നല്ല  പേര് കേൾപ്പിച്ച്  ഇറങ്ങിപ്പോയ  എം.ബി. രാജേഷ്

രാജേഷ് പതിനഞ്ച് മാസം കൊണ്ട് ഉണ്ടാക്കി വെച്ചത് കേരളത്തിലെ പ്രഗത്ഭരായ സ്പീക്കർമാരുടെ നിരയിലാണ് താനെന്ന ചരിത്രമാണ്. പല തരത്തിലുള്ള ചരിത്ര വിധികളിലൂടെ (സ്പീക്കർമാരുടെ റൂളിങാണ് അവരുടെ വിധി) അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. ആ റൂളിങുകൾ ഇനി കാലാകാലം ഉദ്ധരിക്കപ്പെടും.

 കേരളത്തിലെ ചില പ്രദേശങ്ങൾക്ക് ചില പ്രത്യേകത ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട് -സൗമ്യരായ മനുഷ്യർ വസിക്കുന്ന  നന്മനാട് എന്നതാണ് ആ പ്രത്യേകത.   പാലക്കാട് ജില്ല പൊതുവെ അങ്ങനെയാണെന്നാണ് തോന്നൽ.  ജന്മസിദ്ധമായ അലിവോടെ സഹജീവികളെ നോക്കുന്ന ആളുകളെ അവിടെ ഏത് ഗ്രാമത്തിലും കാണാനാവും. ഒറ്റപ്പെട്ട മറ്റനുഭവങ്ങൾ ഇല്ലെന്നല്ല പറയുന്നത്. അത്തരമൊരു ജീവിത സാഹചര്യത്തിൽ നിന്നാണ് എം.ബി. രാജേഷ് എന്ന കേരളത്തിന്റെ മുൻ സ്പീക്കറുടെയും വരവ്. ഷൊർണൂർ കയിലിയാട് സ്വദേശി. ചളവറ കയിലിയാട്ടെ റിട്ട. സൈനിക ഉദ്യോഗസ്ഥൻ മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും കാറൽ മണ്ണ മംഗലശ്ശേരി രമണിയുടെയും മകൻ. 1971 മാർച്ചിൽ ജനനം. രാഷ്ട്രീയത്തിൽ ഇനിയുമെത്രയോ കാലം മുന്നിലുള്ള വ്യക്തി. പാർട്ടിക്കാരെ മാത്രമല്ല സർവ മനുഷ്യരെയും 
'ഞാൻ പറഞ്ഞുതരാം' എന്ന് ധരിച്ച ബ്രാൻഡഡ്  ഷർട്ടിന്റെ കോളർ ഒന്ന് തൊട്ട് ഗുരുനാഥനാകുന്ന ടി. ശിവദാസമോനോനെ കണ്ടും, ശിഷ്യപ്പെട്ടും വളർന്ന പാർട്ടിക്കാരൻ. ശിവദാസമേനോൻ അവശനായി കിടന്ന അവസാന നാളുകളിലൊന്നിൽ മാഷെ എന്ന് വിളിച്ച് രാജേഷ് കാണാൻ ചെന്ന രംഗം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പെട്ടെന്ന് രൂപപ്പെട്ട ചില കാരണങ്ങളാലാണ് രാജേഷിന് പദവി മാറേണ്ടിവന്നത്. സ്പീക്കറായ പതിനഞ്ച് മാസവും തന്നാലാവും വിധം കുറ്റമറ്റ നിലയിലായിരുന്നു രാജേഷിന്റെ പ്രവർത്തനമെന്നത് മേൽപറഞ്ഞ കാര്യങ്ങളുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യൻ അവൻ വളർന്ന സാഹചര്യത്തിന്റെയും സ്ഥലത്തിന്റെയും  കൂടി  നിർരിതിയായിരിക്കും.  സ്പീക്കർമാരുടെ പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് - അത്  കാലങ്ങളിലേക്ക് നീണ്ടുകിടക്കുന്ന ചരിത്ര രേഖയായിരിക്കും എന്നതാണത്. രാജേഷ് പതിനഞ്ച് മാസം കൊണ്ട് ഉണ്ടാക്കിവെച്ചത് കേരളത്തിലെ പ്രഗത്ഭരായ സ്പീക്കർമാരുടെ നിരയിലാണ് താനെന്ന ചരിത്രമാണ്. പല തരത്തിലുള്ള ചരിത്ര വിധികളിലൂടെ (സ്പീക്കർമാരുടെ റൂളിങാണ് അവരുടെ വിധി) അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. ആ റൂളിങുകൾ ഇനി കാലാകാലം ഉദ്ധരിക്കപ്പെടും.  വലിയ ഉദാഹരണം എം.എം. മണിയുമായി ബന്ധപ്പെട്ട നിലപാട് തന്നെ. മണിയാശാൻ സി.പി.എമ്മിന്റെ മുതിർന്ന നേതാവ് മാത്രമല്ല, ആ പാർട്ടിയെ സംബന്ധിച്ച് വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് മാത്രം കഴിയുന്ന വിധത്തിൽ  സഹായിച്ച വ്യക്തിയുമാണ്. വി.എസ്. അച്യുതാനന്ദൻ എന്ന പാർട്ടിയിലെ അതിശക്തനെ  സർവ ആയുധങ്ങളുമായി നേരിട്ട മനുഷ്യനാണ് മണി.  വി.എസിന്റെ 'പൂച്ചകളോട്'  അവർ ഇടുക്കിയിൽ ഒഴിപ്പിക്കാൻ വന്നാൽ കാല് തല്ലിയൊടിക്കുമെന്നൊക്കെ ശൗര്യം കൊണ്ട  നേതാവിനെയാണ്  ഇപ്പോൾ അരുതാത്ത ഒരു വാക്ക് പറഞ്ഞതിന്റെ  പേരിൽ വാക്കുകളിൽ പുലർത്തേണ്ട വിവേകത്തെപ്പറ്റി ഓർമിപ്പിക്കാൻ രാജേഷിന് സാധിച്ചത്. കൊല്ലപ്പെട്ട ടി.പി. ചന്ദ്ര ശേഖരന്റെ ഭാര്യ കെ.കെ. രമ വിധവയായത് വിധിയാണെന്ന് നിയമസഭയിൽ പറഞ്ഞ മണി ശരിക്കും പെട്ടുപോവുകയായിരുന്നു. മണി വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമനുസരിച്ച് പറയാൻ പാടില്ലാത്ത വാക്കുപയോഗിച്ച മണി, ആ വാക്കിൽ ശരിക്കും വീണു എന്നതായിരിക്കും നേര്.  ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് മണി പിന്നീട് ഖേദിച്ചതിന് കാരണവും മറ്റൊന്നാവില്ല.   നിയമസഭയിൽ ഇതുപോലുള്ള പ്രയോഗങ്ങൾ നടത്തുന്നവർ ഇനി മേലിൽ ശ്രദ്ധിക്കുമെന്നതൊക്കെ അമിത പ്രതീക്ഷയായിരിക്കുമെങ്കിലും രാജേഷ് സൃഷ്ടിച്ച മാതൃക  അതുകൊണ്ടൊന്നും ചെറുതാകുന്നില്ല. രമയെ അധിക്ഷേപിച്ച മണിക്കെതിരെയുള്ള  വികാരം കമ്യൂണിസ്റ്റ് ഇടതുപക്ഷത്ത് വലിയ രീതിയിൽ  കത്തി നിൽക്കുമ്പോഴുണ്ടായ ഈ വിധി തീർപ്പ് നല്ലൊരു വിഭാഗത്തിന്റെ  കൈയടി നേടാൻ രാജേഷിനെ സഹായിച്ചിട്ടുണ്ട്. ആ കൈയടി സി.പി.എം എന്ന പാർട്ടിക്ക് വല്ല ഗുണവും ചെയ്യുന്നതായിരുന്നോ എന്നതൊക്കെ മറ്റൊരു കാര്യം. നിയമസഭ നൽകുന്ന സംരക്ഷണം ഉപയോഗിച്ച് എന്തും പറയാം, ചെയ്യാം എന്നൊക്കെയുള്ള സാമാന്യ ബോധത്തിന് ഏറ്റ പ്രഹരമായി ഈ മണിയാശാൻ വാക്ക് എഡിറ്റിംഗിനെ കാണാവുന്നതാണ്.  പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ചോദ്യോത്തര വേള കൈകാര്യം ചെയ്ത രീതിയെ എതിർത്തപ്പോഴും രാജേഷ് സൃഷ്ടിച്ചത് മാതൃക തന്നെ. പത്രക്കാർക്ക് ഗാലറിയിൽ നിയന്ത്രണമേർപ്പെടുത്തി എന്ന വാർത്ത രാജേഷിനെ  വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തിയിരുന്നു. ഇന്ത്യൻ പാർലമെന്റിലെ  നല്ല കാലത്ത്  അവിടെ ചെലവഴിച്ച  പത്ത് വർഷങ്ങളും രാജേഷിൽ ഇത്തരം മാറ്റങ്ങൾ വരുത്തിവെക്കാൻ സഹായിച്ചിരിക്കാം. മാധ്യമങ്ങൾക്ക് നിയന്ത്രണ മേർപ്പെടുത്തുന്ന സ്പീക്കറായി അറിയപ്പെടുന്നത് വലിയ നാണക്കേടായി തോന്നിയതൊക്കെ  അതുകൊണ്ടാണ്. ആ ദിവസങ്ങളിൽ മാധ്യമങ്ങൾക്ക്  നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് നിരന്തരമായി മാധ്യമങ്ങളോട് പറഞ്ഞുകൊണ്ടിരുന്ന രാജേഷിനെ എല്ലാവരും ഓർക്കുന്നുണ്ടാകും.  രാഷ്ട്രീയം പറയുമെന്നായിരുന്നു 2021 മെയ് 25 ന് പദവിയിലെത്തുമ്പോൾ രാജേഷിന്റെ പ്രഖ്യാപനം. സൗമ്യമായി മാത്രം കാര്യങ്ങൾ പറയുന്ന രാജേഷ്  വലിയ പ്രതിസന്ധി ഘട്ടത്തിലാണ് നിയമസഭയെ നയിച്ചത്. കോവിഡിന്റെ ഘട്ടത്തിൽ അംഗങ്ങളെക്കൊണ്ട് മാസ്‌കണിയിക്കാൻ രാജേഷ് പെട്ട പാട് വലുതായിരുന്നു. കേരളത്തിൽ അന്ന് കുറച്ചു പേരിലെങ്കിലും കുറ്റമറ്റ മാസ്‌ക് ധാരണ രീതി ഉറപ്പാക്കുന്നതിലും നിയമസഭയിലെ കർശന സ്വഭാവം വഴി വെച്ചിരുന്നു. രാജേഷിരുന്ന കസേരയിലേക്ക് ഇനിയെത്തുന്ന എ.എൻ. ഷംസീറിനെ മാസ്‌കിടാത്തതിന്റെ പേരിലും രാജേഷ് പിടികൂടിയിരുന്നു. മാസ്‌കിടാത്തതിന്റെ പേരിൽ കോവിഡാനന്തര കാലത്ത് രാജേഷിനെ ഇനി തിരിച്ചു പിടികൂടാൻ  സാധ്യതയില്ലെങ്കിലും മറ്റനവധി കാര്യങ്ങളുടെ പേരിൽ അതിന് വഴിയുണ്ട്. അക്കാര്യം രാജേഷ് തന്നെ പറഞ്ഞു വെച്ചിട്ടുമുണ്ട്- ഇനി ഷംസീറിന് രാജേഷിനെ നിയന്ത്രിക്കാം എന്ന്.   

Latest News