പ്ലസ് ടു സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ്  ലൈസന്‍സും നല്‍കാന്‍  ആലോചന

തിരുവനന്തപുരം- പ്ലസ് ടു പാസാകുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ ഗതാഗത വകുപ്പിന്റെ പദ്ധതി. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ റോഡ്, ഗതാഗത നിയമങ്ങള്‍ പാഠഭാഗമാക്കാനും ആലോചനയുണ്ട്.
ഇതുമായി ബന്ധപ്പെട്ട കരിക്കുലം റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് അടുത്ത ആഴ്ച വിദ്യാഭ്യാസ വകുപ്പിന് കൈമാറും. സര്‍ക്കാര്‍ അം?ഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കും.ഡ്രൈവിങ് പഠിക്കണമെങ്കില്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതി വിജയിക്കണമെന്നാണ് നിലവില്‍ നിയമം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ലേണേഴ്‌സ് ലൈസന്‍സിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.
ഈ മാസം 28ന് ഗതാഗത മന്ത്രി ആന്റണി രാജു കരിക്കുലം റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറും. ഗതാഗത വകുപ്പിന്റെ ശുപാര്‍ശ അംഗികരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയുമാണ്. ഹയര്‍ സെക്കന്‍ഡറിയിലെ ഏതു ക്ലാസില്‍ ഏത് വിഷയത്തില്‍ എങ്ങനെ വിഷയം ഉള്‍പ്പെടുത്താം എന്നതടക്കമുള്ള കാര്യങ്ങളിലും വിശദ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.പദ്ധതി നടപ്പായാല്‍ രണ്ട് നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കാം. റോഡ് നിയമങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം സൃഷ്ടിക്കാനും പദ്ധതി ഉപകരിക്കും.സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന നിയമത്തിലടക്കം മാറ്റം വരുത്തണം. ഇതടക്കമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
 

Latest News