മുക്കം- തിരുവമ്പാടി മുത്തപ്പന്‍പുഴ മേലേ മറിപ്പുഴ വനമേഖലയില്‍ ഉരുള്‍പൊട്ടി, മലയിടിഞ്ഞ് താഴ്ന്നു. മലയിടിച്ചിലിനെ തുടര്‍ന്ന് മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് മറിപ്പുഴയിലേക്ക് പതിച്ചു. മലയിടിഞ്ഞ് വീണ് പുഴയില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടു.വിജനമായ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ആളപായം ഇല്ല. പുഴയില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ പുഴ ഗതിമാറിയൊഴുകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ ഉദ്ഭവസ്ഥലമായ വെള്ളരിമലയുടെ വൃഷ്ടിപ്രദേശമാണിത്. മലവെള്ളപ്പാച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് തീരവാസികള്‍. മുക്കത്തുനിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് മലയിടിച്ചിലുണ്ടായത്.