സൗദിയില്‍ കുടിശ്ശികയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള വ്യവസ്ഥയുമായി മന്ത്രാലയം

റിയാദ്-ഇഖാമ പുതുക്കാന്‍ തയ്യാറാകാത്ത തൊഴിലുടമയില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറുമ്പോള്‍ പഴയ ഇഖാമ കുടിശ്ശിക ഒഴിവാക്കി പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ പ്രാബല്യത്തില്‍.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴില്‍വിപണി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാണെന്ന അപേക്ഷ അയച്ചുകഴിഞ്ഞാല്‍ തൊഴിലാളിക്ക് തൊഴില്‍മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് പുതിയ ഒപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ഇഖാമ ഫീസ് അദ്ദേഹത്തിന്റെ മേല്‍ തന്നെ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറ്റം എന്ന ഒപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ഇതോടെ തൊഴിലാളികള്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിപ്പോയാലും പഴയ സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് തന്നെ അത് ബാധ്യതയാകും.

പുതിയ വ്യവസ്ഥയോടെ തെഴിലുടമകള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ നിര്‍ബന്ധിതരാകും. കാരണം ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്. ഈ ഘട്ടത്തില്‍ പഴയ കുടിശ്ശിക ബാക്കിവെച്ചായിരിക്കും അവര്‍ സ്‌പോണ്‍സര്‍ഷിപ് മാറിപ്പോവുക. നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിപ്പോയാല്‍ പുതിയ സ്‌പോണ്‍സര്‍ കുടിശ്ശിക അടക്കേണ്ടിയിരുന്നു. എന്നാല്‍ ഈ കുടിശ്ശികയില്‍ പഴയ സ്‌പോണ്‍സര്‍ക്ക് വിട്ടുവീഴ്ചയുണ്ടാകുമോയെന്നറിയില്ല.

 

Latest News