായി ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും ഐക്യരാഷ്ട്ര സഭക്കും ജനാധിപത്യത്തിന്റെ വികാസത്തിൽ വലിയ പങ്കുണ്ട്. 
ഒരു കാര്യത്തിൽ സംശയമില്ല. ഏതൊരു ഭരണ സംവിധാനത്തിനും ജനാധിപത്യത്തിനും ഫാസിസവൽക്കരിക്കാനുള്ള പ്രവണത അന്തർലീനമാണ്. അതിനെതിരായ ജാഗ്രത എപ്പോഴുമുണ്ടാകണം. അത് അനിവാര്യവുമാണ്. അപ്പോൾ നമുക്കു ചെയ്യാനാവുക ഭരണകൂടാധികാരങ്ങളെ കുറച്ചുകൊണ്ടുവരിക, അധികാരത്തെ ജനങ്ങളിലേക്ക് തിരികെ സ്വാംശീകരിക്കുന്ന പ്രക്രിയകൾ ശക്തമാക്കുക തുടങ്ങിയവയാണ്. തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയ പാർട്ടികളെല്ലാം സുതാര്യമാകുക, പാർട്ടികൾ ജനപ്രതിനിധികളെ നിശ്ചയിക്കുമ്പോൾ തന്നെ ജനാഭിപ്രായം തേടുക തുടങ്ങി നിരവധി നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. ജനാധിപത്യം മറ്റു രാഷ്ട്രീയ സംവിധാനങ്ങളെ പോലെ അടഞ്ഞ ഒന്നല്ല. തുറന്ന ഒന്നാണ്. അനുദിനം അതിനെ കൂടുതൽ ശക്തമാക്കാനും കൂടുതൽ കൂടുതൽ ജനകീയമാക്കാനും അധികാരത്തിൽ പങ്കാളിത്തം ലഭിക്കാത്തവരിലേക്ക് എത്തിക്കാനും ശ്രമിക്കണം. കൂടാതെ ജനാധിപത്യമെന്നത് കേവലം ഭരണകൂട രൂപമല്ല എന്നും അതിന് രാഷ്ട്രീയത്തിനു പുറമെ സാമൂഹ്യമായ വശമുണ്ടെന്നും മനസ്സിലാക്കണം. കുടുംബവും നാട്ടിൻപുറത്തെ സംഘടനകളും മുതൽ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാം നാം പാലിക്കേണ്ടേ ജീവിത ശൈലിയാണത്. ആ ദിശയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും അനിവാര്യമാണ്. 
ഇന്ത്യയിലേക്കു വന്നാൽ പൊതുവിൽ സ്വാതന്ത്ര്യത്തിനു ശേഷം മെച്ചപ്പെട്ട ചരിത്രമായിരുന്നു ഇന്ത്യൻ ജനാധിപത്യത്തിന്റേത് എന്നു കാണാം. ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് കാര്യമായ പ്രശ്നങ്ങളില്ലാതെ ജനാധിപത്യ സംവിധാനം നിലനിൽക്കുന്നു എന്നത് അത്ഭുതകരം തന്നെയാണ്. ലോകത്തെ തന്നെ ഉന്നതനിലവാരം പുലർത്തുന്ന ഭരണഘടനയും നമുക്കുണ്ട്. ഇന്ത്യൻ ചരിത്രത്തിലാദ്യമായി എല്ലാവരും തുല്യരാണെന്നു പ്രഖ്യാപിച്ച മഹദ് ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. ഒരിക്കൽ ജനാധിപത്യം നേരിട്ട വെല്ലുവിളിയെ ജനാധിപത്യപരമായി തന്നെ അതിജീവിക്കാനും നമുക്കായി. എന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭരണഘടന തന്നെ മാറ്റിയെഴുതാവുന്ന അവസ്ഥയിലേക്കാണ് രാഷ്ട്രം നീങ്ങുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട് ദേശീയതയെയും ദേശീയ പതാകയെയും കുറിച്ചുള്ള നിരവധി പർവതീകരിച്ച ചർച്ചകളൊക്കെ നാം കേട്ടു. എന്നാലവർ ഭരണഘടനയെ കുറിച്ച് കാര്യമായൊന്നും പറഞ്ഞില്ല. മാത്രമല്ല, പലരും പറയുന്നത് ഭരണഘടനയുടെ കാലാവധി കഴിഞ്ഞു എന്നാണ്. ഭരണഘടന വൈദേശികമാണെന്നും ഇന്ത്യൻ മൂല്യങ്ങളിലേക്ക് മാറണമെന്നും അത് മനുസ്മൃതിയിൽ അധിഷ്ഠിതമാകണമെന്നുമുള്ള വാദങ്ങൾ ശക്തമായിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രത്തിലെ ഭരണഘടനക്കായുള്ള നീക്കങ്ങൾ അണിയറയിൽ തയ്യാറായെന്ന പത്രവാർത്തയും കണ്ടു. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജീവിക്കാം, പക്ഷേ വോട്ടവകാശമുണ്ടാകില്ല എന്ന വകുപ്പടക്കം ഉണ്ടത്രേ. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നവരിൽ നിന്ന് അതു പ്രതീക്ഷിക്കാവുന്നതാണ്. ജനാധിപത്യ സംവിധാനത്തിനുള്ളിൽ മതരാഷ്ട്രമെന്ന സങ്കൽപത്തിനു ഒരു സ്ഥാനവുമില്ല എന്ന യാഥാർത്ഥ്യമാണ് വിസ്മരിക്കപ്പെടുന്നത്. 
ഭരണഘടനക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നതാണ് ജനാധിപത്യ ദിനത്തോടനുബന്ധിച്ച സ്വാഭാവികമായും ഉയരുന്ന ചോദ്യം. മാധ്യമങ്ങളടക്കം ജനാധിപത്യത്തിന്റെ നാലു തൂണുകളിലും ഇനിയും കാര്യമായ പ്രതീക്ഷ വേണ്ട എന്നാണ് സമീപകാല സംഭവങ്ങൾ നൽകുന്ന സൂചന. പിന്നെയുള്ളത് തെരഞ്ഞെടുപ്പു കമ്മീഷനും തെരഞ്ഞെടുപ്പുമാണ്. ജനാധിപത്യം നിലനിൽക്കുന്നത് തന്നെ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ്. പക്ഷേ ഹിറ്റ്‌ലർ മുതൽ മോഡി വരെയുള്ളവർ അധികാരത്തിലെത്തിയതും അതിലൂടെ തന്നെയാണ്. ജനാധിപത്യത്തിന്റെ ഗുണനിലവാരത്തിന്റേതാണ് പ്രശ്‌നം. നമ്മുടെ ഭരണാധികാരികളെ നാം തെരഞ്ഞെടുക്കുമെന്നു പറയുമ്പോൾ, ആ തെരഞ്ഞെടുപ്പിനെ മറ്റു ഘടകങ്ങൾ സ്വാധീനിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്ത്യയിലത് എന്താണെന്നത് പ്രകടമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ ഗുണമേന്മയിൽ നമ്മൾ പിറകോട്ടു പോകുന്നു എന്നു പറയുന്നത്. അതിനുള്ള പരിഹാരമാണ് ഉണ്ടാകേണ്ടത്. മതേതരത്വത്തിലും സാമൂഹ്യ നീതിയിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ 'ണല വേല ുലീുഹല ീള കിറശമ' രംഗത്തിറങ്ങേണ്ട അവസാന അവസരമാണിത്. എങ്കിൽ മാത്രമേ വരാൻ പോകുന്ന ലോക്‌സഭ  തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കാൻ ഇന്ത്യൻ ജനതക്കാവൂ. ഇപ്പോഴും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സംഘപരിവാറിനെ തളക്കാൻ പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനു കഴിയും. ഐക്യത്തിനു മാത്രമേ കഴിയൂ. അതിനു പ്രേരകമാകാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന ഭാരത് ജോഡോ യാത്രക്കു കഴിയുമോ എന്ന ചോദ്യമാണ് ഈ ജനാധിപത്യ ദിനാചരണത്തിൽ ഏറ്റവും പ്രസക്തം.

Latest News