Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്രൂപ്പ് ഡി: വീണ്ടും ഒരേ ഗ്രൂപ്പിൽ

ഓസ്‌ട്രേലിയ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ 
കരീം ബെൻസീമ... കഴിഞ്ഞ ലോകകപ്പിൽ ബെൻസീമയെ പുറത്തു നിർത്തിയിരിക്കുകയായിരുന്നു.
യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യൻ എറിക്‌സൻ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണപ്പോൾ 
തുനീഷ്യ ടീം

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പാണ് ഡി. താരതമ്യേന വലിയ പ്രയാസമില്ലാതെ അവർക്ക് മുന്നേറാവുന്ന ഗ്രൂപ്പാണ് ഇത്. ഡെന്മാർക്കായിരിക്കും പ്രധാന വെല്ലുവിളി. 2002 ൽ നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ കളിച്ച ഫ്രാൻസിനെ ആദ്യ റൗണ്ടിൽ ഡെന്മാർക്ക് 2-0 ന് അട്ടിമറിച്ചിരുന്നു. ഇത്തവണയും നിലവിലെ ചാമ്പ്യന്മാരായാണ് ഫ്രാൻസ് അവരെ നേരിടുക. ഡെന്മാർക്കും തുനീഷ്യയും ഓസ്‌ട്രേലിയയും ആറാമത്തെ ലോകകപ്പാണ് ഖത്തറിൽ കളിക്കുക. ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ ടീമുകളിലൊന്നിനേ രണ്ടാം റൗണ്ടിലെത്താനാവൂ. ആറിന്റെ ഭാഗ്യം ആരെയാണ് തുണക്കുക? കൗതുകമെന്തെന്നാൽ കഴിഞ്ഞ ലോകകപ്പിൽ ഓസ്‌ട്രേലിയയും ഡെന്മാർക്കും ഫ്രാൻസും ഒരു ഗ്രൂപ്പിലായിരുന്നു -ഗ്രൂപ്പ് സിയിൽ. ഒപ്പം പെറുവായിരുന്നു. ഇത്തവണ പെറുവിന് പകരം തുനീഷ്യയാണ്. കഴിഞ്ഞ തവണ ഫ്രാൻസും ഡെന്മാർക്കുമാണ് പ്രി ക്വാർട്ടറിലെത്തിയത്. ഓസ്‌ട്രേലിയ അവസാനമായി. ഇത്തവണയും ഫ്രാൻസും ഡെന്മാർക്കും മുന്നേറാനാണ് സാധ്യത. 


ദുരന്തത്തിന്റെ ഓർമകൾ

ടീം: ഫ്രാൻസ് 
ഫിഫ റാങ്കിംഗ്: 4
ലോകകപ്പിൽ: പതിനാറാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (1998, 2018)
മികച്ച കളിക്കാരൻ: കീലിയൻ എംബാപ്പെ
കോച്ച്: ദിദിയർ ദെഷോം
സാധ്യത: സെമി ഫൈനൽ

ഫ്രാൻസ് ആദ്യം ലോക ചാമ്പ്യന്മാരായത് 1998 ലാണ്. അടുത്ത ലോകകപ്പിൽ ചാമ്പ്യന്മാരുടെ തലയെടുപ്പോടെ ഇറങ്ങിയ ഫ്രഞ്ച് പടയെ കന്നിക്കാരായ സെനഗൽ അട്ടിമറിച്ചു. ഡെന്മാർക്കിനോടും അവർ തോറ്റു. ഒരു ഗോൾ പോലുമടിക്കാനാവാതെ ഒരു പോയന്റുമായി അവർ തലതാഴ്ത്തി മടങ്ങി. ഇത്തവണ ആ ചതിക്കുഴിയിൽ വീഴാതിരിക്കാൻ കോച്ച് ദീദിയർ ദെഷോം എല്ലാ മുൻകരുതലുമെടുക്കും. 
ഡെന്മാർക്കായാരിക്കും ഗ്രൂപ്പിൽ ഫ്രാൻസിന് പ്രധാന വെല്ലുവിളി. ഡെന്മാർക്കിനെ മൂന്നു തവണ ലോകകപ്പിൽ നേരിട്ടിട്ടുണ്ട് ഫ്രാൻസ്. മൂന്നും ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. 1998 ൽ കിരീടത്തിലേക്കുള്ള വഴിയിൽ ഡെന്മാർക്കിനെ 2-1 ന് ഫ്രാൻസ് തോൽപിച്ചു. എന്നാൽ 2002 ലെ ലോകകപ്പിൽ ഡെന്മാർക്ക് തിരിച്ചടിച്ചു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ്-ഡെന്മാർക്ക് മത്സരം ഗോൾരഹിത സമനിലയായി. 
ഫ്രാൻസിനെ പോലെ പ്രതിഭാസമ്പന്നമായ ടീം ബ്രസീലിനു പോലും ഇപ്പോൾ ഇല്ല. എന്നാൽ കോച്ച് ദീദിയർ ദെഷോമിന്റെ ശൈലി വരണ്ടതാണ്. പലപ്പോഴും ദെഷോമിന്റെ അതിജാഗ്രത കഴിവ് പ്രദർശിപ്പിക്കുന്നതിൽ നിന്ന് കളിക്കാരെ തടയുന്നു. ടീമിന് തന്നെ തിരിച്ചടിയാവുന്നു. കഴിഞ്ഞ യൂറോ കപ്പിൽ പ്രി ക്വാർട്ടറിൽ ഫ്രാൻസിനെ സ്വിറ്റ്‌സർലന്റ് ഷൂട്ടൗട്ടിൽ അട്ടിമറിക്കുകയായിരുന്നു. നന്നായി പ്രതിരോധിക്കുന്ന ടീമുകളെ തോൽപിക്കാൻ ഫ്രാൻസ് പ്രയാസപ്പെടാറുണ്ട്. 
ലോകകപ്പിൽ ആദ്യ രണ്ട് റൗണ്ടുകൾ പിന്നിടുകയാണെങ്കിൽ ഫ്രാൻസിനെ മിക്കവാറും കാത്തുനിൽക്കുന്നത് ഇംഗ്ലണ്ടായിരിക്കും. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളും യൂറോ കപ്പിലെ ഫൈനലിസ്റ്റുകളുമാണ് ഇംഗ്ലണ്ട്. 
കഴിഞ്ഞ ലോകകപ്പ് നേടിയ ടീം ഏതാണ്ട് ഭദ്രമായി ഇപ്പോഴുമുണ്ട്. കഴിഞ്ഞ ലോകകപ്പ് കാലത്ത് ടീമിൽ പ്രവേശനം നിഷേധിക്കപ്പെട്ട കരീം ബെൻസീമയും ഇപ്പോഴുണ്ട്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിന്റെ ആക്രമണച്ചുമതല ബെൻസീമക്കും കീലിയൻ എംബാപ്പെക്കുമായിരിക്കും. ഇരുവരും ഉജ്വല ഫോമിലാണ്. ആന്റോയ്ൻ ഗ്രീസ്മാൻ നീണ്ട വരൾച്ചക്കു ശേഷം ഗോളടിച്ചു തുടങ്ങിയിട്ടുണ്ട്. പോൾ പോഗ്ബയുടെ ഫിറ്റ്‌നസും ഫോമുമാണ് പ്രശ്‌നം. ഒറേലിൻ ചൂമേനി ആ സ്ഥാനം സ്വന്തമാക്കാൻ സാധ്യതയുണ്ട്. 

 

രണ്ടാം റൗണ്ട് കടക്കുമോ?

ടീം: ഡെന്മാർക്ക്
ഫിഫ റാങ്കിംഗ്: 10
ലോകകപ്പിൽ: ആറാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ (1998)
മികച്ച കളിക്കാരൻ: ക്രിസ്റ്റ്യൻ എറിക്‌സൻ
കോച്ച്: കാസ്പർ ഹ്യുൽമണ്ട്
സാധ്യത: രണ്ടാം റൗണ്ട്

ഖത്തർ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നാണ് ഡെന്മാർക്ക്. യോഗ്യത റൗണ്ടിലെ 10 കളികളിൽ ഒമ്പതും അവർ ജയിച്ചു. അവരുടെ ടീം സ്പിരിറ്റ് ഫിഫ അംഗീകാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം യൂറോ കപ്പിൽ ക്രിസ്റ്റ്യൻ എറിക്‌സൻ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞു വീണപ്പോൾ സ്വകാര്യത സംരക്ഷിക്കാൻ കളിക്കാർ ചുറ്റും കൂടി നിന്നു. ആ സംഭവം ടീമിന് വലിയ പിന്തുണ നേടിക്കൊടുത്തു. ഡെന്മാർക്ക് ടീമിനൊപ്പം സഞ്ചരിക്കുന്ന റോളിഗാൻസ് എന്നറിയപ്പെടുന്ന ആരാധകക്കൂട്ടവും പ്രശസ്തമാണ്. 
കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ്-ഡെന്മാർക്ക് മത്സരം ഗോൾരഹിത സമനിലയായിരുന്നു. ഈയിടെ യൂറോപ്യൻ നാഷൻസ് കപ്പിലും ഫ്രാൻസിനെ ഡെന്മാർക്ക് തോൽപിച്ചു. 
ഡെ്ന്മാർക്കിന്റെ മികച്ച ലോകകപ്പ് പ്രകടനം 1998 ലാണ്. അന്ന് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ വിറപ്പിച്ച വിട്ട ശേഷം 2-3 ന് കീഴടങ്ങി. 1986 ലും 2002  ലും 2018 ലും അവർ പ്രി ക്വാർട്ടറിലെത്തി. കഴിഞ്ഞ യൂറോ കപ്പിൽ എറിക്‌സൻ കുഴഞ്ഞുവീണ ആദ്യ മത്സരത്തിൽ അവർ ഫിൻലന്റിനോട് തോറ്റു. എന്നാൽ ആ തിരിച്ചടി ആവേശമാക്കിയെടുക്കുകയും സെമി ഫൈനൽ വരെ മുന്നേറുകയും ചെയ്തു. എക്‌സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിനോടാണ് തോറ്റത്. 
ഇത്തവണ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഡെന്മാർക്കിന് വലിയ ബുദ്ധിമുട്ടാവില്ല. എന്നാൽ രണ്ടാം റൗണ്ടിൽ മിക്കവാറും അർജന്റീനക്കു മുന്നിലാണ് ചെന്നുപെടുക. എറിക്‌സനും ദോൾബർഗും ദംസ്ഗാഡും കാസ്പർ ഷ്‌മൈക്കലുമൊക്കെയുൾപ്പെടുന്ന നിര അർജന്റീനക്ക് കനത്ത വെല്ലുവിളി സമ്മാനിക്കും. 3-4-3 ശൈലിയിൽ കളിക്കുന്ന ഡെന്മാർക്കിന് അതിവേഗം 4-3-3, 4-2-3-1 എന്നീ ശൈലികളിലേക്ക് മാറാനാവും. 
ഡെന്മാർക്ക് ടീമിലധികവും മുൻനിര ക്ലബ്ബുകളിൽ കളിക്കുന്നവരാണ്. ശക്തമായ ലീഗുകളിൽ കളിക്കുന്നതിന്റെ ഗുണം ദേശീയ ടീമിലേക്ക് കൊണ്ടുവരാൻ അവർക്കു സാധിക്കുന്നു. 

 

ആഫ്രിക്കയുടെ പതാകവാഹകർ


ടീം: തുനീഷ്യ
ഫിഫ റാങ്കിംഗ്: 30
ലോകകപ്പിൽ: ആറാം തവണ
മികച്ച പ്രകടനം: ആദ്യ റൗണ്ട്
മികച്ച കളിക്കാരൻ: യൂസുഫ് മസ്‌കനി
കോച്ച്: ജലീൽ ഖദരി
സാധ്യത: ആദ്യ റൗണ്ട്

ലോകകപ്പിൽ ജയം നേടിയ ആദ്യ ആഫ്രിക്കൻ ടീമായിരുന്നു തുനീഷ്യ. 1978 ലെ അരങ്ങേറ്റത്തിൽ അവർ മെക്‌സിക്കോയെ തോൽപിച്ചു. എന്നാൽ ഒരിക്കലും ഗ്രൂപ്പ് ഘട്ടം കടക്കാൻ തുനീഷ്യക്ക് സാധിച്ചിട്ടില്ല. ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പിൽ തുനീഷ്യയായിരുന്നു റണ്ണേഴ്‌സ്അപ്. എന്നാൽ കഴിഞ്ഞ ആഫ്രിക്കൻ നാഷൻസ് കപ്പിൽ തുനീഷ്യ നിരാശപ്പെടുത്തി. ക്വാർട്ടറിൽ ബുർക്കിനാഫാസോയോട് തോറ്റു. തുടർന്ന് കോച്ച് മൊന്ദർ കബായറെ മാറ്റി ജലീൽ ഖദരിയെ നിയമിച്ചു. തുനീഷ്യൻ ടീമിലെ നിരവധി കളിക്കാർ ഫ്രാൻസിൽ ക്ലബ്ബ് ഫുട്‌ബോൾ കളിക്കുന്നവരാണ്. 
തുടർച്ചയായ രണ്ടാം തവണയാണ് തുനീഷ്യ ലോകകപ്പിൽ മുഖം കാണിക്കുന്നത്. ആഫ്രിക്കൻ പ്ലേഓഫിൽ അവർ മാലിയെ തോൽപിക്കുകയായിരുന്നു. ആഫ്രിക്കൻ പ്ലേഓഫുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പലരും സാധ്യത കണ്ടത് അൾജീരിയക്കും ഈജിപ്തിനുമായിരുന്നു. എന്നാൽ ഈ ടീമുകൾ പ്ലേഓഫിൽ തോറ്റു. മൊറോക്കോയും തുനീഷ്യയുമാണ് യോഗ്യത നേടിയത്. 
തുനീഷ്യൻ കളിക്കാർ അധികവും ഗൾഫ് ലീഗുകളിൽ കളിക്കുന്നവരാണ്. വഹബി കസരി ഫ്രഞ്ച് ലീഗിൽ മോണ്ട്‌പെലിയറിന്റെ താരമാണ്. എലിസ് ഷഖീരി ജർമൻ ലീഗിലും ഡൈലാൻ മഹമൂദ് ബ്രോൺ ഇറ്റാലിയൻ ലീഗിലും ചെറുകിട ക്ലബ്ബുകൾക്ക് കളിക്കുന്നു. ക്യാപ്റ്റൻ യൂസഫ് മസ്‌കനിയും ഫർജാനി സാസിയും ഖത്തർ ലീഗിലാണ് കളിക്കുന്നത്. നഈം സലീതി സൗദിയിൽ അൽ ഇത്തിഫാഖിന്റെ കുപ്പായമിടുന്നു. 
നന്നായി പ്രതിരോധിക്കുന്ന ടീമാണ് തുനീഷ്യ. 2019 നു ശേഷം കളിച്ച 47 മത്സരങ്ങളിൽ ഇരുപത്തിരണ്ടിലും അവർ ഗോൾ വഴങ്ങിയില്ല. അതിൽ തന്നെ 18 തവണയും ഒരു ഗോളേ വഴങ്ങിയുള്ളൂ. ഒരിക്കലും രണ്ട് ഗോളിൽ കൂടുതലിന് തോറ്റില്ല. 


പ്ലേഓഫുകളിലൂടെ

ടീം: ഓസ്‌ട്രേലിയ
ഫിഫ റാങ്കിംഗ്: 39
ലോകകപ്പിൽ: ആറാം തവണ
മികച്ച പ്രകടനം: പ്രി ക്വാർട്ടർ (2006)
മികച്ച കളിക്കാരൻ: മാത്യു റയാൻ
കോച്ച്: ഗ്രഹാം ആർണൾഡ്
സാധ്യത: ആദ്യ റൗണ്ട്

ഓസ്‌ട്രേലിയ അജയ്യമായ കുതിപ്പോടെയാണ് ഈ ലോകകപ്പിന്റെ യോഗ്യത റൗണ്ട് തുടങ്ങിയത്. കോവിഡ് കാരണം സ്വന്തം രാജ്യത്ത് കളിക്കാൻ കഴിയാതിരുന്നിട്ടു കൂടിയാണ് ഇത്. പിന്നീട് എല്ലാം പിഴച്ചു. ഒടുവിൽ ഏഷ്യയിലെ അവസാന യോഗ്യത റൗണ്ടിലെ ഗ്രൂപ്പിൽ സൗദി അറേബ്യക്കും ജപ്പാനും പിന്നിലായി. ഏഷ്യൻ പ്ലേഓഫിൽ യു.എ.ഇയെയും ഇന്റർകോണ്ടിനന്റൽ പ്ലേഓഫിൽ ഷൂട്ടൗട്ടിൽ പെറുവിനെയും തോൽപിച്ചാണ് ഒടുവിൽ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. 
സമീപകാല ഓസ്‌ട്രേലിയൻ ടീമുകളെ അപേക്ഷിച്ച് അറിയപ്പെടുന്ന കളിക്കാരൊന്നുമില്ല ഇപ്പോഴത്തെ നിരയിൽ. അധികം കളിക്കാരും അപ്രശസ്ത ലീഗുകളിൽ കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ടീമിന് പ്രതീക്ഷകളുടെ ഭാരമില്ല. 
2001 ൽ കോൺഫെഡറേഷൻസ് കപ്പിൽ ലോക ചാമ്പ്യന്മാരെന്ന ഖ്യാതിയിൽ എത്തിയ ഫ്രാൻസിനെ ഓസ്‌ട്രേലിയ അട്ടിമറിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലെ ഫ്രാൻസ്-ഓസ്‌ട്രേലിയ മത്സരം സമനിലയിൽ കലാശിക്കേണ്ടതായിരുന്നു. അവസാന മിനിറ്റുകളിലെ അസീസ് ബെഹിച്ചിന്റെ സെൽഫ് ഗോളിൽ ഓസ്‌ട്രേലിയ തോറ്റു. കഴിഞ്ഞ ലോകകപ്പിലെ ഓസ്‌ട്രേലിയ-ഡെന്മാർക്ക് മത്സരം1-1 സമനിലയായിരുന്നു. 
2006 ലെ ജർമൻ ലോകകപ്പിലായിരുന്നു ഓസ്‌ട്രേലിയ വരവറിയിച്ചത്. ഇറ്റലിയോട് അന്ന് കഷ്ടിച്ച് തോൽക്കുകയായിരുന്നു. പക്ഷേ പിന്നീട് ആ ഉയരങ്ങളിലെത്താൻ ടീമിന് സാധിച്ചില്ല. 
തുനീഷ്യക്കെതിരെ ജയവും ഡെന്മാർക്കിനെതിരെ ജയമോ സമനിലയോ ആണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഘട്ടം കടന്നാലും ഓസ്‌ട്രേലിയ അധിക ദൂരം മുന്നോട്ടു പോവാൻ സാധ്യതയില്ല. പ്രി ക്വാർട്ടറിൽ എതിരാളികൾ അർജന്റീനയോ മെക്‌സിക്കോയോ ആയിരിക്കും. 


 

Latest News