ഗ്യാൻവാപി മസ്ജിദിനെതിരെ ഹിന്ദുത്വ അജണ്ട

കോടതികളിലെ നടപടികളെക്കുറിച്ച് പോലും അറിവില്ലാത്ത സാധാരണ വീട്ടമ്മമാരാണ് രാജ്യം ശ്രദ്ധിക്കുന്ന  ഇത്തരം വിവാദമായ കാര്യങ്ങളിൽ കോടതികളിൽ ഹരജിയുമായി എത്തുന്നതെന്ന് കാണാം. ഇതിന് പിന്നിൽ സംഘപരിവാറിന്റെ കൃത്യമായ അജണ്ടകളുണ്ട്. അത് തന്നെയാണ് ഗ്യാൻവാപി കേസിലും നടന്നുകൊണ്ടിരിക്കുന്നത്. ഗ്യാൻവാപി വിധി നിയമ വഴിയിലെ ഒരു തുടക്കം മാത്രമാണെങ്കിലും അത് രാജ്യത്തെ മുസ്‌ലിം സമുദായത്തിലുണ്ടാക്കുന്ന വേദനയും  ആശങ്കയും വളരെ വലുതാണ്.

 

ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിന്റെ പുറം മതിലിലുള്ള വിഗ്രഹങ്ങളിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന ഹൈന്ദവ വിഭാഗത്തിൽ പെട്ടവരുടെ ഹരജിയിൽ വാദം തുടരാൻ കഴിഞ്ഞ ദിവസം വരാണസി ജില്ല കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നാണ് ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു വിഭാഗത്തിന്റെ ഹരജി നിലനിൽക്കുന്നതല്ലെന്നും ഗ്യാൻവാപി  വഖഫ് സ്വത്താണെന്നും ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നൽകിയ സത്യവാങ്മൂലം തള്ളിക്കൊണ്ടാണ് വലിയ തോതിലുള്ള സാമുദായിക സംഘർഷത്തിന് കാരണമായേക്കാവുന്ന വിഷയത്തിൽ  കോടതി വാദം തുടരാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
തർക്കമുണ്ടായ സാഹചര്യത്തിൽ കാര്യങ്ങൾ നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്ന തീർത്തും നിഷ്‌കളങ്കമായ മറുപടിയിൽ ഒതുക്കാവുന്നതല്ല കോടതിയുടെ  ഉത്തരവ്. മുസ്‌ലിം ആരാധനാലയങ്ങളെ തകർക്കാനായി സംഘപരിവാർ  വളരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളുടെ നിയമപരമായ ആദ്യഘട്ട വിജയമായി തന്നെ ഇതിനെ കാണേണ്ടതുണ്ട്. ഹിന്ദു മതത്തിൽ പെട്ട സാധാരണക്കാരായ അഞ്ചു സ്ത്രീകൾ നിത്യാരാധനക്കുള്ള അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് കേവലം വിശ്വാസപരമായ ഒരു കാര്യമായി കാണാൻ കഴിയില്ല. ഇത്തരമൊരു ഹരജി കോടതിക്ക് മുന്നിലെത്തിയതിന് പിന്നിൽ സംഘപരിവാറിന്റെ കൃത്യമായ അജണ്ടകളുണ്ട്. ബാബ്‌രി മസ്ജിദിന് ശേഷം കാശി പിടിക്കുകയെന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ആദ്യപടിയായി ഇതിനെ കാണേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ഒരു ഹരജിയിലെ ന്യായാന്യായങ്ങളെ കുറിച്ച് പരിശോധിക്കുന്നതിനു മുൻപ് ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം സമ്മാനിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അവരുടെ വാഗ്ദാനങ്ങളെക്കിറിച്ച് പരിശോധിക്കേണ്ടതുണ്ട്. ബാബ്‌രി മസ്ജിദിന് പിന്നാലെ രാജ്യത്തെ രണ്ടായിരത്തോളം പള്ളികൾ കൈവശപ്പെടുത്താൻ വിശ്വഹിന്ദു പരിഷത്ത് അജണ്ട തയാറാക്കിയിരുന്നു. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഗ്യാൻവാപി മസ്ജിദ്. രണ്ടാം സ്ഥാനത്തുള്ളത് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദാണ്. ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ വാഗ്ദാനം ബാബ്‌രി മസ്ജിദിന് പിന്നാലെ ഇനി മഥുരയും കാശിയുമെന്നതായിരുന്നു. അതായത് ബാബ്‌രി മോഡൽ മഥുരയിലും കാശിയിലും ആവർത്തിക്കുമെന്നാണ് അവർ പരസ്യമായി പറഞ്ഞത്. ഇതിന് വ്യാപകമായ പ്രചാരണം നൽകുകയും ചെയ്തു. ഹൈന്ദവ വോട്ടുകളുടെ വലിയ കേന്ദ്രീകരണം ഇതിലൂടെ നടത്താൻ ബി.ജെ.പിക്ക് സാധിച്ചു. യോഗി സർക്കാരിന് തുടർഭരണം ലഭിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു. 
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേർന്നു നിൽക്കുന്ന ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അനുബന്ധമായ 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ ജൻമഭൂമിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് രഞ്ജന അഗ്നിഹോത്രിയെന്ന സ്ത്രീ ഫയൽ ചെയ്ത ഹരജി ഇപ്പോൾ വിവിധ നിയമ നടപടികൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഏതൊക്കെ മുസ്‌ലീം പള്ളികൾ സംഘപരിവാർ ലക്ഷ്യം വെച്ചിട്ടുണ്ടോ അവിടെയെല്ലാം തർക്കപ്രശ്‌നങ്ങൾ ഉന്നയിച്ച് കേസുകൾ ഫയൽ ചെയ്യുകയെന്നതാണ് അവർ  ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന രീതി. അത് വഴി വ്യാപകമായ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടാനും സാധിക്കുന്നു. ഇത്തരം കേസുകളിലെല്ലാം തന്നെ ഹൈന്ദവ വികാരം ഇളക്കി വിടുന്ന രീതിയിലാണ് ഹരജികൾ പോലും തയാറാക്കുന്നത്. ബാബ്‌രി മസ്ജിദ് കേസിൽ രാംലല്ല വിരാജ്മാൻ അതായത് ഭൂജാതനായ രാമൻ എന്ന പേരിലാണ് ഹൈക്കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തിരുന്നത്. ഷാഹി ഈദ്ഗാഹ് കേസിൽ ബാലനായ ശ്രീകൃഷ്ണന്റെ പേരിലാണ് ഒരു ഹരജിയുള്ളത്. ഒപ്പം കൃഷ്ണഭക്തർ എന്ന പേരിൽ മറ്റു ആറ് പേരയെും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈന്ദവ വികാരം ഇളക്കി വിടുന്നതിന്റെ ഭാഗമായാണ് ശ്രീകൃഷ്ണന്റെയും മറ്റും പേരിൽ കോടതിയിൽ ഹരജി നൽകുന്നത്. പ്രതിഷ്ഠകളെപ്പോലും ജുഡീഷ്യൽ വ്യക്തിയായി നിയമത്തിന്റെ മുന്നിലേക്കെത്തിക്കുന്നതിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.  ഇതിന്റെ നിയമ സാധ്യതകളെപ്പോലും പരിശോധിക്കാതെ ഇത്തരം ഹരജികൾ അനുവദിക്കുകയാണ് കോടതികൾ ചെയ്യുന്നത്. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ മുനയിൽ നിർത്തുകയാണ്.
നൂറ്റാണ്ടുകൾക്ക്  മുമ്പുള്ള ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇപ്പോൾ അനാവശ്യമായ തർക്ക പ്രശ്‌നങ്ങൾ സൃഷ്ടിച്ച് സാമുദായിക ഐക്യം തകർക്കപ്പെടാതിരിക്കുന്നതിനാണ് 1991 ലെ ആരാധാനാലയ സംരക്ഷണ നിയമം കൊണ്ടുവന്നത്. എന്നാൽ ഈ നിയമം പോലും നോക്കുകുത്തിയാകുന്ന അവസ്ഥ നിലവിലുണ്ട്. ഗ്യാൻവാപി മസ്ജിദ് കേസിൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സംഘപരിവാർ മുന്നോട്ട് വെയ്ക്കുന്ന അജണ്ടക്ക് അനുസൃതമായി നീതിന്യായ സംവിധാനങ്ങൾ മുന്നോട്ട് നീങ്ങിയാൽ രാജ്യത്ത് അത് വലിയ തോതിലുള്ള സാമുദായിക സംഘർഷങ്ങൾക്കായിരിക്കും വഴിവെക്കുക. 
സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ആരാധനാലയങ്ങളിൽ തർക്ക പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുകയെന്നത് അവരുടെ ഏറ്റവും ഹീനമായ വർഗീയ അജണ്ടയുടെ ഭാഗമാണ്. അത്തരം പ്രശ്‌നങ്ങൾ ഉന്നയിച്ച് രാജ്യത്ത് സാമുദായികമായ കലാപങ്ങൾ നടക്കുമ്പോഴാണ് സംഘടനാപരമായ വളർച്ച നേടാൻ കഴിയുകയെന്ന് സംഘപരിവാർ  നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. വ്യവഹാരങ്ങളിൽ നേരിട്ട് ഇടപെടുന്നതിന് പകരം മറ്റുള്ളവരെക്കൊണ്ട് കേസുകൾ നൽകി അതിൽ കക്ഷി ചേരുകയെന്നതാണ് അവർ സ്വീകരിക്കുന്ന രീതി. ആരാധനാലയങ്ങൾ സംബന്ധിച്ച് മിക്ക കേസുകളിലും സ്ത്രീകളെയാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. 
കോടതികളിലെ നടപടികളെക്കുറിച്ച് പോലും അറിവില്ലാത്ത സാധാരണ വീട്ടമ്മമാരാണ് രാജ്യം ശ്രദ്ധിക്കുന്ന  ഇത്തരം വിവാദമായ കാര്യങ്ങളിൽ കോടതികളിൽ ഹരജിയുമായി എത്തുന്നതെന്ന് കാണാം. ഇതിന് പിന്നിൽ സംഘപരിവാറിന്റെ കൃത്യമായ അജണ്ടകളുണ്ട്. അത് തന്നെയാണ് ഗ്യാൻവാപി കേസിലും നടന്നുകൊണ്ടിരിക്കുന്നത്. ഗ്യാൻവാപി വിധി നിയമ വഴിയിലെ ഒരു തുടക്കം മാത്രമാണെങ്കിലും അത് രാജ്യത്തെ മുസ്‌ലിം സമുദായത്തിലുണ്ടാക്കുന്ന വേദനയും  ആശങ്കയും വളരെ വലുതാണ്.
 

Latest News