അധ്യാപക ധർമവും അധ്യാപന കർമവും


പ്രദർശനാത്മകമായ സമീപനവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചക്ക് കാരണമായിട്ടുണ്ട്. കുട്ടികളുടെ ഏതൊരു നേട്ടത്തെയും അഭിനന്ദിക്കാം. കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ അതുപകരിക്കും. പക്ഷേ രക്ഷിതാക്കൾക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. ചില രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ കുറിച്ച് അധ്യാപകർ നൽകുന്ന അഭിനന്ദനങ്ങളിൽ മാത്രമാണ് താൽപര്യം. എന്നാൽ തങ്ങളുടെ കുട്ടി ഈ അഭിനന്ദത്തിന് അർഹനാണോ എന്ന് രക്ഷിതാക്കൾ ചിന്തിക്കാറില്ല. അധ്യാപകർ നൽകുന്ന അഭിനന്ദനങ്ങളിൽ മതിമറക്കുന്ന രക്ഷിതാക്കൾ കുട്ടികളുടെ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയുമില്ല. 

 

പഴയകാല സ്മൃതികളും വന്ദനങ്ങളും ആശംസകളുമായി ഒരു അധ്യാപക ദിനം കൂടി കടന്നുപോയി. സർവ ഗുണങ്ങളുടെയും വിളനിലമായിരിക്കണം അധ്യാപകൻ എന്നതാണ് ഭാരതീയ സങ്കൽപം. ജനങ്ങൾക്ക് നന്മ പകർന്നു കൊടുക്കുന്ന അധ്യാപകന് വേണ്ടി ആഴിയുടെ അഗാധതകളിലുള്ള മത്സ്യങ്ങൾ പോലും പ്രാർത്ഥിക്കുമെന്നതാണ് പ്രവാചക ദർശനം. ഒരു ഡോക്ടർക്ക് വീഴ്ച വന്നാൽ ഒരു രോഗി മരിച്ചേക്കാം. ഒരു എൻജിനീയറുടെ വീഴ്ച ഒരു പാലത്തിന്റെ തകർച്ചയിലേക്ക് നയിച്ചേക്കാം. എന്നാൽ ഒരു അധ്യാപകന്റെ വീഴ്ച ഒരു തലമുറയുടെ തന്നെ നാശത്തിലാണ് കലാശിക്കുക. അതുകൊണ്ടു തന്നെയാണ് എക്കാലവും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള അധ്യാപകർ ഓരോ മനുഷ്യനിലും വലിയ സ്വാധീനം ചെലുത്തുന്നതും അവർ സ്മരിക്കപ്പെടുന്നതും.

മുപ്പത് വർഷത്തെ പ്രവാസത്തിന് ശേഷം വീണ്ടും അധ്യാപനമെന്ന മഹനീയ കർമത്തിലേക്ക് പ്രവേശിച്ചപ്പോൾ കാണുന്ന കാഴ്ചകൾ അമ്പരിപ്പിക്കുന്നതാണ്. അധ്യാപനത്തെ ഒരു തൊഴിലായി കാണുന്നത് ശരിയല്ല എന്നതുകൊണ്ടാണ് അതിനെ ഒരു കർമമായി വിശേഷിപ്പിക്കുന്നത്. കാലം മാറി, കഥകളും മാറിക്കൊണ്ടിരിക്കുന്നു. തൊഴിലും പണസമ്പാദനവുമായി അധ്യാപകരും ബിസിനസായി മുതലാളിമാരും ആർക്കോ എന്തിനോ വേണ്ടി സമയം കളയുന്ന വിദ്യാർത്ഥികളുമായി വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത.

പത്താം തരം കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളിൽ പലരെയും ഇന്റർവ്യൂ ചെയ്തു നോക്കുമ്പോഴാണ് പരിതാപകരമായ അവസ്ഥ ബോധ്യമാകുന്നത്. മുഴുവൻ വിഷയങ്ങളിലും എ വാങ്ങിയ ഒരു കുട്ടിയോട് ഇംഗ്ലീഷിലെ ഒരു വാചകം വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശരിയായ വിധത്തിൽ വായിക്കാൻ അവന് സാധിക്കുന്നില്ല. മുമ്പ് പലരും ഇത് പറയുമ്പോൾ അതിശയോക്തിപരം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത് നേരിട്ട് ബോധ്യപ്പെടുകയാണ്. കുട്ടിയ പ്ലസ് വണ്ണിന് ചേർക്കാൻ വന്ന ഒരു രക്ഷിതാവ് പറഞ്ഞത് മൂന്ന് ദിവസമായി ഞാൻ അവന്റെ പേര് മലയാളത്തിൽ എഴുതി പഠിപ്പിക്കുകയായിരുന്നു എന്നാണ്. എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുന്ന അവസ്ഥയിലാണ് നമ്മുടെ എസ്.എസ്.എൽ.സി പരീക്ഷ. ഒന്നാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെയും ഇതേ അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ഓൾ പ്രൊമോഷൻ വഴി കുട്ടികളെ ജയിപ്പിക്കുമ്പോൾ രക്ഷിതാക്കളും കുട്ടികളും ആശ്വാസം കൊള്ളുന്നു എന്നത് ശരി തന്നെ. പക്ഷേ അതവരുടെ ഭാവിയെ വളരെ ദോഷകരമായി ബാധിക്കുന്നു എന്നതാണ് യാഥാർഥ്യം.

കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് എന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ പുതുതലമുറ മലയാള ഭാഷ എത്രത്തോളം എഴുതാനും വായിക്കാനും പ്രാവീണ്യം നേടുന്നുണ്ട് എന്ന് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സെക്കണ്ടറി അധ്യാപകരോട് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അവർ കുറ്റം മുഴുവനും യു.പി അധ്യാപകരുടെ തലയിൽ കെട്ടിവെക്കുന്നു. യു.പി അധ്യാപകർ എൽ.പി അധ്യാപകരെയും കുറ്റം പറയുന്നു. എൽ.പി തലത്തിലുള്ള നമ്മുടെ അധ്യാപന രീതിയിലുള്ള ശാസ്ത്രീയത പരിശോധിക്കപ്പെടേണ്ടതുണ്ട്. പഴയ കാലങ്ങളിൽ പടിപടിയായി അക്ഷരങ്ങളെയും പദങ്ങളെയും വാചകങ്ങളെയും കുട്ടികളുടെ മനസ്സിൽ വിന്യസിക്കുന്ന ശാസ്ത്രീയമായ ശൈലിയായിരുന്നു ഉണ്ടായിരുന്നത്. ക്രമപ്രവൃദ്ധമായ പുരോഗതി കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്നത് മാറി, പ്രായത്തെ പരിഗണിക്കാതെ, കുട്ടികൾക്ക് കൂടുതൽ കൂടുതൽ വാചകങ്ങൾ എഴുതാൻ നൽകുന്ന രീതിയാണുള്ളത്. പല അധ്യാപകരും ശാസ്ത്രീയമല്ലാത്ത ഈ രീതി കുട്ടികളുടെ വായനയെ മുഷിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നു.  

മൊബൈൽ ഫോണും സോഷ്യൽ മീഡിയയുമെല്ലാം നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിറകോട്ട് കൊണ്ടുപോകുന്നു എന്നെല്ലാം നാം പറയുമ്പോഴും കുട്ടികളുടെ പഠന വൈമുഖ്യത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്. ഒരു അധ്യാപകന്റെ ഉത്തരവാദിത്തം അയാൾ പഠിപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെ ശരിയായ വിധം പഠിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ്. ക്ലാസെടുക്കുക, നോട്ട് കൊടുക്കുക എന്നിവയിൽ മാത്രം അധ്യാപനത്തെ പരിമിതപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച,് ഓരോ വിദ്യാർത്ഥിയും താൻ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് എന്നും പരീക്ഷകളെ ശരിയായ വിധത്തിൽ അഭിമുഖീകരിക്കാൻ പ്രാപ്തനായിട്ടുണ്ട് എന്നും ഉറപ്പു വരുത്തുകയാണ് വേണ്ടത്. അതിനു പകരം ഉത്തരക്കടലാസ് മൂല്യനിർണയങ്ങളിലെ ഉദാരവൽക്കരണവും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇന്ന് നടക്കുന്നത്. കെമിസ്ട്രിയിൽ എ പ്ലസ് വാങ്ങിയ ഒരു കുട്ടിയെ അഭിനന്ദിച്ചപ്പോൾ കുട്ടി മുഖം പൊത്തി ചിരിച്ചു. കാരണം ചോദിച്ചപ്പോൾ അവന് തന്നെ അറിയില്ല അവനത് എങ്ങനെ ലഭിച്ചു എന്ന്. ഇതുകൊണ്ട് എന്താണ് ഫലം. കഷ്ടപ്പെട്ട് പഠിച്ച് എ പ്ലസ് നേടിയവനും ഒന്നും പഠിക്കാതെ ഭാഗ്യത്തിന് എ പ്ലസ് കിട്ടിയവനും ഒരുപോലെ ആയിത്തീരുന്നു.

പ്രദർശനാത്മകമായ സമീപനവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചക്ക് കാരണമായിട്ടുണ്ട്. കുട്ടികളുടെ ഏതൊരു നേട്ടത്തെയും അഭിനന്ദിക്കാം. കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ അതുപകരിക്കും. പക്ഷേ രക്ഷിതാക്കൾക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. ചില രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ കുറിച്ച് അധ്യാപകർ നൽകുന്ന അഭിനന്ദനങ്ങളിൽ മാത്രമാണ് താൽപര്യം. എന്നാൽ തങ്ങളുടെ കുട്ടി ഈ അഭിനന്ദത്തിന് അർഹനാണോ എന്ന് രക്ഷിതാക്കൾ ചിന്തിക്കാറില്ല. അധ്യാപകർ നൽകുന്ന അഭിനന്ദനങ്ങളിൽ മതിമറക്കുന്ന രക്ഷിതാക്കൾ കുട്ടികളുടെ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയുമില്ല. സന്ധ്യക്ക് ശേഷമുള്ള പഠനസമയങ്ങളിൽ നമ്മുടെ വിദ്യാർഥികൾ എന്തെടുക്കുന്നു എന്നതിനെ കുറിച്ച് പല രക്ഷിതാക്കളും ബോധവാന്മാരല്ല.

നമ്മുടെ വിദ്യാലയങ്ങളിലെ നന്നായി പഠിക്കാൻ കഴിവുള്ള, പഠന അഭിരുചിയുള്ള വിദ്യാർത്ഥികളെ കുറിച്ചല്ല ഈ പറഞ്ഞ കാര്യങ്ങളൊന്നും. ബുദ്ധി ഉണ്ടെങ്കിൽ പോലും പല കാരണങ്ങളാൽ പഠനത്തിൽ നിന്ന് പിറകോട്ട് പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കണമെന്ന കാര്യമാണ് പറയുന്നത്. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളിൽ പലരും ജീവിതം പുലർത്താൻ വേണ്ടി സ്‌കൂൾ സമയം കഴിഞ്ഞ് അധ്വാനിക്കാൻ പോകുന്നവരാണ്. അവരിൽ പലർക്കും പഠനോത്സുകത ഉണ്ടെങ്കിലും സാഹചര്യം അവരെ അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.

അധ്യാപക സമൂഹം കൂടുതൽ ആത്മാർത്ഥമായി പ്രവർത്തിക്കേണ്ട കാലമാണ്. വിദ്യാഭ്യാസ രീതികളിൽ കടുംപിടിത്തങ്ങൾ ഒഴിവാക്കി വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് പോരായ്മകൾ നികത്തി തങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി ജീവിതം സമർപ്പിക്കുന്ന വഴികാട്ടികളായി മാറാൻ അവർക്ക് സാധിക്കട്ടെ.

Latest News