ഒരു കൈകൊണ്ട് മദ്യം വിളമ്പിക്കൊടുക്കുകയും മറ്റേ കൈകൊണ്ട് മദ്യം ആരോഗ്യത്തിന് ഹാനികരമാണ്, വർജിക്കണം, നാട് ലഹരി മുക്തമാകണം എന്നൊക്കെ പറയുന്ന വൈരുധ്യാത്മക നിലപാട് സ്വീകരിക്കുന്ന സർക്കാരിനാൽ നിയോഗിക്കപ്പെട്ട എക്സൈസ് വകുപ്പിനെ തന്നെ കാമ്പയിൻ ചുമതലയും എൽപിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
മയക്കുമരുന്ന് ലഹരിക്കെതിരെ ഇപ്പോൾ ജാഗ്രത കാണിക്കുന്ന സർക്കാരിന്റെ നിലപാട് പ്രത്യക്ഷത്തിൽ സ്വാഗതാർഹമാണ് എന്ന് തോന്നാം എങ്കിലും അതിന്റെ പിന്നിലും മറ്റു ചില അജണ്ടകൾ ഒളിഞ്ഞിരിക്കുന്നത് പോലെ ഒരു ശങ്ക ഇല്ലാതില്ല. കാരണം അധികാരം കിട്ടിയാൽ നിലവിലുള്ള മദ്യത്തിന്റെ അളവിൽ വർധിപ്പിക്കില്ല, പൂട്ടിയ ബാറുകളൊന്നും തുറക്കില്ല, കേരളത്തെ മദ്യമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽ.ഡി.എഫ് മുന്നണി, അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക എന്ന് പറഞ്ഞു വോട്ട് വാങ്ങി ജയിച്ചു അധികാരത്തിൽ വന്നപ്പോൾ പറഞ്ഞതിന് കടക വിരുദ്ധമായി ഉളുപ്പിന്റെ അംശം അൽപം പോലും ഇല്ലാതെ പൂട്ടിയ ബാറുകളും അതിന്റെ രണ്ടിരട്ടി പുതിയ മദ്യശാലകളും തുറന്നു കൊടുത്ത് മദ്യത്തിന്റെ വിൽപനയിലും ലഭ്യതയിലും സർവകാല റെക്കോർഡ് സ്ഥാപിച്ച് അതിൽ അഭിമാനം കൊള്ളുന്നവരാണ് ഇടത് സർക്കാർ.
ഇപ്പോൾ യുവാക്കളെയും കുട്ടികളെയും ചെറുപ്പം മുതലേ മദ്യപാനികളാക്കുക എന്ന ലക്ഷ്യത്തോടെ വീര്യം കറഞ്ഞത് പഴച്ചാറുകളിൽ നിന്നാണ് എന്നൊക്കെ പറഞ്ഞ് വളരുന്ന തലമുറയെ പാടെ മദ്യപാനികളാക്കി മാറ്റിക്കൊണ്ട് ജനങ്ങളുടെ ചിന്താശേഷിയെ മരവിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി എല്ലാ നിലയിലും കേരള ജനതയെ പാകപ്പെടുത്തുന്ന കുടില തന്ത്രത്തിന്റെ ഭാഗമാണോ ഇപ്പോൾ മയക്കുമരുന്ന,് പുകയില, ലഹരി വ്യാപനത്തിനെതിരെ എന്ന് പറഞ്ഞുകൊണ്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതി എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാർ പറയുന്ന അപകടകരമായ ലഹരി വസ്തുക്കളുടെ പട്ടികയിൽ മദ്യലഹരി ഇല്ല. മയക്കുമരുന്ന്, പുകയില വസ്തുക്കളുടെ ലഹരി മാത്രമാണ് പ്രശ്നമായി സർക്കാർ കാണുന്നത്.
എന്നാൽ ലഹരി കാരണമായി നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിൽ തൊണ്ണൂറ് ശതമാനവും മദ്യത്തിന്റെ ലഹരി കാരണമായാണ് എന്ന് കാണാവുന്നതാണ്.
നിരോധിത പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ച ലഹരിയിൽ ചെയ്ത കൊലപാതകങ്ങളുടെയും അക്രമങ്ങളുംടയും കേസുകൾ ഒന്നും കാണാനാവില്ല. പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ വായക്കകത്ത് മറ്റു അസുഖങ്ങൾ വന്നേക്കാം. എന്നാലും മദ്യപാനികൾക്ക് ഉണ്ടാകുന്ന അത്രയും മാരക അസുഖങ്ങൾ വരില്ല. എന്നിട്ടും പുകയില ഉൽപന്നങ്ങൾ നിരോധിത വസ്തുവാണ്. പാൻപരാഗ് പോലുള്ളവയിലെ പ്രധാന ചേരുവ അടക്കയാണ്. രാജ്യത്ത് കൂടുതൽ അടക്ക ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. കള്ളിന്റെ ദൂഷ്യമായ വിപത്തിനേക്കാൾ സർക്കാരിന് പ്രാധാന്യം ചെത്ത് തൊഴിലാളകളുടെ സംരക്ഷണത്തിനാണ് എന്ന മാനദണ്ഡവും പരിഗണനയും അടക്കയുടെ കാര്യത്തിലും കാണിക്കേണ്ടതല്ലേ എന്ന് തോന്നുകയാണ്.
സംസ്ഥാനത്ത് നടക്കുന്ന അധിക കറ്റകൃത്യങ്ങൾ സംബന്ധിച്ച വാർത്തകളുടെ അടിയിൽ കാണാം പ്രതി മദ്യത്തിന്റെ ലഹരിയിലായിരുന്നു എന്ന്. പ്രതി മയക്കുമരുന്നിന്റെയോ മറ്റു പുകയില ഉൽപന്നങ്ങളുടെയൊ ലഹരിയിലാണ് കൃത്യം ചെയ്തത് എന്ന് ഒരു വാർത്തയിലും കാണാറില്ല. അതുകൊണ്ട് തന്നെ സമൂഹത്തിൽ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും മറ്റു വാഹനാപകടങ്ങൾക്കും മുഖ്യ ഹേതു മദ്യലഹരിയാണ് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും.
കേരളത്തിൽ ലഹരി ഉപയോഗിക്കുന്നവരിൽ ഏറിയ പങ്കും മദ്യത്തിന്റെ ലഹരി ഉപയോഗിക്കുന്നവരാണ്. ജനസംഖ്യയുടെ മുപ്പതു ശതമാനം പേർ മദ്യം ഉപയോഗിക്കുന്നവരാണ് എന്നായിരുന്നു പഴയ കണക്ക്. പുതിയതായി തുറന്ന മദ്യശാലകളും അധികരിപ്പിച്ച മദ്യവിൽപനയും വെച്ചു നോക്കുമ്പോൾ മദ്യപാനികളുടെ ശതമാനം ഇപ്പോൾ വളരെ കൂടുതലായിട്ടുണ്ട് എന്ന് വേണം കരുതാൻ. അത് വീണ്ടും വർധിപ്പിച്ച് കേരള ജനതയെ മൊത്തത്തിൽ മദ്യപാനികളാക്കി മാറ്റുകയും അതിലൂടെ ഹീനമായ രാഷ്ട്രീയ ലക്ഷ്യം നേടുക എന്നതുമാവണം സർക്കാർ ലക്ഷ്യം. അതിന്റെ ഭാഗമാവാം മയക്കുമരുന്ന്, പുകയില, ലഹരി വ്യാപനത്തിനെതിരെ മാത്രം ഇത്ര ജാഗ്രത കാണിക്കാൻ പറയുന്നത്. അതിലൂടെ മദ്യലഹരിയെ അപകട രഹിതമായി വെള്ള പൂശി അതൊരു അവിഭാജ്യ ഘടകമായി പറയാതെ പറയുകയാണ് സർക്കാർ ചെയ്യുന്നത്.
ലഹരിക്കെതിരെ പറയുന്നതിലും പ്രവർത്തിക്കുന്നതിലും സർക്കാരിന് ഒരൽപമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ സമൂഹത്തെ ഒന്നാകെ നശിപ്പിക്കുന്ന മദ്യലഹരിയെ ഇത്ര മാത്രം പ്രോൽസാഹിപ്പിക്കുക ഇല്ലായിരുന്നു. മയക്കുമരുന്നിന്റെ ലഹരിയും ഉപയോഗവും അതീവ ഗുരുതരമാണ് എന്നതിൽ തർക്കമില്ല. അതിന്റെ വ്യാപനം ഇത്രമാത്രം അധികരിക്കാൻ കാരണങ്ങളിൽ ചിലത് മദ്യപാനികളുടെ ആധിക്യമാണ് എന്നും കാണാവുന്നതാണ്.
കേരളത്തിൽ കേവലം 29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മയക്കുമരുന്നിന്റ വ്യാപനം കുറക്കാനെന്ന കാരണം പറഞ്ഞ് മദ്യശാലകളുടെ എണ്ണം വർധിച്ചു. ഇപ്പോൾ എഴുന്നൂറിലധികം മദ്യശാലകളിലൂടെ മദ്യത്തിന്റെ ലഭ്യത ക്രമാതീതമായി വർധിപ്പിച്ചപ്പോൾ മയക്കുമരുന്നുകളുടെ ഉപയോഗവും ലഭ്യതയും ഊഹിക്കാൻ കഴിയാത്ത വിധം അധികരിച്ചിട്ടുണ്ടങ്കിൽ അത് മദ്യത്തിന്റെ അമിതമായ വിതരണം കാരണമാണ് എന്ന് അനുഭവത്തിലൂടെ പഠിക്കാനും അതനുസരിച്ച് നയം തിരുത്താനും സർക്കാർ തയാറാവണം.
അതുകൊണ്ട് ലഹരി വിപത്തുകളിൽ നിന്നും നാടിനെ രക്ഷിക്കാൻ മയക്കുമരുന്ന്, പുകയില ലഹരിക്കെതിരെ മാത്രം കാമ്പയിൻ നടത്തിയാൽ മതിയാവില്ല. മദ്യം ഉൾപ്പെടെ എല്ലാ ലഹരി വസ്തുക്കൾക്കെതിരെയു ബോധവൽക്കരണവും ജാഗ്രതയും ഉണ്ടാവണം. ഒരു കൈ കൊണ്ട് മദ്യം വിളമ്പിക്കൊടുക്കുകയും മറ്റേ കൈകൊണ്ട് മദ്യം ആരോഗ്യത്തിന് ഹാനികരമാണ്, വർജിക്കണം, നാട് ലഹരി മുക്തമാകണം എന്നൊക്കെ പറയുന്ന വൈരുധ്യാത്മക നിലപാട് സ്വീകരിക്കുന്ന സർക്കാരിനാൽ നിയോഗിക്കപ്പെട്ട എക്സൈസ് വകുപ്പിനെ തന്നെ കാമ്പയിൻ ചുമതലയും എൽപിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.