ദോഹ- പുതുക്കിയ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷം ദോഹയില്‍ നടക്കുന്ന ലോകകപ്പിൽ അരങ്ങേറും. ഫാന്‍ ഫെസ്റ്റിവലിന്റെ കേന്ദ്രം അല്‍ ബിദ പാര്‍ക്കായിരിക്കുമെന്നും നവംബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെയുള്ള 29 ദിവസങ്ങളിലായി ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ ലോകകപ്പ് സമയത്ത് അരങ്ങേറുമെന്നും ഫിഫ അറിയിച്ചു.
ഭാവിയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്, ഫിഫ വനിതാ ലോകകപ്പ് ഇവന്റുകളിലും ആരാധകര്‍ക്കായൊരുക്കുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഫാന്‍ ഡെസ്റ്റിനേഷന്റേയും ഓണ്‍-സൈറ്റ് വിനോദാനുഭവത്തിന്റേയും തുടക്കമാണ് ദോഹയില്‍ നടക്കുക. ആരാധകര്‍ക്ക് ഫുട്ബോളിനോടുള്ള അവരുടെ അഭിനിവേശം ആഘോഷിക്കാനും സംഗീതം, വിനോദം, പ്രാദേശിക സംസ്‌കാരം, ഭക്ഷണം, ഗെയിമുകള്‍, ജീവിതശൈലി ട്രെന്‍ഡുകള്‍ എന്നിവയില്‍ യഥാര്‍ത്ഥ ഉത്സവ അന്തരീക്ഷത്തില്‍ മികച്ച അനുഭവം നേടാനും സഹായകമായ പരിപാടികളാണ് ഫിഫ ഫാന്‍ ഫെസ്റ്റിവലിനെ സവിശേഷമാക്കുക.
പുതുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, പ്രധാന ഫിഫ മത്സരങ്ങളില്‍ അനുഭവപ്പെടുന്ന അതുല്യമായ വൈകാരിക തലങ്ങളെ പങ്കുവെക്കുവാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇത് എല്ലാത്തരം ആരാധകര്‍ക്കും - തീക്ഷ്ണമായ പിന്തുണക്കാര്‍ മുതല്‍ കാഷ്വല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും സംഗീതം, ഭക്ഷണം, സംസ്‌കാരം എന്നിവയെ സ്‌നേഹിക്കുന്നവര്‍ക്കും - രസകരവും വിനോദവും ഉത്സവവുമായ അന്തരീക്ഷത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെടാനും ഇടപഴകാനുമുള്ള പുതിയ വഴികള്‍ നല്‍കും. ആതിഥേയ രാജ്യവുമായുള്ള അടുത്ത സഹകരണത്തോടെയാണ് ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഫിഫ നവീകരിച്ച ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ അവതരിപ്പിക്കുന്നത്.
''അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഖത്തര്‍ 2022 ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ എല്ലാവര്‍ക്കും ആസ്വാദ്യകരമായ എന്തെങ്കിലും ഉണ്ടായിരിക്കും. അതിശയകരമായ വെസ്റ്റ് ബേ സ്‌കൈലൈനിന്റെ പശ്ചാത്തലത്തില്‍, ആരാധകര്‍ക്ക് തത്സമയ മത്സരങ്ങള്‍, സംഗീത സാംസ്‌കാരിക പ്രകടനങ്ങള്‍, വിശാലമായ ഭക്ഷണ പാനീയ ഓപ്ഷനുകള്‍ എന്നിവ ആസ്വദിക്കാനാകുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) സെക്രട്ടറി ജനറലും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ചെയര്‍മാനുമായ ഹസന്‍ അല്‍ തവാദി അഭിപ്രായപ്പെട്ടു. മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ലോകകപ്പിനെ ആരാധകര്‍ക്ക് അവിസ്്മരണീയമാക്കരും. അദ്ദേഹം പറഞ്ഞു.
29 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ രാവുകളില്‍ ചരിത്രവും സംസ്‌കാരവും ഓര്‍മിപ്പിക്കുന്ന പശ്ചാത്തലത്തില്‍
ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ നൂതനവും ആകര്‍ഷവുമായ വിനോദ പരിപാടികളാണ് അവതരിപ്പിക്കുക. ദോഹയുടെ ഭാവികാല സ്‌കൈലൈനിന്റെ കാഴ്ചകളുടെ പശ്ചാത്തലത്തില്‍ ഭീമന്‍ സ്‌ക്രീനുകളില്‍ ഓരോ മത്സരത്തിന്റെയും തത്സമയ സംപ്രേക്ഷണമുണ്ടാകും.
ആഗോളതലത്തിലും പ്രാദേശികമായും മികച്ച സംഗീത ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന കച്ചേരികളും അന്തര്‍ദ്ദേശീയമായി പ്രശസ്തരായ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റുകളുടെ തത്സമയ വര്‍ക്കുകളും ഫാന്‍ ഫെസ്റ്റിവല്‍ സജീവമാക്കും.