കുവൈത്ത് സിറ്റി- വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി വ്യാജ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കുവൈത്ത് മന്ത്രിസഭ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിദേശത്ത് നിന്ന് നല്‍കുന്ന ബിരുദങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുവൈത്തികളും വിദേശ ജീവനക്കാരും പരിശോധന നേരിടേണ്ടിവരും.
ഏതെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയാല്‍ അതിന്റെ ആധികാരികത പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് അയക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹൈസ്‌കൂള്‍, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിങ്ങനെ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉടന്‍ തന്നെ പ്രോസിക്യൂഷന് കൈമാറും.
ഈ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടിയതിനുശേഷം ലഭിച്ച എല്ലാ ശമ്പളവും സാമ്പത്തിക ആനുകൂല്യങ്ങളും തിരികെ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും. ഈ വിഷയത്തില്‍ ഒട്ടുംവിട്ടുവീഴ്ചയുണ്ടാവില്ല.
യൂണിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണ കുടുംബത്തിലെ ഒരു വനിതയെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.