മുന്‍ വിദേശകാര്യ സെക്രട്ടറി ജയ്ശങ്കര്‍ ഇനി ടാറ്റയുടെ ആഗോള ഓഫീസര്‍

ന്യൂദല്‍ഹി- മൂന്ന് മാസം മുമ്പ് വിരമിച്ച ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ ഇനി ബഹുരാഷ്ട്ര ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്‍ ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥന്‍. ടാറ്റ ഗ്രൂപ്പിന്റെ ഗ്ലോബര്‍ കോര്‍പറേറ്റ് അഫയേഴ്‌സ് വിഭാഗം പ്രസിഡന്റ് ആയാണ് ജയ്ശങ്കറിനെ നിയമിച്ചിരിക്കുന്നത്. ടാറ്റ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് നേരിട്ടായിരിക്കും ജയ്ശങ്കര്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ആഗോള വികസനത്തിനും കോര്‍പറേറ്റ് കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുക എന്നതാണ് ചുമതല. വിവിധ രാജ്യങ്ങളിലുള്ള ടാറ്റയുടെ ഓഫീസുകള്‍ ജയ്ശങ്കറിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.

മുതിര്‍ന്ന ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ജയ്ശങ്കര്‍ 2015 ജനുവരി മുതല്‍ 2018 ജനുവരി വരെ ഏറ്റവും ഉന്നത ഐഎഫ്എസ് പദവിയായ വിദേശകാര്യ സെക്രട്ടറിയായിരുന്നു. ഇന്ത്യ-യുഎസ് സൈനികേതര ആണവ കരാര്‍ ചര്‍ച്ചകളില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ്. ഈ വര്‍ഷം ജനുവരി 28-നാണ് വിരമിച്ചത്. ആഗോളതലത്തില്‍ ബ്രാന്‍ഡും നേതൃത്വവും മെച്ചപ്പെടുത്തിവരുന്ന ടാറ്റ്ക്ക് ജയ്ശങ്കറിന്റെ വിദേശകാര്യങ്ങളിലുള്ള അറിവും അനുഭവ സമ്പത്തും  വിലപ്പെട്ടതാണെന്ന് ടാറ്റ മേധാവി ചന്ദ്രശേഖര്‍ പറഞ്ഞു.
 

Latest News