Sorry, you need to enable JavaScript to visit this website.

മറൈൻ വേൾഡിലേക്കൊരു മഴക്കാല യാത്ര

യാത്രാസംഘം 
ലേഖകൻ

 

നാട്ടിലേക്ക് പോകാൻ ലീവിന് അപേക്ഷിക്കുമ്പോഴേ തുടങ്ങും ഓരോ പ്രവാസിയും നാട്ടിലെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള പ്ലാനിംഗ്. എന്നാൽ കൊതിച്ചത് നടക്കില്ല വിധിച്ചതേ നടക്കൂ എന്ന അതിപുരാതന പഴമൊഴി ഇന്നും പുതുമയോടെ നിലനിൽക്കുന്നുണ്ട് എന്ന വാസ്തവം തിരിച്ചറിഞ്ഞവരായിരിക്കും ഒട്ടുമിക്ക പ്രവാസികളും. കാരണം ഗൾഫിൽ നിന്നും കണക്കുകൂട്ടിയതു പോലെയാവില്ല നാട്ടിലെത്തിയാൽ കാര്യങ്ങൾ.
കൊറോണക്ക് ശേഷം ലഭിച്ച അവധി ആഘോഷിച്ച് തിരിച്ചു വന്നിട്ട് അഞ്ച് മാസമായപ്പോഴേക്കും ബോണസ് പോലെ ലഭിച്ച ഒരു മാസത്തെ ലീവിനാണ് കഴിഞ്ഞ മാസം നാട്ടിലേക്ക് പോയത്. ജൂണിൽ തുടങ്ങിയ മഴ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. നാട്ടിലെത്തിയ അന്നു മുതൽ രാപ്പകലില്ലാതെ പത്തിരുപത് ദിവസം മഴ പെയ്തതുകൊണ്ട് പുറംലോകം കാണാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. പൊതുവെ നാട്ടിലെത്തിയാലും വീട്ടിലിരിക്കാത്ത എന്നെ ഇരുപത് ദിവസം അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു വീട്ടുകാർ. 


വർഷത്തിലൊരിക്കലെങ്കിലും കുടുംബത്തോടൊപ്പം എവിടേക്കെങ്കിലും യാത്ര പോകണമെന്നും അത് കുടുംബ ബന്ധം ദൃഢമാക്കാൻ വളരെയേറെ ഉപകരിക്കുമെന്നുള്ള മോട്ടിവേഷൻ സ്പീക്കർമാരുടെ ഉപദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്നവരാണ് പ്രവാസികൾ എന്ന് തോന്നാറുണ്ട്. നാട്ടിലുള്ളവർക്ക് ഉപദേശം കേൾക്കാനേ പറ്റൂ, പ്രാവർത്തികമാക്കാൻ അവർക്ക് പ്രവാസികളെപ്പോലെ ലീവ് കിട്ടാത്തതുകൊണ്ടാവും കഴിയാത്തത്.
തിരിച്ചുപോകാൻ ഇനി കുറഞ്ഞ ദിവസങ്ങളേ ഉള്ളൂ എന്നത് കൊണ്ട് ഞാനും ഒരു ദിവസം കൊണ്ട് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ച് ആലോചിച്ചു. മലമ്പുഴയും ഊട്ടിയുമെല്ലാം കണ്ട് കണ്ട് കാണാപ്പാഠമായ സ്ഥലങ്ങളാണ്. എറണാകുളവും ആലപ്പുഴയുമെല്ലാം ഒരു ദിവസത്തിൽ ഒതുങ്ങുകയുമില്ല. അങ്ങനെയാണ് ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത മറൈൻ വേൾഡ് അക്വാറിയം കാണാൻ പോകാൻ തീരുമാനിച്ചത്. 
ഞാനും കുടുംബവും അളിയനും കുടുംബവും ഒന്നിച്ചായിരുന്നു യാത്ര. രാവിലെ എട്ടരയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ 11 മണി ആയപ്പോഴേക്കും മറൈൻ വേൾഡിലെത്തി. ഏകദേശം നൂറു കിലോമീറ്ററോളം ദൂരമുണ്ട്. വണ്ടൂരിൽ നിന്നും പെരിന്തൽമണ്ണ വളാഞ്ചേരി കുറ്റിപ്പുറം പൊന്നാനി വഴിയായിരുന്നു യാത്ര. ചാവക്കാട് ടൗണിൽ എത്തുന്നതിന് മുമ്പ് എടക്കഴിയൂരിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം സഞ്ചരിച്ചാൽ മറൈൻ വേൾഡിലെത്താം. പഞ്ചവടി ബീച്ചിനോട് ചേർന്നാണ് മറൈൻ വേൾഡ് സ്ഥിതി ചെയ്യുന്നത്. വാഹന പാർക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. പാർക്കിംഗ് ഫീസായി നൂറു രൂപ വാങ്ങുന്നുണ്ടെങ്കിലും മറൈൻ വേൾഡിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കുമ്പോൾ പാർക്കിംഗ് ഫീസ് അടച്ചതിന്റെ രസീറ്റ് കാണിച്ചാൽ അവിടെ നിന്നും ആ നൂറു രൂപ കിഴിച്ചുള്ള തുകയാണ് വാങ്ങുക. 


പ്രകൃതിയോട് ഏറെ ഇണങ്ങി നിൽക്കുന്ന സ്ഥലത്താണ് മറൈൻ വേൾഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോഴേ നല്ലൊരു ഫീലാണ് അനുഭവപ്പെടുക. 
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ പതിനൊന്നര മുതൽ വൈകുന്നേരം ആറര വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം ഏഴ് വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 350 രൂപയും കുട്ടികൾക്ക് 250 രൂപയും പ്രായമായവർക്ക് 200 രൂപയുമാണ് ഇപ്പോൾ ടിക്കറ്റിന് ഈടാക്കുന്നത്. ഇത് ഡിസ്‌കൗണ്ട് റേറ്റ് ആണ്. 
വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് തന്നെ അക്വാറിയത്തിന്റെ കവാടം കാണാം. പലവിധ മത്സ്യങ്ങളും മത്സ്യകന്യകയുമെല്ലാം സ്വാഗതമോതി നിൽക്കുന്ന കവാടം പക്ഷേ അടച്ചിട്ടിരിക്കുകയാണ്. അതിലൂടെയല്ല ഇപ്പോൾ പ്രവേശനം. ആ കവാടത്തിന്റെ ഇടതുവശത്തായി ഒരു ചെറിയ വഴിയുണ്ട്. അതിലൂടെ അൽപം നടന്നാൽ അകത്തേക്ക് പ്രവേശിക്കാനുള്ള അതിമനോഹരമായ കവാടം ഒരുക്കിയിട്ടുണ്ട്. അക്വാറിയത്തിൽ പാലിക്കേണ്ട നിയമങ്ങൾ അവിടെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. കൊറോണയെന്ന ഭീകരൻ ഇപ്പോഴും പൂർണമായും പിൻവാങ്ങാത്തതുകൊണ്ട് സാനിറ്റൈസേഷൻ നിർബന്ധമാണ്. ഗ്രൂപ്പിലുള്ള ആരുടെയെങ്കിലും പേരും വിലാസവും നൽകി വേണം അകത്ത് പ്രവേശിക്കാൻ. 


അക്വാറിയത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യമുണ്ട്. അതുപോലെ തന്നെ അക്വാറിയത്തിന് പുറത്താണ് കിളികൾക്ക് തീറ്റ കൊടുക്കാനുള്ള സ്ഥലം. അത് പ്രത്യേകമായി വേർതിരിച്ചിട്ടുണ്ട്. അതിനുള്ളിലേക്ക് പ്രവേശിക്കാൻ 40 രൂപയാണ് ചാർജ്.
പതിനൊന്നര ആയപ്പോഴേക്കും ഏറെക്കുറെ സന്ദർശകരൊക്കെ എത്തിത്തുടങ്ങിയിരുന്നു. അക്വാറിയത്തിന് പുറത്ത് തന്നെ കുട്ടികളുടെ ഉല്ലാസത്തിനായി പ്രത്യേക സ്ഥലമുണ്ട്. അവിടേക്കും ടിക്കറ്റെടുത്താലേ പ്രവേശിക്കാൻ പറ്റൂ. ഞങ്ങൾ എത്തിയ ദിവസം മഴയായതുകൊണ്ട് അത് അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിച്ചതിനു ശേഷമാണ് ഞങ്ങൾ അക്വാറിയത്തിലേക്ക് പ്രവേശിച്ചത്. 
ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം ആണിത്. സിസോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനിക് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇതിന്റെ നടത്തിപ്പുകാർ. അതിമനോഹരമായും പല തട്ടുകളായും ആണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. 


ലൈറ്റണച്ച ഒരു തിയേറ്ററിനുള്ളിലേക്ക് പ്രവേശിച്ച ഫീലാണ് ആദ്യം അനുഭവപ്പെടുക. അക്വാറിയത്തിനുള്ളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള റെക്കോർഡിംഗ് ശബ്ദം സ്പീക്കറിലൂടെ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിൽ പ്രധാനമായും പറയുന്നത് ഫോട്ടോ എടുക്കുമ്പോൾ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിക്കരുത് എന്നാണ്. പിന്നെ സംശയ ദൂരീകരണത്തിന് എല്ലാ ഏരിയയിലും സ്റ്റാഫ് ഉണ്ട്. 
ആദ്യമായി ഫിഷ് തെറാപ്പി ഏരിയയാണ്. ചെരിപ്പും ഷൂസുമെല്ലാം അഴിച്ചുവെച്ച് വേണം വെള്ളത്തിലേക്ക് കാല് ഇറക്കി വെക്കാൻ. എത്ര നേരം വേണമെങ്കിലും അവിടെയിരിക്കാം. കാൽ വെള്ളത്തിൽ വെക്കേണ്ട താമസം ചെറിയ മീനുകൾ കൂട്ടമായി വന്ന് നമ്മുടെ കാലുകൾ പൊതിയും. മീനുകൾ എന്താണ് ചെയ്യുന്നത് എന്ന് നമുക്കറിയില്ല. പക്ഷേ അവരുടെ ആ സ്‌നേഹപ്രകടനം നമ്മുടെ തലച്ചോറിലേക്കാണ് എത്തുന്നത്. രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ല മാർഗമാണ് ഈ ഫിഷ് തെറാപ്പി എന്നാണ് അവിടത്തെ സ്റ്റാഫ് പറഞ്ഞത്. ദിവസവും അര മണിക്കൂർ ഈ തെറാപ്പി ചെയ്യുന്നത് നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു. അവിടെ തന്നെ സ്‌നാക്‌സും ഡ്രിംഗ്‌സുമൊക്കെ കിട്ടുന്ന ഒരു ഷോപ്പുണ്ട്. അവിടെയിരുന്ന് വേണമെങ്കിൽ വാങ്ങിക്കഴിക്കാം. അത് കഴിഞ്ഞ് രണ്ടാം ഭാഗത്തേക്ക് പിന്നെ ഭക്ഷണമൊന്നും കൊണ്ടുപോകാൻ അനുവദിക്കില്ല. 
ആദ്യ കാഴ്ച ചെറിയ മീനുകളുടേതാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള ചെറിയ ചെറിയ മീനുകളെ പ്രത്യേകം പ്രത്യേകം ഗ്ലാസ് കൂടുകളിൽ പാർപ്പിച്ചിരിക്കുകയാണ്. 
വല്ലിമ്മാ ... വന്നോക്കാണീ ... എന്തോര് രസമുള്ള മീനുകള്. 


അക്വാറിയം കാണാൻ വന്ന ഒരു കുട്ടി വല്ലിമ്മയുടെ കൈ പിടിച്ച് കൗതുകത്തോടെ പറഞ്ഞപ്പോൾ...
ഇത് കാണാനാണോ ഇത്രേം ദൂരം കാറിലിരുന്ന് ഇങ്ങോട്ട് വന്നത്? ഇതിലും വലുതും ചെറുതുമെല്ലാം നമ്മുടെ കണ്ണംകുളത്തിൽ തന്നെ ഉണ്ടായിരുന്നല്ലോ എന്ന വല്ലിമ്മയുടെ മറുപടി അവിടെ ഉണ്ടായിരുന്നവരിൽ ചിരി പടർത്തി. 
എന്നാൽ ആ വല്ലിമ്മയുടെയും ഞങ്ങളുടെയും കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു പിന്നീടുള്ള കാഴ്ചകൾ. രണ്ടാം ഭാഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഒരു തടാകം ആണുള്ളത്. അതിലൂടെ മീനുകൾ ഒഴുകി നടക്കുന്നുണ്ട്. അതിനപ്പുറം അവിടെ നമ്മുടെ ഒറ്റക്കും ഗ്രൂപ്പായും ഉള്ള ഫോട്ടോസ് എടുക്കാൻ ഫോട്ടോഗ്രഫർമാർ ഉണ്ട്. അവർ നമ്മുടെ നല്ല ഫോട്ടോസ് എടുക്കും. അതിന്റെ കോപ്പി വേണമെങ്കിൽ, കാഴ്ചകൾ കണ്ട് പുറത്തിറങ്ങിയാൽ അവരുടെ കൗണ്ടറിൽ ചെന്ന് കോപ്പി ഒന്നിന് 150 രൂപ കൊടുത്ത് വാങ്ങാവുന്നതാണ്.
ഫോട്ടോ സെഷൻ കഴിഞ്ഞാൽ ഒരു ചെരിവിലൂടെ കയറി നല്ല കുളിർമയുള്ള മഴക്കാടിനുള്ളിലേക്കാണ് പ്രവേശിക്കുക. രാത്രി കാടിനുള്ളിൽ ഒറ്റക്ക് നിൽക്കുന്ന ഫീൽ അനുഭവപ്പെടും. ഡിനോസറിന്റെ ഫോസിലുകൾ കൃത്രിമമായി ഉണ്ടാക്കി ചുമരിൽ പതിച്ചത് അവിടെ കാണാം. ഈ മഴക്കാടിന് താഴെയായി ഒരു തടാകമുണ്ട്. അതിലാണ് അഞ്ചടിയിലേറെ നീളമുള്ള അരാപൈമ എന്ന ഭീകര മീൻ ഉള്ളത്. അദ്ഭുതമുളവാക്കുന്ന കാഴ്ച തന്നെയാണത്. 


മഴക്കാടിനുള്ളിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നെ വിവിധ തരം മത്സ്യങ്ങളുടെ അതിമനോഹര കാഴ്ചയാണ്. പരലും മത്തിയും മുതൽ സ്രാവ് വരെയുള്ള, ജീവിതത്തിൽ കണ്ടതും കാണാത്തതുമായ ഒട്ടേറെ മത്സ്യങ്ങൾ. കല്ലുപോലെയുള്ളത്, ഓന്തിന്റെയും പല്ലിയുടെയും രൂപത്തിലുള്ളത്. സങ്കട മുഖമുള്ളത്, പുഞ്ചിരി തൂകുന്നത്. അങ്ങനെയങ്ങനെ കണ്ണിന് കുളിർമയേകുന്ന ഒട്ടേറെ കാഴ്ചകൾ. പ്രത്യേകം സജ്ജമാക്കിയ വെള്ളത്തിലൂടെ നീന്തിക്കറങ്ങുന്ന സ്രാവിനെ നമ്മൾ കുറെ നേരം കൗതുകത്തോടെ നോക്കിയിരിക്കും. 
ആദിവാസി സംസ്‌കാരം വിളിച്ചോതുന്നിടത്തേക്കാണ് പിന്നീട് നമ്മൾ നടന്നു നീങ്ങുന്നത്. അവിടെ ഫല വൃക്ഷലതാധികൾക്കൊപ്പം വേട്ടയാടുന്ന ആദിമ മനുഷ്യരുടെ രൂപം കൊത്തിവെച്ചിട്ടുണ്ട് . പാമ്പിന്റെയും തവളയുടെയും രൂപവും കൗതുകമുണർത്തുന്നതാണ്. തൊട്ടടുത്തായി തിരണ്ടി മത്സ്യത്തിന് തീറ്റ കൊടുക്കുന്ന സ്ഥലമുണ്ട്. നല്ല വെളുത്ത പുള്ളികളുള്ള തിരണ്ടിയെ കാണാൻ തന്നെ നല്ല രസമാണ്. മുപ്പത് രൂപ കൊടുത്താൽ രണ്ട് ബത്തൽ പോലുള്ള ചെറിയ മീൻ തരും. അത് വിരലിനിടയിൽ വെച്ച് കൈ വെള്ളത്തിലേക്കിറക്കി വെച്ചാൽ തിരണ്ടികൾ കൂട്ടത്തോടെ വന്ന് അത് തിന്നുമ്പോൾ വല്ലാത്തൊരു സുഖമാണ് അനുഭവപ്പെടുക. അവിടുത്തെ കാഴ്ചകൾക്ക് ശേഷമാണ് മറൈൻ വേൾഡ് അക്വാറിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏരിയയിലേക്ക് നമ്മൾ എത്തുക. ഏതോ കടലിനടിയിൽ എത്തിപ്പെട്ടത് പോലൊരു തോന്നൽ. നമ്മുടെ ചുറ്റുപാടും വലിയ വലിയ മീനുകൾ ഓടിക്കളിക്കുന്ന അതി മനോഹര കാഴ്ച! എത്ര സമയം വേണമെങ്കിലും നമുക്കവിടെ ചെലവഴിക്കാം. 


പിന്നെയും കണ്ണിന് കൗതുകം നൽകുന്ന മീൻ കാഴ്ചകൾ തന്നെയാണ് മുന്നിൽ. ഒരിടത്ത് നിശ്ചലമായി നിൽക്കുന്നവ. മറ്റൊരിടത്ത് പെരുന്നാൾ നമസ്‌കാരത്തിന് പള്ളിയിൽ നിൽക്കുന്നവരെപ്പോലെ വിവിധ കളറിലുള്ളവ ഒരേ നിരയിൽ...
അങ്ങനെ കറുത്തത്, വെളുത്തത്, നീല മഞ്ഞ ചുവപ്പ് പച്ച, ലോകത്ത് ഏതൊക്കെ കളറുകളുണ്ടോ ആ കളറിലെല്ലാം ദൈവം മീനുകളെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് തോന്നിപ്പോകും അക്വാറിയത്തിലെ കാഴ്ചകൾ കണ്ട് പുറത്തിറങ്ങുമ്പോൾ. 
എത്ര സമയം വേണമെങ്കിലും അക്വാറിയത്തിനുള്ളിൽ ചെലവഴിക്കാമെങ്കിലും നാല് മണി ആയപ്പോഴേക്കും ഞങ്ങൾ പുറത്തിറങ്ങി. അതിനു ശേഷം മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന സ്ഥലത്തേക്കാണ് പോയത്. അതിന് പ്രത്യേകിച്ച് ഫീസൊന്നുമാവശ്യമില്ല. മത്സ്യത്തിന് കൊടുക്കേണ്ട തീറ്റ നമ്മുടെ കൈയിൽ തരും. അത് കൈയിൽ വെച്ച് വെള്ളത്തിലേക്ക് ഇറക്കിയാൽ വിവിധ വർണത്തിലുള്ള മീനുകൾ കൂട്ടത്തോടെ വരും. വല്ലാത്തൊരു ഫീലാണ് ആ സമയം അനുഭവപ്പെടുക. അത് കഴിഞ്ഞാണ് കിളിക്കൂടിനുള്ളിലേക്ക് പോയത്. അവിടെ നിന്നും ലഭിക്കുന്ന സൂര്യകാന്തി വിത്തുകൾ നമ്മുടെ കൈവെള്ളയിൽ വെച്ചാൽ കിളികൾ വന്ന് അതെല്ലാം തിന്നും, അവ പറന്നു വന്ന് നമ്മുടെ കൈയിലും തലയിലും തോളത്തുമെല്ലാം വന്നിരിക്കും. നമ്മോട് കുശലം പറയും. ചെവിയിൽ മന്ത്രിക്കും. ചുണ്ടിൽ മുത്തം തരും. നമുക്ക് ഏറെ സന്തോഷം തരുന്ന ഇടം കൂടിയാണത്.


പിന്നീട് അക്വാറിയത്തിൽ നിന്നും ഏകദേശം മുന്നൂറു മീറ്റർ ദൂരമുള്ള പഞ്ചവടി ബീച്ചിലേക്കാണ് പോയത്. അത്രയൊന്നും വൃത്തിയില്ലെങ്കിലും ഇഷ്ടം പോലെ തട്ടുകടകൾ ഉണ്ട് അവിടെ. രാത്രിയാണ് അവിടുത്തെ ആഘോഷം എന്ന് തോന്നുന്നു. കാരണം അഞ്ച് മണിയായിട്ടും കടകളൊന്നും തുറന്നിരുന്നില്ല. 
കുറച്ചു സമയം കാറ്റ് കൊണ്ട് മണൽപരപ്പിലൂടെ നടന്ന് തിരിച്ച് വണ്ടി പാർക്ക് ചെയ്തിടത്തേക്ക് നീങ്ങിയപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു. എല്ലാവരും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണിത്. വിദ്യാർത്ഥികൾക്ക് ഒരുപാട് പഠിക്കാൻ ഉപകരിക്കുന്ന രീതിയിലാണ് ഈ അക്വാറിയം സജ്ജീകരിച്ചിട്ടുള്ളത്. ഓരോ മീനിന്റെയും താഴെ അതിന്റെയെല്ലാം പേരും എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂൾ അധികൃതർ വാർഷിക വിനോദ യാത്രയിൽ ഇനി മുതൽ ഈ അക്വാറിയം കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ച, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മനസാ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുന്നുണ്ടവിടെ. ഇനിയും ലോകത്തെ ഏതൊക്കെ മത്സ്യങ്ങളെയാണ് അവർ നമുക്കായി കൊണ്ടുവരുന്നത് എന്നറിയില്ല. അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി ഇവിടം സന്ദർശിക്കണമെന്നും വൈകുന്നേരം വരെ അക്വാറിയത്തിനുള്ളിൽ കഴിച്ചുകൂട്ടണം എന്നുമുള്ള ആഗ്രഹമായിരുന്നു തിരിച്ചു വീട്ടിലെത്തിയപ്പോഴും എല്ലാവരുടെയും മനസ്സിൽ.

Latest News