ലോകകപ്പ് ഖത്തര്‍ മുസ്ലിംകളേയും അറബികളേയും കുറിച്ചുള്ള ധാരണ മാറ്റും

ദോഹ-നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ മുസ്ലീങ്ങളെയും അറബികളെയും കുറിച്ചുള്ള പരമ്പരാഗത ധാരണ മാറ്റാന്‍ സഹായകമാകുമെന്ന് ഖത്തറിലെ 3-2-1 ഒളിമ്പിക് മ്യൂസിയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. 2023 ദോഹയില്‍ നടക്കുന്ന വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയുടെയും ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പാനല്‍ ചര്‍ച്ച നടന്നത്.

തിരിഞ്ഞ് നോക്കുക, മുന്നോട്ട് നീങ്ങുക - ഖത്തറിലെയും അതിനപ്പുറത്തെയും കായിക വ്യവസായത്തിന്റെ പുതിയ യുഗം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ജര്‍മ്മനി (2006), ദക്ഷിണാഫ്രിക്ക (2010), റഷ്യ (2018) എന്നിവിടങ്ങളില്‍ നടന്ന ലോകകപ്പിന്റെ മുന്‍ പതിപ്പുകള്‍ വിശകലന വിധേയമാക്കി. ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുന്നതിന്റെ പ്രതിഫലനങ്ങള്‍ ചര്‍ച്ച ചെയ്തു. ടൂര്‍ണമെന്റിന്റെ പൈതൃക സ്വാധീനം, സുസ്ഥിരത, 2006 ലെ ഏഷ്യന്‍ ഗെയിംസ് മുതല്‍ ഇന്നുവരെയുള്ള ഖത്തറിന്റെ ആഗോള സ്‌പോര്‍ട്‌സ് ഹബ് പദവി, 2030 ലെ ഏഷ്യന്‍ ഗെയിംസ്, 2036 ലെ ഒളിമ്പിക് ഗെയിമുകള്‍ക്കുള്ള സാധ്യത എന്നിവയും പാനല്‍ ചര്‍ച്ചയില്‍ വിഷയമായി

ഖത്തര്‍ യൂണിവേര്‍സിറ്റി സ്‌പോര്‍ട് മാനേജ്‌മെന്റ് പ്രൊഫസറും വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് 2023 ന്റെ കോ-ചെയര്‍യുമായ ഡോ. അഹമ്മദ് അല്‍-ഇമാദി, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ അസോസിയേറ്റ് പ്രൊഫസറും ഡയറക്ടറുമായ ഡോ. കമില സ്വാര്‍ട്ട്-ആരീസ്, ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ്-യൂണിവേഴ്സിറ്റി മെയിന്‍സിലെ സ്പോര്‍ട്സ് ഇക്കണോമി ആന്‍ഡ് സ്പോര്‍ട് സോഷ്യോളജി പ്രൊഫസര്‍ ഡോ. ഹോള്‍ഗര്‍ പ്ര്യൂസ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ സ്ട്രാറ്റജി ആന്‍ഡ് പ്രോജക്ട്സ് ഡിപ്പാര്‍ട്ട്‌മെന്റ് (എസ്പിഡി) ഡയറക്ടര്‍ എഞ്ചിനീയര്‍ ഫഹദ് ഇബ്രാഹിം ജുമാ മുഹന എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഖത്തര്‍ യൂണിവേര്‍സിറ്റിയിലെ കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് ഇക്കണോമിക്‌സിലെ ഡോ. ഉസ്മാന്‍ അല്‍തവാദി ചര്‍ച്ച നിയന്ത്രിച്ചു.

ഭൂമിശാസ്ത്രപരമായി ഖത്തര്‍ ഒരു ചെറിയ രാജ്യമാണെങ്കിലും, ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള വലിയ കഴിവുണ്ടെന്ന് ഖത്തര്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ടെന്നും ഖത്തര്‍ ആതിഥ്യമരുളിയ നിരവധി അന്താരാഷ്ട ഈവന്റുകള്‍ ഇതിന്റെ സാക്ഷ്യപത്രമാണെന്നും ഡോ. അല്‍-ഇമാദി പറഞ്ഞു. 2010ല്‍ ലോകകപ്പിന്റെ ആതിഥേയാവകാശം ഖത്തറിന് ലഭിച്ചപ്പോള്‍, ഇത് മുഴുവന്‍ അറബ് രാജ്യങ്ങള്‍ക്കും മുസ്ലീം രാജ്യങ്ങള്‍ക്കും വേണ്ടിയായിരിക്കുമെന്നാണ് ഖത്തര്‍ പ്രഖ്യാപിച്ചത്.

ലോകകപ്പിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് രണ്ട് ദശലക്ഷത്തോളം കാണികള്‍ ഖത്തറിലേക്ക് വരുമ്പോള്‍, അവര്‍ക്ക് ഖത്തറിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും അടുത്തറിയാനും മനസ്സിലാക്കാനും കഴിയും. ഇത് സമീപഭാവിയില്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരും. അല്‍ ഇമാദി പറഞ്ഞു. പരമ്പരാഗത ധാരണകള്‍ തിരുത്താനും പുരോഗമന പരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാനും സഹായകമാകും. അറബ് , ഇസ് ലാമിക മൂല്യങ്ങളുടേയും സംസ്‌കാരത്തിന്റേയും ജീവിക്കുന്ന അംബാസഡര്‍മാരാകാന്‍ എല്ലാ പൗരന്മാരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Latest News