മസ്‌ക്കത്ത്- മുസ്ലിം ലീഗിന് തന്നെ തിരുത്താനും വിമർശിക്കാനും അധികാരമുണ്ടെന്നും അതിന്റെ പേരിൽ ശത്രുപാളയത്തിൽ അഭയം തേടുമെന്ന് വിചാരിക്കുന്നുണ്ടോയെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മസ്‌കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച ഉദയം 2022 പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കുമെന്നും ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിൽ ആവില്ലെന്നും ഷാജി പറഞ്ഞു.
ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മിൽ ഉറച്ച സൗഹൃദമാണ്. വിരുദ്ധ ചേരിയിലാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു. ഡീസലിന് വില കയറുമ്പോൾ സന്തോഷിക്കുന്ന രണ്ടുപേരാണ് പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും. സെൽഫിയെടുക്കാൻ വന്ന യുവാവിന്റെ ഫോൺ ഒന്നരക്കിലോമീറ്റർ തട്ടിത്തെറിപ്പിച്ച പിണറായി മോഡിയെ കെട്ടിപ്പിടിച്ചതിൽ അസ്വാഭാവികതയില്ലേ.
കേരളത്തിന്റെ മുഖ്യമന്ത്രിയെക്കാൾ ശൈലജ ടീച്ചർ വളരരുത് എന്ന ഒറ്റ താല്പര്യത്തിന്റെ പേരിലാണ് ശൈലജ ടീച്ചർക്ക് ലഭിച്ച മഗ്‌സസേ അവാർഡ് നിരസിച്ചത്. മലബാറിലെ സമരങ്ങളെല്ലാം തീവ്രവാദ സമരമാകുകയും തെക്കോട്ട് വരുമ്പോൾ അത് ഏതു സമുദായം നടത്തിയാലും വെറും സമരം ആകുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഭാരത് ജോഡോ യാത്രയോട് സി.പി.എം കാണിച്ച പരാക്രമം എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധി തീ കൊടുത്തത് ആർ.എസ്.എസിന്റെ കാവി കളസത്തിനാണെങ്കിലുംനിന്ന് കത്തുന്നത് സി.പി.എം കാരന്റെ ചുവന്ന കളസം ആണ്. ഇവിടെ കത്തിച്ചാൽ അവിടെ കത്തുന്ന ചുവന്ന കാവി കളസമാണ് സി.പി.എം കാരൻ ഇപ്പോൾ ഇട്ട് കൊണ്ടിരിക്കുന്നത്.
രാഹുൽ ഗാന്ധി ഇന്ത്യക്കു വേണ്ടി നടത്തുന്ന നടത്തം കണ്ടില്ലെന്ന് നടിക്കാനോ പിന്തിരിഞ്ഞു നടക്കാനോ ഞങ്ങൾക്കാവില്ലെന്നു അദ്ദേഹം പറഞ്ഞു. ആ മനുഷ്യൻ ഇന്ത്യയുടെ തെരുവിൽ ഈ രാജ്യം തിരിച്ചു പിടിക്കാൻ നടക്കുന്നുണ്ടെങ്കിൽ ആരൊക്കെ ഒറ്റപ്പെടുത്തിയാലും ലീഗ് കൂടെ തന്നെ ഉണ്ടാകും.
കേരളത്തിൽ വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളിൽ 20-25 ശതമാനം മാത്രമേ തൊഴിൽ രംഗത്തുള്ളൂ. പെൺകുട്ടികളെ മുഖ്യധാരയിൽ കൊണ്ട് വരാൻ ഓരോ കെ.എം.സി.സി പ്രവർത്തകരും മുൻകൈ എടുക്കണം. കല്യാണം കഴിയുന്നത് വരെ പഠിപ്പിക്കാൻ അല്ല പെൺ കുട്ടികളെ പഠിപ്പിക്കേണ്ടത്. അവർ പഠിക്കുന്നത് വരെ പഠിക്കുകയും പഠിക്കുന്നതിനുള്ള ജോലിയും എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കച്ചവടം നേരിട്ട് ആൺകുട്ടികളെ ആണ് നമ്മൾ ഏൽപ്പിക്കാറ്. നല്ല കഴിവുള്ള പെൺകുട്ടികൾ ബിസിനസ്സും ചെയ്യും. പെൺകുട്ടികളെ പരമാവധി തൊഴിൽ ഇടങ്ങളിൽ എത്തിക്കണം. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഈ സമൂഹം തയ്യാറാകണം.
കോവിഡ് മഹാമാരിയുടെ സമയത്തു മസ്‌കറ്റിലെ പ്രവാസി സമൂഹത്തിനു വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത
ബദർ അൽ സമാ ഹോസ്പിറ്റൽ എം.ഡി. അബ്ദുൽ ലത്തീഫ്, മസ്‌കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ എം.ഡി. സുബൈർ കണ്ടിയിൽ, , മലബാർ ഗോൾഡ് ആന്റ ഡയമണ്ട്‌സ് റീജ്യനൽ ഹെഡ് നജീബ്, അൽ സലാമ പോളിക്ലിനിക് മാനേജിംഗ് പാർട്ണർ ഡോ. റഷീദ്, മസ്‌കറ്റ് കെ.എം.സി.സി സീനിയർ നേതാവ് എം.ടി.അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, അൽഖൂദ് കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, മബേല കെഎംസിസി , റുസൈൽ കെഎംസിസി സീബ് കെഎംസിസി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.