രണ്ടു വര്‍ഷമായിട്ടം മാറ്റമില്ലാതെ ശൈഖിന്റെ മൃതദേഹം; പ്രചരിക്കുന്നത് വ്യാജ ഫോട്ടോ

പെഷവാര്‍- രണ്ടു വര്‍ഷം മുമ്പ് നിര്യാതനായ പണ്ഡിതന്‍ സാഹിബ് ഹഖ് സായിബ് എന്ന ശൈഖുല്‍ ഹദീസ് മൗലാന ബസൂര്‍ ജംഹൂറിന്റെ അഴുകാത്ത മൃതദേഹം എന്ന പേരില്‍ ഫോട്ടോകള്‍ പ്രചരിക്കുന്നു.
പാക്കിസ്ഥാനില്‍ പെയ്ത കനത്ത മഴയില്‍ ഖബറിടം തകര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കിടെ ശൈഖുല്‍ ഹദീസിന്റെ മൃതദേഹം പുറത്തെടുത്തുവെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞാണ് ഫോട്ടോ പ്രചരിക്കുന്നത്.
എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് മര്‍ദാനിലെ മദ്രസ ജാമിയ ഇസ്‌ലാമിയ തഫ്ഹീമല്‍ഖുര്‍ആനിലെ മുന്‍ വിദ്യാര്‍ത്ഥി പറഞ്ഞു.
പണ്ഡിതന്റെ ഖബറിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ മൃതദേഹം കേടുകൂടാതെ കണ്ടെത്തിയെന്ന അവകാശവാദവുമായി രണ്ട് ഫോട്ടോകള്‍ അടങ്ങിയ  കൊളാഷാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
അവാമി നാഷണല്‍ പാര്‍ട്ടി (എഎന്‍പി) നേതാവ് മിയാന്‍ ഇഫ്തിഖര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചിത്രം പങ്കുവെച്ചിരുന്നു. മൗലാനയുടെ മൃതദേഹം സംസ്‌കരിച്ച് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷവും അഴുകിയതിന്റെ അടയാളങ്ങളൊന്നും കാണിക്കുന്നില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്.
പ്രചരിക്കുന്ന  ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പരേതനായ ശൈഖുല്‍ ഹ്ദീസിന്റെ മകന്‍ സ്ഥിരീകരിച്ചതായും മര്‍ദാനിലെ ദര്‍സില്‍ പഠിച്ച മൗലാന ഹിദായത്തുല്ല ഹിദായത്ത് പറഞ്ഞു.
മരണത്തിന് മുമ്പ് ആശുപത്രിയില്‍ നിന്ന് എടുത്തതാണ് മൃതദേഹത്തിന്റെ യഥാര്‍ത്ഥ ചിത്രം .
അറ്റകുറ്റപ്പണികള്‍ക്കിടെ മൃതദേഹം ഖബറിടത്തില്‍നിന്ന് പുറത്തെടുത്തില്ലെന്ന് നിരവധി ദൃക്‌സാക്ഷികളും പറഞ്ഞു.
ചിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഫോട്ടോഷോപ്പ് കഴിവുകള്‍ സമര്‍ഥമായി ഉപയോഗിച്ചതായും വ്യക്തമാണ്.

 

Latest News