ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ നിങ്ങൾക്കു തന്നെ സ്വയം സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വരുന്നു. ഉപയോക്താക്കൾക്ക് സ്വയം സന്ദേശങ്ങൾ അയക്കാൻ സാധ്യമാകുന്ന പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പിലെ പുതുമകൾ നേരത്തെ അറിയിക്കുന്ന വാബീറ്റാ ഇൻഫോയാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ, വാട്ട്‌സ്ആപ് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറിനൊപ്പം wa.me/ എന്ന യു.ആർ.എൽ ഉപയോഗിച്ച് സ്വയം സന്ദേശമയക്കാൻ കഴിയും.
ഉപയോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മെറ്റാ പ്ലാറ്റ്‌ഫോം ഉടമസ്ഥതയിലുള്ള വാട്‌സ്ആപ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. മറ്റൊരു ഉപകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് പരീക്ഷണത്തിലുള്ളത്. നിലവിൽ യു.ആർ.എലും ഫോൺ നമ്പറും ഉപയോഗിച്ച് സ്വയം സന്ദേശങ്ങൾ അയക്കാൻ കഴിയുമെങ്കിലും സ്വന്തം ഫോൺ നമ്പറിലുള്ള ചാറ്റ് പ്രാഥമിക ഉപകരണത്തിൽ മാത്രമേ ദൃശ്യമാകൂ എന്നതിനാൽ പല ഡിവൈസുകളിലും ഇത് ബാധകമല്ല. ഇതിനുള്ള പരിഹാരമായാണ് ആപ് വികസിപ്പിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലെ വ്യക്തിഗത ചാറ്റിൽ തെരഞ്ഞ് ക്ലിക് ചെയ്യുന്നതിലൂടെ ഉപയോക്താക്കളെ സ്വയം സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. വാട്‌സ്ആപ് ഡെസ്‌ക്‌ടോപ് ബീറ്റയുടെ അടുത്ത അപ്‌ഡേറ്റിൽ പുതിയ ഫീച്ചർ പുറത്തിറങ്ങും.
മറ്റൊരു മൊബൈൽ ഡിവൈസിൽനിന്ന് വാട്‌സ്ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോഴും ഈ ചാറ്റ് ദൃശ്യമാകും, യു എന്ന് കാണിക്കുന്ന ഫീച്ചറിന്റെ സ്‌ക്രീൻ ഷോട്ടും വാബീറ്റ ഇൻഫോ പങ്കുവെച്ചിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിന്റെ ഏറ്റവും മുകളിലാണ് യു എന്നത് കാണുക. സ്‌ക്രീൻഷോട്ട് വാട്ട്‌സ്ആപ് ഡെസ്‌ക്‌ടോപ് ബീറ്റയിൽ നിന്നാണെങ്കിലും പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവക്കായുള്ള വാട്‌സ്ആപ് ബീറ്റയിലും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനിടെ, കൂടുതൽ അഡ്മിൻ ഡിലീറ്റും ചാറ്റ് ലിസ്റ്റിനുള്ളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും വാട്‌സ്ആപ് കൂടുതൽ ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമാക്കി. ചാറ്റ് ലിസ്റ്റിൽ തന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ആൻഡ്രോയിഡ് 2.22.18.17 അപ്‌ഡേറ്റിനായുള്ള വാട്‌സ്ആപ് ബീറ്റ ഇൻസ്റ്റാൾ ചെയ്തവരാണെങ്കിലും ഇതുവരെ ചിലർക്ക് മാത്രമാണ് ഈ ഫീച്ചറുകൾ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് കൂടുതലാളുകൾക്ക് ലഭ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പുറമെ ഗ്രൂപ്പ് ചാറ്റുകളിൽ ഐമെസേജ് പോലുള്ള പ്രൊഫൈൽ ഫോട്ടോകൾ കൊണ്ടുവരാനും വാട്ട്‌സ്ആപ് തയാറെടുക്കുന്നുണ്ട്. ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ റിലീസ് ചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പ് ചാറ്റിലെ എല്ലാ ഇൻകമിംഗ് സന്ദേശങ്ങൾക്കും അടുത്തായി മറ്റു ഗ്രൂപ്പ് പങ്കാളികളുടെ പ്രൊഫൈൽ ഫോട്ടോകൾ കാണിക്കും.






