തെരുവുനായ്ക്കൾ വർദ്ധിക്കുന്നതിനും അവ അക്രമാസക്തമാകുന്നതിനും പ്രധാന കാരണം നമ്മുടെ പ്രവർത്തനങ്ങളാണെന്നു വ്യക്തമായിട്ടും കേരളത്തേക്കാൾ ജനസാന്ദ്രത കൂടിയ വൻനഗരങ്ങളിൽ പോലും നായ്ക്കൾ അക്രമാസക്തമാകുന്നില്ലെന്നും കാര്യകാരണസഹിതം എത്രയോ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതൊന്നും പരിശോധിക്കാതെ, തെറ്റുകൾ തിരുത്താൻ ശ്രമിക്കാതെ തെരുവുകളിൽ കാണുന്ന നായ്ക്കളെ ഒന്നടങ്കം കൊന്നൊടുക്കണമെന്ന ആക്രോശം സംസ്ഥാനത്തുടനീളം ഉയരുന്നുണ്ട്. അപ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിൽ അപകടകരവുമാണ് ഈ നിലപാട്. പേ പിടിച്ച നായ്ക്കളേയും അക്രമകാരികളേയും കൊന്നൊടുക്കാൻ അല്ലെങ്കിലും കഴിയും. സ്വയംരക്ഷക്കായി മനുഷ്യനെ തന്നെ കൊല്ലുന്നത് ന്യായീകരിക്കപ്പെടുന്നുണ്ടല്ലോ.
തെരുവുനായ വിഷയം തന്നെയാണ് സമകാലികാവസ്ഥയിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇടക്കിടക്ക് ആവർത്തിക്കുന്ന വിഷയമായിട്ടും ഇതിന് ശാശ്വതമായൊരു പരിഹാരം കാണാൻ മാറിമാറി ഭരിച്ച സർക്കാരുകൾക്കായിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴാകട്ടെ മൊബൈൽ, സിസി ടിവി ക്യാമറകളിലൂടെ നായ്ക്കളുടെ ആക്രമണത്തിന്റെ ഭീതിദാവസ്ഥ കാണാനും കഴിയുന്നു.
വിഷയത്തിൽ അടിയന്തരവും ദീർഘകാലാധിഷ്ഠിതവുമായ നടപടികൾ സ്വീകരിക്കുമെന്ന് പുതുതായി സ്ഥാനമേറ്റ മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവ് നായകൾക്ക് എത്രയും വേഗം വാക്സിൻ നൽകുക എന്നതാണതിൽ പ്രധാനം. ഈ മാസം 20 ന് പദ്ധതിക്ക് തുടക്കമാകും. അതിനായുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി താൽപ്പര്യമുള്ള കോവിഡ് സന്നദ്ധ സേന, കുടുംബശ്രീ അംഗങ്ങൾക്ക് വെറ്ററിനറി സർവകലാശാല പരിശീലനം നൽകും. ദീർഘകാലാടിസ്ഥാനത്തിലാകട്ടെ പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാംസ വ്യാപാരികൾ, കല്യാണ മണ്ഡപ ഉടമകൾ തുടങ്ങിയവരുടെ യോഗം വിളിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡല അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിലും യോഗം വിളിക്കാനും തീരുമാനമുണ്ട്. 152 ബ്ലോക്കുകളിൽ എബിസി സെന്റർ ആരംഭിക്കും. കൂടാതെ പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയുടെ അനുമതി തേടും. വളർത്ത് നായ്ക്കളുടെ വാക്സിനും കർശനമാക്കും. ഉടമസ്ഥൻ ഇല്ലാത്ത നായ്ക്കളെ വാക്സിനേഷന് എത്തിച്ചാൽ 500 രൂപ പാരിതോഷികം നൽകും. ഏകദേശം 2.89 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്കെന്നും മന്ത്രി പറയുന്നു.
തീർച്ചയായും യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മന്ത്രിയുടേത്. തെരുവുനായ്ക്കൾ വർദ്ധിക്കുന്നതിനും അവ അക്രമാസക്തമാകുന്നതിനും പ്രധാന കാരണം നമ്മുടെ പ്രവർത്തനങ്ങളാണെന്നു വ്യക്തമായിട്ടും കേരളത്തേക്കാൾ ജനസാന്ദ്രത കൂടിയ വൻനഗരങ്ങളിൽ പോലും നായ്ക്കൾ അക്രമാസക്തമാകുന്നില്ലെന്നും കാര്യകാരണസഹിതം എത്രയോ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതൊന്നും പരിശോധിക്കാതെ, തെറ്റുകൾ തിരുത്താൻ ശ്രമിക്കാതെ തെരുവുകളിൽ കാണുന്ന നായ്ക്കളെ ഒന്നടങ്കം കൊന്നൊടുക്കണമെന്ന ആക്രോശം സംസ്ഥാനത്തുടനീളം ഉയരുന്നുണ്ട്. അപ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിൽ അപകടകരവുമാണ് ഈ നിലപാട്. പേ പിടിച്ച നായ്ക്കളേയും അക്രമകാരികളേയും കൊന്നൊടുക്കാൻ അല്ലെങ്കിലും കഴിയും. സ്വയംരക്ഷക്കായി മനുഷ്യനെ തന്നെ കൊല്ലുന്നത് ന്യായീകരിക്കപ്പെടുന്നുണ്ടല്ലോ. കൃഷിക്കും മനുഷ്യജീവനും അപകടകരമായ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകിയിട്ടുമുണ്ട്. രോഗം വന്ന താറാവുകളേയും കോഴികളേയും കൊന്നൊടുക്കാറുമുണ്ട്. അടുത്ത ദിവസം ആത്മരക്ഷാർത്ഥം പുലിയെ കൊന്നയാൾക്കെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി പ്രഖ്യാപിച്ചതും നാം കേട്ടു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഏതാനും വർഷം മുമ്പ് രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ സൂറത്തിലെ പ്ലേഗ് ബാധക്കുള്ള പ്രധാനകാരണം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണെന്നാണ് അവർ ഓർമ്മിപ്പിച്ചത്. പ്ലേഗിനു കാരണമായ എലിയടക്കമുള്ള ജീവികളുടെ വംശവർദ്ധനയെ നിയന്ത്രിക്കുന്നതിൽ നായക്കുള്ള പങ്കാണ് അവർ ചൂണ്ടിക്കാട്ടിയത്. ഭൂമിയിൽ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായകൾ എന്നുമവർ ചൂണ്ടിക്കാട്ടി. ആ സൗഹൃദം തകരുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം മനുഷ്യരുടെ പ്രവൃത്തികളല്ലാതെ മറ്റെന്താണ്? അതിന് ദീർഘകാലപരിഹാരം കാണാൻ ശ്രമിക്കുന്നില്ലെങ്കിൽ ഇപ്പോഴത്തെ കോലാഹലങ്ങളും ഒരു ഫലവും കാണാതെ അവസാനിക്കും.
മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നും മൃഗ പ്രജനന രീതി ഏതും അതാത് ജീവിവർഗ്ഗത്തിന്റെ ശരീരശാസ്ത്രം, പെരുമാറ്റം എന്നിവയെ ബഹുമാനിച്ചുകൊണ്ടായിരിക്കണമെന്നും ഒരു മൃഗത്തിന്റെ മരണത്തിലേയ്ക്കു നയിക്കുന്ന അനാവശ്യമായ ഏതൊരു പ്രവർത്തനവും അത്തരം പ്രവർത്തനങ്ങളിലേയ്ക്കു നയിക്കുന്ന ഏതൊരു തീരുമാനവും ജീവനുനേരെയുള്ള കുറ്റകൃത്യമാണെന്നും പ്രകൃതിയിലെ ഒരു പ്രത്യേക
സ്പീഷീസിന്റെ നിലനിൽപ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവർത്തനവും അത്തരം പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കുന്ന ഏതൊരു തീരുമാനങ്ങളും ആ ജീവജാതിയുടെ വംശഹത്യയ്ക്ക് സമാനമായ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടേണ്ടതാണെന്നും വന്യമൃഗങ്ങളുടെ കൂട്ടക്കൊല, അവയുടെ സ്വാഭാവിക ആവാസസ്ഥലം നശിപ്പിക്കൽ, മലിനീകരണം എന്നിവ വംശഹത്യാ പ്രവർത്തനങ്ങളാണെന്നും ജീവശൃംഖലയിൽ മൃഗങ്ങളുടെ സവിശേഷ സ്ഥാനവും പദവിയും അവകാശങ്ങളും നിയമം വഴി അംഗീകരിക്കപ്പെടണമെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സർക്കാർ തലത്തിലുള്ള സംഘടനകൾ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും കുട്ടിക്കാലം മുതലേ മൃഗങ്ങളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കാനും ഇടപഴകാനും ഉതകുന്ന വിദ്യാഭ്യാസ-പഠനരീതികളും പൗരന്/പൗരക്ക് വിദ്യാഭ്യാസ രംഗത്തുള്ളവർ ഉറപ്പു വരുത്തണമെന്നുമെല്ലാം പ്രഖ്യാപനത്തിലുണ്ട്.
ചുരുക്കത്തിൽ ആയിരക്കണക്കിനു തലമുറകളിലൂടെ മാനവസമൂഹം ആർജ്ജിച്ച സംസ്കാരത്തിൽ നിന്നു പുറകോട്ടുപോകാനല്ല, മുന്നോട്ടുപോകാനാണ് നാം തയ്യാറാകേണ്ടത്. ഈ വിഷയത്തിലും ആ ദിശയിലുള്ള നടപടികൾക്കാണ് സർക്കാരും ജനങ്ങളും തയ്യാറാകേണ്ടത്. അല്ലാതെ കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പോലെ നിരവധി നായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടത്. ഭൂമിയുടെ അവകാശികെള കുറിച്ചുള്ള ബഷീറിന്റെ വാക്കുകളും ഓർക്കാവുന്ന സമയമാണിത്. ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യൻ എങ്ങനെ പെരുമാറുന്നു എന്നതിൽനിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്കാരത്തെ ദർശിക്കാനാവും എന്ന ഗാന്ധിവചനവും.






