കുവൈത്ത് സിറ്റി - ഡ്യൂട്ടിക്ക് ഹാജരാകാതെ കൈപ്പറ്റിയ വേതനം നൂറോളം സര്‍ക്കാര്‍ ജീവനക്കാര്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുഖേന സര്‍ക്കാര്‍ ഖജനാവില്‍ തിരിച്ചടച്ചു.
മറ്റു ജീവനക്കാര്‍ക്കു പകരം ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്ലാസ്റ്റിക് വിരലടയാളങ്ങള്‍ ഉപയോഗിച്ച് വിരലടയാള പഞ്ചിംഗ് നടത്തി മറ്റു ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരായതായി വ്യാജ രേഖയുണ്ടാക്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ ആരംഭിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ അനര്‍ഹമായി കൈപ്പറ്റിയ വേതനം സര്‍ക്കാര്‍ ഖജനാവില്‍ തിരിച്ചടച്ചത്. അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയതോടെയാണ് കോടതിയില്‍ നിന്നുള്ള ശിക്ഷകള്‍ ലഘൂകരിക്കപ്പെട്ടേക്കാമെന്ന പ്രത്യാശയോടെ ഉദ്യോഗസ്ഥര്‍ കുറ്റസമ്മതം നടത്തി വേതനം തിരിച്ചടച്ചത്.
ജോലി ചെയ്യാതെ വേതനം കൈപ്പറ്റി എന്ന ആരോപണത്തില്‍ ക്രിമിനല്‍ കോടതിയില്‍ പ്രതികളടെ വിചാരണ നടക്കുകയാണ്. അനര്‍ഹമായി കൈപ്പറ്റിയ വേതനം തങ്ങളുടെ കക്ഷികള്‍ തിരിച്ചടച്ചതിനാല്‍ ശിക്ഷ ലഘൂകരിക്കണമെന്ന് പ്രതിഭാഗത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെടും.