കൊണ്ടോട്ടി - ജീവിതത്തിൽ ഒരിക്കൽ ഹജും ഉംറയും നിർവ്വഹിച്ചവർക്ക് ഈ വർഷം മുതൽ 2000 സൗദി റിയാൽ (35,202 രൂപ) അധികം നൽകണമെന്ന് നിർദേശം. തുടർച്ചയായി മൂന്ന് വർഷം ഉംറയും ഹജും നിർവ്വഹിച്ചവർക്ക് മാത്രം അധികം തുക നൽകിയാൽ മതിയെന്ന നിബന്ധനയാണ് സൗദി സർക്കാർ മാറ്റിയത്. ഇതോടെ ഈ വർഷം ഹജിന് പോകുന്നവരിൽ ഭൂരിഭാഗം പേർക്കും നിശ്ചിത തുകയോടൊപ്പം 35,202 രൂപ അധികം നൽകേണ്ടിവരും. ഇവരുടെ ലിസ്റ്റ് കേന്ദ്ര ഹജ് കമ്മിറ്റി പ്രസിദ്ധീകരിക്കും. ഇവർ ഇതിന് ശേഷം നിശ്ചിത തുക അടയ്‌ക്കേണ്ടിവരും.
സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോകുന്നവർക്കുളള രണ്ടാം ഗഡു പണം നിശ്ചയിച്ചതിന് ശേഷമാണ് സൗദിയുടെ പുതിയ സർക്കുലർ കേന്ദ്ര ഹജ് കമ്മറ്റിക്ക് ലഭിച്ചത്. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഗ്രീൻ വിഭാഗക്കാർക്ക് 2,56,350 രൂപയും അസീസിയ വിഭാഗക്കാർക്ക് 2,22,200 രൂപയുമാണ് മൊത്തം ചെലവ് വരിക. ഇതിന് പുറമേയാണ് നേരത്തെ ഉംറ, ഹജ് നിർവ്വഹിച്ചവർ രണ്ടായിരം റിയാൽ അധികം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഹജ് തീർത്ഥാടകരിൽ ഉംറ നിർവ്വഹിക്കാത്തവർ കുറവായതിനാൽ ഭൂരിഭാഗം പേർക്കും നിലവിലെ നിരക്കിനൊപ്പം അധികം തുക നൽകേണ്ടിവരും.
നിലവിൽ കഴിഞ്ഞ വർഷത്തേക്കാൾ ഹജിന് ഇത്തവണ 21,000 രൂപ അധികം ചെലവ് വരുന്നുണ്ട്. ഹജ് സബ്‌സിഡി ഒഴിവാക്കിയതും, എയർപോർട്ട് ടാക്‌സ് നിരക്ക് വർധിപ്പിച്ചതടക്കം ഇതിന് കാരണമായിട്ടുണ്ട്.
ഹജ് അപേക്ഷ സ്വീകരണ സമയത്ത് പുറത്തിറക്കിയ ഹജ് ഗൈഡ്‌ലൈൻസിൽ തുടർച്ചയായ മൂന്ന് വർഷത്തിനിടെ ഹജ്, ഉംറ നിർവ്വഹിച്ചവർ 2000 സൗദി റിയാൽ അധികം തുക നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ പുതിയ നിബന്ധന രണ്ടാം ഗഡു പണം നിശ്ചയിച്ചതിന് പിറകെയാണ് കേന്ദ്ര ഹജ് കമ്മിറ്റി സംസ്ഥാന ഹജ് കമ്മിറ്റികൾക്ക് കൈമാറിയത്. നിരക്ക് കൂടുന്നതോടെ തീർത്ഥാടകരിൽ യാത്ര റദ്ദാക്കുന്നവരുടെ എണ്ണവും വർധിക്കാനിടയുണ്ട്.






