ഈ കള്ളന്‍ ഇനി മര്യാദക്കാരന്‍, കുതിച്ചു പായുന്ന  ട്രെയിനിന്റെ  ജനാലയില്‍  തൂങ്ങിക്കിടന്നത് മണിക്കൂറുകള്‍

പട്‌ന-  യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജനലില്‍ കൈ കുടുങ്ങിയ കള്ളന്‍ ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്നത് 10 കിലോമീറ്റര്‍. മോഷണ ശ്രമത്തിനിടെ യാത്രക്കാരില്‍ ഒരാള്‍ കൈ ജനലിലൂടെ വലിച്ചതോടെയാണ് കള്ളന്‍ കുടുങ്ങിയത്. ബിഹാറിലെ പട്‌നയിലാണ് സംഭവം. സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിറുത്തുമ്പോള്‍ ജനലിലൂടെ മോഷണം നടത്തുന്നത് പതിവാണ്. ബെഗുസാരായില്‍ നിന്ന് ഖഗാരിയയിലേക്കുള്ള ട്രെയിനിലാണ് മോഷണ ശ്രമമുണ്ടായത്. നിറുത്തിയിട്ട ട്രെയിനിലെ ജനലിലൂടെ കള്ളന്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതു കണ്ട യാത്രക്കാരന്‍ അകത്തു നിന്ന് ഇയാളുടെ കൈ പിടിച്ചു വലിക്കുകയായിരുന്നു. ട്രെയിന്‍ മുന്നോട്ടെടുത്തതോടെ തന്നെ വിടാന്‍ കള്ളന്‍ അപേക്ഷിച്ചു. എന്നാല്‍ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ നിന്ന് വീഴാതിരിക്കാന്‍ അയാള്‍ അടുത്ത കൈയും ജനലിലേക്കിട്ടു. അപകടമുണ്ടാകാതിരിക്കാന്‍ യാത്രക്കാര്‍ ഇരു കൈയും വലിച്ചു പിടിച്ചതോടെ കള്ളന്‍ ട്രെയിനില്‍ തൂങ്ങിക്കിടന്നു. ഖഗാരിയ സ്‌റ്റേഷനിലെത്തിയ ഉടന്‍ കള്ളന്‍ ഓടിപ്പോയെന്നും യാത്രക്കാര്‍ പറയുന്നു. ജനലില്‍ കുടുങ്ങിയ കള്ളന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 
 

Latest News