സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്നോ ളം കാണാത്ത രീതിയിൽ ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പ്രവർത്തനത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഒരുപക്ഷേ ലോകം ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന പോരാട്ടമായി മാറാവുന്ന ഒന്ന്. മതേതരത്വമെന്നാൽ മതവിരുദ്ധമല്ല, മറിച്ച് എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ഇന്ത്യൻ മതേതരത്വം സംരക്ഷിക്കാനുള്ള അവസാന ശ്രമം. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് 3500 കിലോമീറ്റർ നടന്നു നീങ്ങുന്ന, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തീർച്ചയായും ജനാധിപത്യ, മതേതരവാദികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതോടൊപ്പം ഫാസിസ്റ്റ്, മതരാഷ്ട്ര വാദികൾക്ക് വെല്ലുവിളിയും. കോൺഗ്രസുകാരല്ലാത്ത മതേതര ജനാധിപത്യവാദികളും ഐക്യപ്പെടേണ്ട രാഷ്ട്രീയ പ്രാധാന്യം ഈ യാത്രക്കുണ്ട് എന്നതാണ് വസ്തുത.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന 2024 നു ശേഷവും ഇന്ത്യ നിലനിൽക്കണമോ, ഭരണഘടന നിലനിൽക്കണമോ എന്നതു തന്നെയാണ് പ്രസക്തമായ ചോദ്യം. 2025 ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് നൂറു വർഷം മുമ്പ് രൂപം കൊണ്ട ആർ.എസ്.എസ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓർക്കാവുന്നതാണ്. ആ ലക്ഷ്യം അവർ കൈവിട്ടിട്ടില്ല എന്നു തന്നെയാണ് സമീപകാല സംഭവങ്ങളെല്ലാം വെളിവാക്കുന്നത്. സാങ്കേതികമായി ജനാധിപത്യ സംവിധാനത്തിലൂടെ തന്നെയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നത് ശരി തന്നെ. എന്നാൽ സർക്കാരും പാർട്ടിയും നടപ്പാക്കുന്നതെല്ലാം ജനാധിപത്യ വിരുദ്ധവും മതേതരത്വത്തെ തകർക്കുന്നതുമായ നടപടികളാണ്. ഒന്നാം മോഡി സർക്കാരിൽ നിന്ന് രണ്ടാം മോഡി സർക്കാരിലെത്തിയപ്പോൾ ഭൂരിപക്ഷം വർധിച്ചതിന്റെ ബലത്തിൽ ഈ നടപടികളുടെ ശക്തി വർധിക്കുകയാണുണ്ടായത്. അധികാരത്തിൽ എത്തുന്നതിനുമുമ്പ് പള്ളി തകർക്കലും വംശഹത്യകളുമാണ് നടത്തിയിരുന്നതെങ്കിൽ അധികാരത്തിലെത്തിയപ്പോൾ ഭക്ഷണത്തിന്റെയും ശ്രീറാം വിളിയുടെയും പേരിലുള്ള കൊലകളും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ കൊന്നൊടുക്കലുമായി അതു വളർന്നു.
ബി.ജെ.പി വൻഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയെന്നതു ശരിയാണ്. ഒരു വശത്ത് പൗരത്വ നിയമവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും കർഷക നിയമവും തുടങ്ങിയുള്ള ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നടപടികൾ. മറുവശത്ത് ചരിത്രവും സിലബസും തിരുത്തലും സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയടക്കലും ഗാന്ധിക്കും നെഹ്റുവിനും അംബേദ്കറിനുമൊക്കെ പകരം പുതിയ ബിംബങ്ങളെ കൊണ്ടുവരലും, പ്രതിമകളിലൂടെയും തെരുവുകളുടെ പേരു മാറ്റലുകളിലൂടെയും ചരിത്രത്തിൽ ഇടപെടലും, എതിർക്കുന്നവരെ കള്ളക്കേസും ഭീകര നിയമങ്ങളും ചുമത്തി ജയിലിലടക്കലും, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സർക്കാരുകളെ തകർക്കലും കോടികളിറക്കി നേതാക്കളെ വിലക്കു വാങ്ങലും, കേന്ദ്ര ഏജൻസികളുപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടലുമായി അതു വളരുകയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന അവരുടെ മുദ്രാവാക്യത്തിന്റെ ആത്യന്തിക ലക്ഷ്യം പ്രതിപക്ഷമുക്ത ഭാരതമെന്നു തന്നെയാണ്. ജനാധിപത്യത്തെ തകർക്കുമെന്നു തന്നെയാണ്.
ആധുനിക ചിന്തയുടെയും ജനാധിപത്യ രാഷ്ട്രീയത്തിന്റെയും വക്താവായിരുന്ന നെഹ്റുവിനെ ചരിത്രത്തിൽ നിന്നു മായ്ച്ചുകളയാനും നെഹ്റു കുടുംബത്തെ തകർക്കാനുമുള്ള സംഘടിത നീക്കം രാജ്യത്തെ മനുസ്മൃതിയിലേക്കു തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. ഭരണഘടന മൂല്യങ്ങളെ തകർക്കലാണത്. നമ്മുടെ തനതായ ബഹുസ്വര സാമൂഹിക ഘടന തന്നെയാണ് ഇന്ന് ഏറെ അപകടത്തിലായിരിക്കുന്നത്. അതിനെല്ലാം ഉപയോഗിക്കുന്നതാകട്ടെ മുസ്ലിം വിരുദ്ധതയും.
ഇത്തരമൊരു സാഹചര്യത്തിലാണ് ഭാരത് ജോഡോ യാത്ര ഏറെ പ്രസക്തമാകുന്നത്. കൺമുന്നിലെത്തിയിരിക്കുന്ന ഫാസിസ്റ്റ് വെല്ലുവിളിക്കെതിരെ മുഴുവൻ പേരുടെയും മനസ്സാക്ഷിയെ ഇളക്കി ഉണർത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. സമീപ കാലത്തുണ്ടായത് പോലെ ഹീനമായ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. സമ്പദ്വ്യവസ്ഥ തകർച്ചയിൽ കിടക്കുമ്പോൾ പോലും ജനങ്ങളുടെ കാതലായ പ്രശ്നങ്ങളോട് ഇത്രയധികം നിസ്സംഗത പുലർത്തുകയും ചുരുക്കം ചില ചങ്ങാതിമാരായ മുതലാളിമാരെ മാത്രം പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഭരണം നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ഭൂരിഭാഗം കർഷകരും തൊഴിലാളികളും ദളിതുകളും ആദിവാസികളും അടങ്ങുന്ന യഥാർത്ഥ രാഷ്ട്ര നിർമാതാക്കളെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന കാര്യത്തിൽ നിന്ന് ഇത്രയും ശക്തമായ രീതിയിൽ ഒഴിവാക്കപ്പെടുന്ന ഒരു അവസ്ഥ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇതിനെല്ലാം അന്ത്യം കുറിക്കണമെന്ന സന്ദേശമാണ് യാത്ര മുന്നോട്ടു വെക്കുന്നത്. യാത്ര സംഘടിപ്പിക്കുന്നത് കോൺഗ്രസാണെങ്കിലും സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഒന്നിക്കാനും പങ്കുചേരാനുമവർ അഭ്യർത്ഥിച്ചിട്ടുണ്ട്. അവരതിനു തയയ്യാറാകുമെന്നു തന്നെ കരുതാം. യാത്ര കടന്നുപോകുന്നയിടങ്ങളിലെല്ലാം ജനങ്ങളുമായി സംസാരിക്കാനും തീരുമാനമുണ്ട്. ജനങ്ങളോട് പറയുന്നതിനു പകരം അവരിൽ നിന്ന് കേൾക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്.
രാജ്യത്തെ ഒരു വിഭാഗം ജനകീയ പ്രസ്ഥാനങ്ങളും സാമൂഹ്യ പ്രവർത്തകരും യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനയിലെ പ്രസക്തഭാഗം ഇങ്ങനെയാണ്. 'ഏതു ഗവൺമെന്റിന്റെയും അന്യായമായ പ്രവൃത്തികൾക്കെതിരെ, അധികാരത്തിലിരിക്കുന്ന പാർട്ടി ഏതെന്ന് പരിഗണിക്കാതെ പ്രതിഷേധിക്കുകയും ചെറുക്കുകയും ചെയ്യുന്നതിന്റെ സ്ഥിരമായ റെക്കോർഡ് ജനകീയ പ്രസ്ഥാനങ്ങൾക്കുണ്ട്, അത് ഇനിയും തുടരുക തന്നെ ചെയ്യും. ഓർമിക്കുക, ഭാരത് ജോഡോ യാത്ര പോലെയുള്ള ഒരു സംരംഭത്തിന് ഒറ്റത്തവണ പിന്തുണ നൽകുമ്പോൾ, നമ്മൾ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായോ ഒരു നേതാവുമായോ നമ്മെത്തന്നെ ബന്ധിപ്പിക്കുന്നില്ല, മറിച്ച് പക്ഷപാതപരമായ പരിഗണനകൾ മാറ്റിവെച്ച് നമ്മുടെ ഭരണഘടന റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ അർത്ഥവത്തായതും ഫലപ്രദവുമായ ഏതൊരു സംരംഭത്തിനും ഒപ്പം നിൽക്കാനുള്ള നമ്മുടെ സന്നദ്ധത ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നിവ വഴികാട്ടികളായ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി നമുക്കെല്ലാവർക്കും ചേർന്ന് ഭാരത് ജോഡോ യാത്രയെ മാറ്റാം.'
രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ദിനങ്ങളാണ് മുന്നിലുള്ളത്. അധികം താമസിയാതെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു വരുന്നു. രണ്ട് വർഷത്തിനകം ലോക്സഭ തെരഞ്ഞെടുപ്പും വരുന്നു. ആശയ, പ്രചാരണ രംഗത്തെ സമരം തുടരുമ്പോഴും പ്രായോഗികമായി ഫാസിസത്തെ തടയാനാകുക തെരഞ്ഞെടുപ്പിലൂടെ തന്നെയാണ്. അതു തിരിച്ചറിഞ്ഞാണല്ലോ കോൺഗ്രസ് മുക്ത ഭാരമമെന്ന നിലപാട് ബി.ജെ.പിയും കൂട്ടരും മുന്നോട്ടു വെക്കുന്നത്. ആ വെല്ലുവിളിയെ നേരിടാൻ പാർട്ടിയെ ശക്തമാക്കാൻ ഈ യാത്രക്കാകുമോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്ത പോലെ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് ഇന്നു കടന്നുപോകുന്നത്. അതിനെ മറികടന്ന്, ശക്തമായ രാഷ്ട്രീയ നിലപാടോടെയും സംഘടന സംവിധാനത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് തിരിച്ചെടുക്കാൻ കോൺഗ്രസിനാകുന്നില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ഇരുണ്ടതായിരിക്കുമെന്നുറപ്പ്. അത്തരമൊരവസ്ഥയിലേക്ക് ഉയരാൻ പാർട്ടിക്കു കഴിഞ്ഞെങ്കിൽ മാത്രമേ, മറ്റു പ്രതിപക്ഷ, പ്രാദേശിക പാർട്ടികളെ ഏകോപിപ്പിച്ച് ശക്തമായ വെല്ലുവിളിയുയർത്താനാകൂ. ഇപ്പോഴും രാജ്യത്ത് നാൽപതു ശതമാനത്തിനു താഴെ വോട്ടേ ബി.ജെ.പിക്കുള്ളു എന്നു മറക്കരുത്. അപ്പോഴും ഏതാണ്ടെല്ലാം പ്രാദേശിക പാർട്ടികളും പലപ്പോഴായി ബി.ജെപിയുമായി ഐക്യപ്പെട്ടവരാണെന്നും ഓർക്കണം. ഏതെങ്കിലും ഒരു പ്രാദേശിക പാർട്ടിയുടെയോ നേതാവിന്റെയോ നേതൃത്വത്തിൽ രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളി നേടാനാകുമെന്നു കരുതുക വയ്യ. ഈ അവസ്ഥയിൽ പോലും അതിനുള്ള സാധ്യതയുള്ളത് കോൺഗ്രസ് നേതൃത്വത്തിനു മാത്രമാണ്. അതിനുള്ള കരുത്ത് അവർക്കുണ്ടാകാൻ രാജ്യം ഇന്നോളം കാണാത്ത ഈ ജനസമ്പർക്ക പരിപാടി സഹായിച്ചാൽ അതൊരു ചരിത്രമാകും. അടിയന്തരാവസ്ഥക്കു ശേഷം ഇതേ കോൺഗ്രസിനെതിരെ രചിക്കപ്പെട്ട ചരിത്രത്തേക്കാൾ വലിയ ചരിത്രം. അതിനാലാണ് ഈ യാത്ര കോൺഗ്രസുകാരല്ലാത്ത ജനാധിപത്യ, മതേതരവാദികൾക്കും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും പ്രധാനമാകുന്നത്.






