ദോഹ- കാല്‍പന്തുകളിലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ കിക്ക് ഓഫിന് കേവലം 66 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ആതിഥേയരായ ഖത്തര്‍ അവരുടെ ഫിഫ ലോകകപ്പ് 2022 ജേഴ്‌സി പുറത്തിറക്കി. മെറൂണ്‍ (ഹോം), വെള്ള (എവേ) ജഴ്‌സികള്‍ അണിഞ്ഞാണ് അല്‍ അന്നാബി താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുക. ആകര്‍ഷകമായ ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നൈക്കാണ്.
ഖത്തരി ഹോം കിറ്റ് ഖത്തരി പതാകയെ പ്രതിഫലിപ്പിക്കുന്നതിനായി ഡെസേര്‍ട്ട് മെറൂണും വെളുത്ത സെറേറ്റഡ് ട്രിമ്മും സംയോജിപ്പിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നെഞ്ചിന്റെ മുകളിലെ ചിഹ്നം ഖത്തറിന്റെ ആതിഥേയ രാഷ്ട്ര പദവി ഉയര്‍ത്തിക്കാട്ടുന്നു.
എവേ കിറ്റ് ഖത്തറിന്റെ തീരപ്രദേശത്തെ പ്രതീകവല്‍ക്കരിക്കുന്നു. പഴയ തീരദേശ സംസ്‌കൃതിയിലെ മുത്ത് ഖനനത്തിന്റെ ചരിത്രമാണ് ഈ ഗ്രാഫിക് ഓവര്‍ലേ പ്രതീകവല്‍ക്കരിക്കുന്നത്. ചലനത്തില്‍, വരണ്ട സൂര്യനില്‍ കറങ്ങുന്ന ഒരു മണല്‍ക്കാറ്റിനോട് സാമ്യമുള്ളതാണ് കിറ്റ്, ''നൈക്ക് അതിന്റെ വെബ്‌സൈറ്റില്‍ വിശദീകരിച്ചു.
ആയാസ രഹിതമായ കളി ഉറപ്പുവരുത്തുന്നതിന് സഹായകമായി അത്യാധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് കിറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
നവംബര്‍ 20ന് ഇക്വഡോറിനെതിരായ ഗ്രൂപ്പ് എ മത്സരത്തോടെയാണ് ഖത്തര്‍ ലോകകപ്പിന് തുടക്കമിടുന്നത്.