Sorry, you need to enable JavaScript to visit this website.

കാലിഫോര്‍ണിയന്‍ കാട്ടുതീയില്‍  100 ഓളം വീടുകള്‍ കത്തിനശിച്ചു

ലോസ്ഏഞ്ചല്‍സ്-  അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. ആയിരത്തിലധികം ഏക്കറില്‍ കാട്ടുതീ പടര്‍ന്നു. നൂറോളം വീടുകളും, മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. രണ്ടു പേര്‍ക്ക് പരുക്കുണ്ട്. ആയിരക്കണക്കിന് ആളുകളെ ഈ ഭാഗത്തുനിന്ന് ഒഴിപ്പിച്ചു. അപകടരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ അപകടത്തിലാണെന്നും സിസ്‌കിയോ കൗണ്ടിയിലെ അഗ്‌നിരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രദേശം പൂര്‍ണമായും അടച്ച് വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. 2,600 ആളുകള്‍ താമസിക്കുന്ന വീഡിന് വടക്ക്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതലാണ് മില്‍ ഫയര്‍ ആരംഭിച്ചത്. വളരെ വേഗം തീജ്വാലകള്‍ ലിങ്കണ്‍ ഹൈറ്റ്‌സ് പരിസരത്തേക്ക് പടര്‍ന്നു. വീടുകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുകയും ചെയ്തു. പരുക്കേറ്റ രണ്ട് പേരെ മൗണ്ട് ശാസ്തയിലേ മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില തൃപ്തികരമാണ്. എന്നാല്‍ പൊള്ളലേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.
കാറിക് അഡീഷന്‍ എന്നറിയപ്പെടുന്ന കിഴക്ക് ഭാഗത്തുള്ള വീഡിലെ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാല്‍ ഫയര്‍ സിസ്‌കിയു യൂണിറ്റ് ചീഫ് പറഞ്ഞു. 'ഒറ്റരാത്രികൊണ്ട് കാലാവസ്ഥ മെച്ചപ്പെട്ടു, അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് 20% നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞു, എന്നാല്‍ വീഡിന് വടക്ക് പടിഞ്ഞാറ് വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട മറ്റൊരു തീപിടുത്തം, മൗണ്ടന്‍ ഫയര്‍ ഗണ്യമായി വര്‍ദ്ധിച്ചു. രണ്ട് തീപിടിത്തങ്ങളുടെയും കാരണങ്ങള്‍ അന്വേഷണത്തിലാണ്.' ഫില്‍ അന്‍സോ പറഞ്ഞു.
സെപ്റ്റംബറില്‍ രാജ്യത്തെ താപനില റെക്കോര്‍ഡ് നിലയില്‍ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടായി തുടരുന്ന വരള്‍ച്ച അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായി.
 

Latest News