ദോഹ- മയക്കുമരുന്ന് മാഫിയയുടെ കെണിയിലകപ്പെട്ട് ഖത്തറില്‍ ജയിലിലായ മകന്റെ മോചനത്തിന് സഹായം തേടി അമ്മയുടെ നിവേദനം. എറണാകുളം ജില്ലയിലെ വരാപ്പുഴ സ്വദേശി ജയയാണ് മകന്‍ യശ്വന്തിന്റെ (23) മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനും നിവേദനം നല്‍കിയത്.
മകന്‍ നിരപരാധിയാണെന്നും മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ വീഴുകയായിരുന്നെന്നും അമ്മ നിവേദനത്തില്‍ പറയുന്നു.
'മറൈന്‍ ഷിപ്പിംഗില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ മകന് ഖത്തറില്‍ ജോലി ലഭിച്ചെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷിച്ചു. പക്ഷെ അതൊരു കെണിയാണെന്ന് അറിഞ്ഞിരുന്നില്ല. ജോലി നല്‍കിയ ഏജന്റിന്റെ പെരുമാറ്റത്തില്‍ സംശയകരമായി ഒന്നും തോന്നിയില്ല. മകന്‍ ഖത്തറില്‍ അറസ്റ്റിലായ വിവരം അറിഞ്ഞപ്പോഴാണ് എല്ലാം കൈവിട്ടുപോയെന്ന് മനസ്സിലായത്- ജയ പറഞ്ഞു.
ജൂലൈ ഏഴിനാണ് 23 കാരന്‍ കൊച്ചിയില്‍നിന്ന് ദുബായ് വഴി ദോഹയില്‍ എത്തിയത്. ദുബായില്‍ വെച്ച് വിസ ഏജന്റിന്റെ ഒരു പ്രതിനിധി യശ്വന്തിന് പാര്‍സല്‍ കൈമാറുകയും ദോഹയില്‍ ഒരാള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യശ്വന്തിന്റെ പ്രഥമ വിദേശ യാത്രയായതിനാലും മറ്റു സംശയങ്ങളൊന്നും തോന്നാത്തതിനാലും ആ പാര്‍സല്‍ സ്വീകരിച്ചു. പാക്കറ്റില്‍ നിരോധിക്കപ്പെട്ട മയക്കുമരുന്നാണെന്ന് ഹമദ് ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കണ്ടെത്തുകയും യശ്വന്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മകന് ഖത്തറില്‍ നല്ല ജോലി ലഭിച്ചതിന്റെ എല്ലാ സന്തോഷങ്ങളും വീണുടഞ്ഞ മോഹഭംഗവുമായി മകന്റെ മോചനത്തിന് നെട്ടോട്ടമോടുകയാണ് ജയ
മന്ത്രിമാരില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും മകന്റെ മോചനം ഉടന്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമ്മ പറഞ്ഞു.
ജയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച കേരള പോലീസ്, എടത്തല സ്വദേശി നിയാസ് (33), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി ആഷിക് ഷെമീര്‍ (25), വൈക്കം സ്വദേശി രതീഷ് (26) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമാണെന്നാണ് പോലീസ് സംശയിക്കുന്നത്.