ഹര്‍ത്താല്‍: കേസില്‍ കുടുങ്ങിയ പ്രവാസികള്‍ നെട്ടോട്ടത്തില്‍; പാര്‍ട്ടികള്‍ കയ്യൊഴിഞ്ഞു

മലപ്പുറം- ഏപ്രില്‍ 16 ന് നടന്ന ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍.എസ്.എസുകാര്‍ അറസ്റ്റിലായെങ്കിലും കഥയറിയാതെ കതുവ പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവാസികളെ പാര്‍ട്ടിക്കാര്‍ കയ്യൊഴിഞ്ഞു. കേസുകളില്‍നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് അവധിക്കെത്തി കേസില്‍ കുടുങ്ങിയ പ്രവാസി യുവാക്കളില്‍ പലരും.

പിച്ചി ചീന്തി കൊല ചെയ്യപ്പെട്ട കാശ്മീര്‍ പെണ്‍കുട്ടിയുടെ പേരില്‍ പ്രതിഷേധിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു ഇവര്‍. 
അറസ്റ്റ് ഭയന്ന്  പ്രവാസികളില്‍ ചിലര്‍ അവധി റദ്ദാക്കി ഗള്‍ഫ് നാടുകളിലേക്ക് മടങ്ങിയതായാണ് വിവരം. മറ്റു ചിലര്‍ പാര്‍ട്ടിക്കാരുടെ സഹായം തേടി. ഹര്‍ത്താലിന്റേയും അക്രമത്തിന്റേയും പേരില്‍ അറസ്റ്റിലായവര്‍ക്ക് നിയമസഹായം പോലും നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടികള്‍. 


ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ രക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍   രണ്ടാഴ്ച കഴിഞ്ഞേ ജാമ്യം കിട്ടൂ. 
വാട്‌സാപിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിക്കാനുള്ള കാരണം അത് ഉയര്‍ത്തിയ വിഷയത്തിന്റെ പ്രസക്തിയാണ്. വിവിധ പാര്‍ട്ടിക്കാര്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാനും പ്രകടനം നടത്താനും രംഗത്തിറങ്ങിയപ്പോള്‍, അവധിക്കെത്തിയ പ്രവാസികളും അതില്‍ പങ്കെടുക്കുകയായിരുന്നു. 


ഹര്‍ത്താലിന്റെ പേരില്‍ വ്യാപക കലാപത്തിനു ശ്രമിച്ചുവെന്നാണ് പോലീസ് ആരോപിക്കുന്നത്. ഹര്‍ത്താല്‍ ആസൂത്രണം ചെയ്തവര്‍ക്ക് അത്തരം ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ പോലും പ്രകടനങ്ങളില്‍ പങ്കെടുത്ത നിരപരാധികളും കേസുകളില്‍ കുടുങ്ങിയിരിക്കയാണ്. 

Latest News