Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

പഠനമുറികളിൽ മിടിക്കണം പുതുകാലം, പുത്തൻ ട്രെന്റ്

കഴിഞ്ഞ ദിവസം ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടി വേഴ്‌സ് ഓഫ് മാഡ്‌നസ് എന്ന മൂവിയുടെ സ്‌നീക്ക് പീക്കിലൂടെ കണ്ണോടിക്കുമ്പോഴാണ് 
പത്താം തരക്കാരനായ ഒരു വിദ്യാർത്ഥി കൗതുകത്തോടെ അടുത്ത് വന്ന് എന്നോട് ചില കാര്യങ്ങൾ  പറഞ്ഞത്.  ആ മൂവി ഏറെ പ്രശസ്തമാണെന്നും അവനത് നേരത്തേ കണ്ടിട്ടുണ്ടെന്നും  ആവേശത്തോടെ എന്നെ അറിയിക്കുകയും  ആ  മൂവിയെ കുറിച്ചുള്ള  അവന്റെ  കിറുകൃത്യമായ   വിശകലനവും നിരൂപണവും ചുരുങ്ങിയ വാക്കുകളിൽ അവൻ എന്നോട് പങ്കിവെക്കുകയും ചെയ്തു.  പത്താം ക്ലാസുകാരന്റെ ആ സംസാരം എന്നെ തെല്ലൊന്നമ്പരപ്പിച്ചു എന്ന് പറയാതെ വയ്യ.  ലോകമെമ്പാടും യുവാക്കളുടെ ചിന്തയെ  വെർട്ടിക്കൽ  ടൂറിസവും മെറ്റാ വേഴ്‌സും ക്രിപ്‌റ്റോ കറൻസിയുമൊക്കെ അനുദിനം കീഴടക്കിക്കൊണ്ടിരിക്കുകയാണ് എന്നോർക്കണം. പുത്തൻ വിനോദോപാധികൾ, യാത്ര രീതികൾ, ഡെസ്റ്റിനേഷനുകൾ, ഷോപ്പിംഗ്  കൾച്ചർ എന്നിവ വേറെ !

പഴയ ഉള്ളടക്കവും സമ്പ്രദായങ്ങളും തന്ത്രങ്ങളും വെച്ച് ബോധനം ചെയ്ത് ഇത്തരം  ഡിജിറ്റൽകാല തലമുറയെ  മികച്ച ബുദ്ധിമാൻമാരാക്കി മാറ്റിക്കളയാമെന്ന് കരുതുന്നവർ ഈ മാറിയ പശ്ചാത്തലത്തിൽ ഏത് തരം  സ്വർഗത്തിലാണെന്ന് ചിന്താശേഷിയുള്ള ആരും ഒര വേള നിനച്ചുപോവും.  ഇന്റർനെറ്റ് കണക്ഷനും   ഒരു സ്മാർട്ട്  ഫോണും കൈയിലുള്ള  കുട്ടിക്ക് സാമാന്യം ഡിജിറ്റൽ സാക്ഷരതയും ചെറിയ ഒരു ഗൈഡൻസും കൂടി ഉണ്ടെങ്കിൽ പുതിയ കാലത്ത് ലഭ്യമാവുന്ന വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിനിമയത്തിന്റെയും  അനന്തസാധ്യതകളെ കുറിച്ച് പറയേണ്ടതില്ലല്ലോ?

ടെലിഗ്രാം, നെറ്റ് ഫ്‌ളിക്‌സ്, ഹോട് സ്റ്റാർ ആമസോൺ പ്രൈം വീഡിയോസ് തുടങ്ങിയ സ്ട്രീമിംഗ് സർവീസുകളിലൂടെ ആയിരക്കണക്കിന് അത്യന്താധുനിക മൂവികളും ഡോക്യുമെന്ററികളും കാണാനവസരം ലഭിക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ ഭാഷയും സമീപനങ്ങളും ഉൾക്കൊള്ളാനാവുന്നതിനപ്പുറത്ത് പഴഞ്ചനായി മാറുന്നതിൽ അദ്ഭുതപ്പെടാനില്ല. നൂറുകണക്കിന്  ലേണിംഗ് ആപ്പുകളും ഓൺലൈൻ സൈറ്റുകളും പഠന ബോധനരംഗത്തെ ആകെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലം അവർക്ക് തുറന്നു കൊടുത്ത  പഠന  സാധ്യതകൾ ചില്ലറയല്ലല്ലോ! അൽപം പോലും ഈ നവലോക  സാധ്യതകളെകുറിച്ച് പഠിച്ച്  മനസ്സിലാക്കാതെയും പരിഗണന നൽകാതെയും തികച്ചും അശാസ്ത്രീയമായ രീതിയിൽ പഴഞ്ചൻ സിലബസ് വെച്ച്  അധ്യയനം നടത്തേണ്ടി വരുന്നവരുടെ സ്ഥിതി   ഏറെ പരിതാപകരമാണ് എന്ന് ഇത്തരുണത്തിൽ പറയാതെ വയ്യ. ഇളംതലമുറയെ ഔപചാരികമായി വിദ്യ ചെയ്യിപ്പിക്കുന്നതിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ആത്മവിചിന്തനം നടത്തേണ്ട സമയം ഏറെ അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.
ശാസ്ത്ര  സാങ്കേതിക സാമൂഹ്യ  മേഖലകളിലെ അതിദ്രുതഗതിയിലുള്ള  വളർച്ചയെയും അവയുടെ സ്വാധീനങ്ങളെയും തിരിച്ചറിയാതെയും ഉൾക്കൊള്ളാതെയും കാലഹരണപ്പെട്ടതും  പ്രായോഗിക ജീവിതവുമായി അധികമൊന്നും  ബന്ധമില്ലാത്തതും പ്രയോജനരഹിതവുമായ കുറെ  പാഠഭാഗങ്ങൾ ഏറെക്കുറെ  അപരിഷ്‌കൃതമായ രീതിയിൽ ചൊല്ലിപ്പഠിപ്പിച്ചും പകർത്തിയെഴുതിപ്പിച്ചും   ഓർത്തെഴുതിച്ചും കൗമാരക്കാരെ എ.പ്ലസ് വാങ്ങിക്കാൻ വികലമായി  പ്രാപ്തമാക്കുന്ന ഒന്നായി മാത്രം മാറിക്കൂടാ നമ്മുടെ പൊതു വിദ്യാഭ്യാസവും പൊതു വിദ്യാലയങ്ങളും. 

ഖേദകരമായ  ദുരവസ്ഥക്ക് മാറ്റം വരണമെങ്കിൽ  സമന്വയ വിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ചേ മതിയാവൂ. ഫ്‌ളിപ്ഡ് ക്ലാസ് റൂം പരിചയിച്ചേ തീരൂ. ആക്ടീവ് ലേണിംഗിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താതെ ഇനിയും മാറിനിന്നുകൂടാ.  ഇതൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഏറ്റവും ചുരുങ്ങിയത് ഡിജിറ്റൽ മൈഗ്രന്റ് ആയ അധ്യാപകരും കരിക്കുലം തയാറാക്കുന്നവരും ഡിജിറ്റൽ നേറ്റീവ്‌സ് ആയ പുതിയകാല കുട്ടികളോടൊത്ത് കുറച്ച് നേരമെങ്കിലും ആരോഗ്യകരമായ ചങ്ങാത്തം കൂടേണ്ടിയിരിക്കുന്നു.

അത് കോവിഡാനന്തര കാലത്ത്   വിദ്യാഭ്യാസ മനശ്ശാസ്ത്രം, തത്വശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയിൽ വരുത്തേണ്ട കാതലായ മാറ്റത്തെക്കുറിച്ചും സാമ്പ്രദായികമായ പഠന ബോധന രീതികൾ പരിഷ്‌കരിക്കേണ്ടതിനെക്കുറിച്ചും പുതിയ ഉൾക്കാഴ്ചകളും പുത്തനുണർവുകളും വിദഗ്ധർക്ക് പ്രദാനം ചെയ്യുമെന്നതിൽ   സംശയമില്ല.
ലോകത്തിന്റെ സർവ ദിക്കുകളിൽ നിന്നുമുള്ള അറിവുകളും ഗവേഷണ ഫലങ്ങളും  നൊടിയിടയിൽ വിരലറ്റത്ത് ലഭ്യമാവുന്ന ഡിജിറ്റൽ ലോകത്ത് വിരാജിക്കുന്ന കുട്ടികളുടെ പുത്തൻ നൈപുണികളെയും അഭിരുചികളെയും അവസരങ്ങളെയും സാധ്യതകളെയും കരിക്കുലം തയാറാക്കുന്ന വിശാരദരും ക്ലാസുകൾ കൈകാര്യം ചെയ്യുന്നവരും  പരിഗണിച്ചേ മതിയാവൂ. 
ലോകോത്തരമായ  കാഴ്ചയും കേൾവിയും ഇടപെടലും അനുഭവങ്ങളും സമ്പന്നമാക്കുന്ന, നിരവധി  അവസരങ്ങൾ ലഭിക്കുന്ന പുതിയ കാലത്തെ കുട്ടികളെ  ദയവ് ചെയ്ത് മുഷിപ്പൻ ഉള്ളടക്കങ്ങൾ കൊണ്ടും വിരസതയാർന്ന പഠന പ്രവർത്തനങ്ങൾ കൊണ്ടും   ബോറടിപ്പിക്കരുത്. പുതിയ കാലത്തെ ലോക സ്പന്ദനങ്ങളെ വായിക്കാത്ത, അന്വേഷിച്ചറിയാത്ത തികച്ചും നിക്ഷിപ്ത താൽപര്യങ്ങൾ കൊണ്ട് ഇരുളടഞ്ഞുപോയ  മനസ്സുള്ളവർ   കോർത്തിണക്കുന്ന ജീവിതഗന്ധിയല്ലാത്ത പാഠഭാഗങ്ങൾ കുട്ടികളിലെ സർഗാത്മകതയെയും സഹകരണ മനോഭാവത്തെയും ഗവേഷണ തൽപരതയെയും പാടെ ഇല്ലാതാക്കിക്കളയുന്നുണ്ട് എന്നത് പരക്കെ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്.
കുട്ടികൾ യഥാർത്ഥ പഠനപ്രക്രിയയിലും രചനാത്മകമായ ജ്ഞാനോൽപാദനത്തിലും  അച്ചടക്കത്തിലും പെരുമാറ്റത്തിലും വളരെ പിന്നോക്കം പോകുന്നതിന്റെയും മറ്റു പല സാമൂഹ്യ വിരുദ്ധ പ്രവണതകളിലേക്ക് വഴുതിവീഴുന്നതിന്റെയും പിന്നിലെ പല കാരണങ്ങളിൽ ഒന്ന് പാഠഭാഗങ്ങളും പഠന സമയവും പരീക്ഷ  രീതികളും കാലാനുസൃതമായി പരിഷ്‌കരിക്കാത്തതാണെന്ന് കൂടി കാണാവുന്നതാണ്. വിവിധ തലങ്ങളിലേക്കുള്ള പാഠ്യപദ്ധതികൾ തയാറാക്കുന്നവർ കേവലം സംഘടന താൽപര്യങ്ങൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടും അനുയോജ്യമായ  യോഗ്യതയും അനുഭവ സമ്പത്തുമുള്ളവരും നിരന്തര പഠന ഗവേഷണങ്ങളിലൂടെ അതാത് വിഷയങ്ങളിലെ ഏറ്റവും പുത്തൻ പ്രവണതകളെക്കുറിച്ച്  അറിവ് ആർജിച്ചവരുമായിരിക്കണം.

Latest News