ദോഹ- ലോകകപ്പ് സമയത്ത് പൊതുഗതാഗതം സുഗമമാക്കുന്നതിന് സെന്‍ട്രല്‍ ദോഹയില്‍ സ്വകാര്യ വാഹനങ്ങളുടെ നീക്കം കര്‍ശനമായി നിയന്ത്രിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റിയുടെ ടെക്‌നിക്കല്‍ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല പറഞ്ഞു.
ടൂര്‍ണമെന്റിനിടെ സെന്‍ട്രല്‍ ദോഹയിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ദോഹയിലെ ഉള്‍റോഡുകളോടൊപ്പം എ, ബി, സിറിങ് റോഡുകളിലും നിയന്ത്രണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഘോഷയാത്രകള്‍, ബസുകള്‍, കളിക്കാരുടെ വാഹനങ്ങള്‍, ഫിഫ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍ എന്നിവയ്ക്ക് പാര്‍ക്ക് ആന്റ് റൈഡ് സ്‌റ്റേഷനുകളില്‍ എത്താന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കവലകളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തിര വാഹനങ്ങള്‍ക്ക് പ്രത്യേകം പെര്‍മിറ്റ് അനുവദിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.