ഗ്യാന്‍വാപി ഉത്തരവ് സ്വാഗതം ചെയ്ത് ബി.ജെ.പിയും ഹിന്ദത്വ ഗ്രൂപ്പുകളും, കോടതിക്കു പുറത്ത് വിജയാഘോഷം

വാരാണസി ജില്ലാ കോടതിക്കു പുറത്ത് മധുരം വിതരണം ചെയ്യുന്നു.

ലഖ്‌നൗ- ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ വാരാണസി ജില്ലാ കോടതിയുടെ വിധിയെ ഉത്തര്‍പ്രദേശിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ബി.ജെ.പി നേതാക്കള്‍ സ്വാഗതം ചെയ്തു. ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹങ്ങളില്‍  പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹരജി നിലനില്‍ക്കില്ലെന്ന് മസ്ജിദ് കമ്മിറ്റിയുടെ വാദം കോടതി തള്ളിയിരുന്നു. ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കാമെന്ന കോടതി വിധിക്ക്
ശേഷം സംസ്ഥാനത്തുടനീളം സന്തോഷം അലയടിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
സന്തോഷം പ്രകടിപ്പിച്ച് തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ ഉത്തരവിനെ എതിര്‍കക്ഷിക്ക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാമെന്നും പഥക് കൂട്ടിച്ചേര്‍ത്തു. അത് അവരുടെ അവകാശമാണ് പക്ഷേ ഞങ്ങള്‍ വിധിയെ മാനിക്കുകയും സംസ്ഥാനത്തെ ക്രമസമാധാന നില ശക്തിപ്പെടുത്തുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരും കോടതി വിധിയെ മാനിക്കണമെന്നും അത് പാലിക്കണമെന്നും സംസ്ഥാന മന്ത്രിസഭയിലെ ഏക മുസ്ലിം അംഗമായ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. ഒരു കോടതി എല്ലാ വശങ്ങളും ശ്രദ്ധിച്ച ശേഷമാണ്  നിഗമനത്തിലെത്തുന്നത്. നമ്മള്‍ അതിനെ ബഹുമാനിക്കണം- അന്‍സാരി പറഞ്ഞു.
മാ ശൃംഗര്‍ ഗൗരി മന്ദിര്‍ കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാവരും തീരുമാനത്തെ മാനിക്കണമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.
അതേസമയം, ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശ്യം തന്നെ  പരാജയപ്പെടുത്തുന്നതാണ് വാരാണസി കോടതിയുടെ ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു.  
ഉത്തരവ് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഫലമുണ്ടാക്കുമെന്നും ഇത്തരത്തിലുള്ള കൂടുതല്‍ കേസുകള്‍ കോടതികളില്‍ വരാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് വിഷയത്തിന്റെ അതേ പാതയിലൂടെയാണ് നമ്മള്‍ പോകുന്നത്. ബാബരി മസ്ജിദിനെക്കുറിച്ചുള്ള വിധി വന്നപ്പോള്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നതിനാല്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം പക്ഷത്തിന്റെ അഭിഭാഷക സംഘം  വിധി മുഴുവന്‍ വായിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) മുതിര്‍ന്ന അംഗം ഖാലിദ് റാഷിദ് ഫറംഗി മഹാലി പറഞ്ഞു. ബാബരി മസ്ജിദ് കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുമ്പോള്‍  ആരാധനാലയ നിയമത്തെ സുപ്രീം കോടതി  സുപ്രധാന ഭാഗമായാണ് വിശേഷിപ്പിച്ചത്. ഇതോടെ ക്ഷേത്ര-മസ്ജിദ് പ്രശ്‌നങ്ങള്‍ കോടതികളില്‍ വരുന്നത് അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.  സുപ്രീം കോടതി പറഞ്ഞ കാര്യങ്ങള്‍ മറ്റ് കോടതികള്‍ എങ്ങനെയാണ് അവഗണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

 

Latest News