റഫ്ഹയിൽ വിമാനസർവീസ് തടസ്സപ്പെട്ടു
റിയാദ്- മധ്യ, കിഴക്കൻ പ്രവിശ്യകളിൽ അടുത്ത ആഴ്ച വരെ മഴ തുടരുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ സാലിഹ് അൽമാജിദ് അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്നലെ റിയാദിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം റഫ്ഹയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ദൃശ്യക്ഷമത പാടേ കുറച്ച രീതിയിൽ അനുഭവപ്പെട്ട കനത്ത പൊടിക്കാറ്റിൽ പ്രദേശത്തെ ജനജീവിതം ദുസ്സഹമായി. പകൽ മുഴുവനായും രാത്രി വരെയും ഏതാണ്ട് റഫ്ഹയിൽ ഇതേ കാലാവസ്ഥ നിലനിന്നു. റിയാദിൽനിന്നും ജിദ്ദയിൽനിന്നും റഫ്ഹയിലേക്കുള്ള വിമാന സർവീസ് പൂർണമായും തടസ്സപ്പെട്ടു. നിരവധി പേർ ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി.
ഹായിൽ പ്രവിശ്യയിലും ഇന്നലെ ശക്തമായ പൊടിക്കാറ്റിന് ശേഷം കനത്ത രീതിയിൽ മഴ പെയ്തു. വൈകുന്നേരം വരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹായിൽ പ്രവിശ്യാ സിവിൽഡിഫൻസ് അറിയിച്ചു.