ഹയ്യ കാര്‍ഡില്‍ മൂന്നു പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാം, ലോകകപ്പ് ആഘോഷം ആസ്വദിക്കാം

ദോഹ- ഓരോ ഹയ്യ കാര്‍ഡ് ഉടമക്കും മൂന്ന് പേരെ വീതം ഖത്തറിലേക്ക് കൊണ്ടുവന്ന് ലോകകപ്പ് ആഘോഷങ്ങള്‍ ആസ്വദിക്കാം. ഫിഫ ലോകകപ്പ് ഖത്തര്‍ ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമാണ് ഹയ്യാ കാര്‍ഡ് ലഭിക്കുക. ഇവര്‍ക്ക് ടിക്കറ്റില്ലാത്ത മൂന്നു പേരെ തങ്ങളുടെ ഹയ്യ കാര്‍ഡില്‍ ലിങ്ക് ചെയ്ത് കൊണ്ടുവരാന്‍ കഴിയും.  ഇതുവഴി ടിക്കറ്റ് സ്വന്തമാക്കിയവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തറില്‍ പ്രവേശിക്കാനും ഖത്തര്‍ ലോകകപ്പിന്റെ അന്തരീക്ഷം ആസ്വദിക്കാനും കഴിയും.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ യാസിര്‍ അല്‍ ജമാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ (നവംബര്‍ 20 മുതല്‍ ഡിസംബര്‍ ആറു വരെ) ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്ക് അവരുടെ ഹയ്യ കാര്‍ഡുമായി മൂന്ന് പേരെ വരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന 1+3 നയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാച്ചിനുള്ള ടിക്കറ്റില്ലാത്ത സുഹൃത്തുകളേയും ബന്ധുക്കളേയും ഖത്തറിലേക്ക് കൊണ്ടുവരുവാനും ലോകകപ്പിന്റെ അന്തരീക്ഷം അനുഭവിച്ചറിയാനും കഴിയും.  അടുത്തയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ടിക്കറ്റ് എടുക്കാത്തവരെ ഹയ്യാ കാര്‍ഡില്‍ ചേര്‍ക്കുന്നതിന് ഫീസ് ഈടാക്കും. എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെ സൗജന്യമായി ചേര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News