സ്‌പെയിനില്‍നിന്ന് ഖത്തറിലേക്ക് കാല്‍നടയായി പുറപ്പെട്ട സാന്റിയാഗോ ഇറാഖിലെത്തി

ദോഹ- കാല്‍പന്തുകളി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് സ്‌പെയിനില്‍ നിന്ന് കാല്‍നടയായി പുറപ്പെട്ട സാന്റിയാഗോ ഇറാഖിലെത്തി.

നവംബര്‍ 20 ന് നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഖത്തറിലെത്താമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷം ജനുവരിയിലാണ് സാന്റിയാഗോ സാഞ്ചസ് കോഗെഡോര്‍ എന്ന സാഹസികന്‍ മാഡ്രിഡില്‍ നിന്ന് ദോഹയിലേക്കുള്ള തന്റെ ഐതിഹാസ നടത്തം ആരംഭിച്ചത്.
സംഭവ ബഹുലമായ എട്ട് മാസം നടന്ന് താന്‍ ഇറാഖിലെത്തിയ വിവരം കഴിഞ്ഞ ദിവസം സാന്റിയാഗോ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

താന്‍ ഇപ്പോള്‍ കുര്‍ദിസ്ഥാന്‍ മേഖലയിലെ സാഖോ എന്ന ഗ്രാമത്തിലാണെന്നും ഉടന്‍ തന്നെ ഇറാന്‍ അതിര്‍ത്തി കടക്കുമെന്നും എര്‍ബിലും മറ്റ് നഗരങ്ങളും കടന്ന് കൃത്യസമയത്ത് തന്നെ 6,500 കിലോമീറ്റര്‍ കാല്‍നടയായി പൂര്‍ത്തിയാക്കി ഖത്തറിലെത്തുമെന്നും സാന്റിയാഗോ ബുധനാഴ്ച തന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഖത്തറിലേക്കുള്ള തന്റെ യാത്രയുടെ അപ്‌ഡേറ്റുകള്‍ പതിവായി തന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ പോസ്റ്റുചെയ്യുന്ന സാഹസികന്‍, തന്റെ കൂടാരത്തിലോ ഹോട്ടലുകളിലോ അല്ലെങ്കില്‍ വഴിയില്‍ ലഭിച്ച പുതിയ സുഹൃത്തുക്കളോടോപ്പമോ ആണ് ഉറങ്ങുന്നത്്.

യാത്ര ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നാണ് കണക്ക് കൂട്ടിയതെന്നും അതുകൊണ്ടാണ് ജനുവരി ആദ്യം തന്നെ യാത്ര ആരംഭിച്ചതെന്നും സാന്റിയാഗോ പറഞ്ഞു.

 

Latest News