സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍

ഗുഡ്ഗാവ്- നഗരത്തിലെ പ്രശസ്തമായ സ്വകാര്യ സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 19 കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഐപിസി, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വെസ്റ്റ് വനിതാ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മകള്‍ തന്റെ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയുമായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന്  പതിനാറുകാരിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌കൂളില്‍ നിന്ന് പാസ്സായ ശേഷം പ്രതി കോളേജില്‍ പോയെങ്കിലും പെണ്‍കുട്ടിയോട് സംസാരിക്കുന്നത് തുടര്‍ന്നുവെന്നും ക്രമേണ അവളെ പിന്തുടരാന്‍ തുടങ്ങിയെന്നും പിതാവ് പറയുന്നു. മകളുടെ നഗ്‌നചിത്രം ലഭിച്ചതിനുശേഷം അതുവെച്ച് അവളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും തനിച്ചു കാണാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. എതിര്‍ത്തുവെങ്കിലും ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
 പ്രതിയെ പിടികൂടി ചോദ്യം ചെയ്യുകയാണെന്ന് വനിതാ പോലീസ് സ്‌റ്റേഷന്‍ (വെസ്റ്റ്) എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ പൂനം പറഞ്ഞു.

 

Latest News