തിരുവനന്തപുരം- ചില ആളുകള്‍ വിചാരിക്കുന്നത് പലരും അവരുടെ ഒക്കത്താണെന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന ലത്തീന്‍ അതിരൂപത നേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി വിമര്‍ശിച്ചത്.
മത്സ്യത്തൊഴിലാളികളെ ഈ ചടങ്ങിലേക്കു ക്ഷണിച്ചപ്പോള്‍ ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിലേക്കു പോയി. ആ സന്ദേശം ജനങ്ങള്‍ അറിയണമെന്നുള്ളതു കൊണ്ടാണ് വേദിയില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വീട്ടു വാടകയായി 5500 രൂപ നല്‍കുന്നത് പറ്റിക്കലാണ്, ചതിയാണ്, ആരും ചടങ്ങില്‍ പങ്കെടുക്കരുത് എന്നായിരുന്നു സന്ദേശം. ചതി ശീലമുള്ളവര്‍ക്കേ അങ്ങനെ പറയാന്‍ കഴിയൂ. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേ സര്‍ക്കാര്‍ പറയൂ. ആരെയും ചതിക്കാനും പറ്റിക്കാനും സര്‍ക്കാരില്ല. ഏതൊരു നല്ല കാര്യത്തിനും ഇങ്ങനെ ചില ആളുകള്‍ എതിര്‍ക്കാനുണ്ടാകും. അവര്‍ ചെയ്യുന്നത് സമൂഹം അംഗീകരിക്കാത്ത കാര്യമാണെന്നു തിരിച്ചറിയണം. സര്‍ക്കാരിന്റെ ആത്മാര്‍ഥത മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ നിറഞ്ഞ സദസ്സ്. ചടങ്ങില്‍ പങ്കെടുത്തവരോടെല്ലാം നന്ദിയുണ്ട് മുഖ്യമന്ത്രി പറഞ്ഞു.