മലയാളി ബാലിക സ്‌കൂള്‍ ബസില്‍ മരിച്ച സംഭവം, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം

ദോഹ- ഡ്രൈവര്‍ ഇറക്കാന്‍ മറന്നതിനെ തുടര്‍ന്ന് മലയാളി ബാലിക ബസില്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം തുടങ്ങി. സ്വകാര്യ കിന്റര്‍ഗാര്‍ഡന്‍  സ്‌കൂളിലുണ്ടായ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ അന്വേഷണം നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ (നാല്) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസ്സില്‍ ഉറങ്ങിപോകുകയായിരുന്നു. സ്‌കൂളിലെത്തി മറ്റു കുട്ടികളിറങ്ങിയ ശേഷം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതെ ഡ്രൈവര്‍ ബസ് പൂട്ടി പുറത്തുപോയി.  പതിനൊന്ന് മണിക്ക് ശേഷം കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്നതിനായി ബസ്സിലെത്തിയപ്പോഴാണ് കുട്ടിയെ ശ്രദ്ധിച്ചത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വകറ സ്പ്രിംഗ് ഫീല്‍ഡ്  കിന്റര്‍ഗാര്‍ഡനിലെ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി മിഖ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിനിയാണ്.

 

 

 

Latest News