തലശ്ശേരി- വഴിവിട്ട ബന്ധത്തിനു തടസ്സമാകുമെന്ന് കരുതി മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പിണറായി പടന്നക്കര വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
യുവാക്കളുമായുള്ള ബന്ധത്തിന് തടസ്സം നിന്നതാണ് കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് യുവതി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ പോലീസ് നടത്തിയ ആസൂത്രിത നീക്കമാണ് വിജയിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടു മരണത്തിന്റെ കാരണം കണ്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു. പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മരണത്തോടെയാണു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സി.ഐ കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം ഏറ്റെടുത്തത്.
തനിക്കും അസുഖമുണ്ടെന്ന് യുവതി നടത്തിയ പ്രചാരണം ശരിയല്ലെന്ന് വ്യക്തമായതോടെയാണ് കേസില്‍ പോലീസിനു മുന്നോട്ടു പോകാന്‍ സാധിച്ചത്. കാര്യമായ അസുഖം ഇല്ലെന്നു മനസ്സിലാക്കിയ പോലീസ് തന്ത്രപൂര്‍വം യുവതിയെ ആശുപത്രി ഐ.സിയുവിലാക്കിയ ശേഷം പുറത്തു തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. യുവതിയുമായി അടുപ്പമുള്ള യുവാക്കളെ വിളിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.