ഏതെങ്കിലും ചിത്രം വിജയിച്ചാൽ അത് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പുതി കാര്യമല്ല. ലക്ഷ്മി അഭിനയിച്ചു തകർത്ത ചട്ടക്കാരി ബോളിവുഡ് ഏറ്റെടുത്ത് ജൂലിയാക്കി ഇറങ്ങിയപ്പോൾ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്നത് ചരിത്രം. മലയാളത്തിൽ അടുത്ത കാലത്ത് വൻ വിജയം കൈവരിച്ച “പ്രേമം' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തിൽ നിവിൻ പോളി അനശ്വരമാക്കിയ ജോർജ്ജിനെ ഹിന്ദിയിൽ അർജുൻ കപൂർ അവതരിപ്പിക്കും. അഭിഷേക് കപൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോക്ക് ഓൺ, കൈ പോ ചെ, ഫിത്തൂർ എന്നീ ഹിറ്റുകൾ സംവിധാനം ചെയ്ത അഭിഷേക് കപൂർ പ്രേമം റീമേക്കിന്റെ തിരക്കഥ തയാറാക്കുന്ന തിരക്കിലാണ്. മലയാളത്തിൽ മലർ മിസിനെ ഗംഭീരമാക്കിയ സായ് പല്ലവിയെ തന്നെ ഹിന്ദി റീമേക്കിലും അവതരിപ്പിക്കാനാകുമോ എന്ന് ശ്രമം നടക്കുന്നുണ്ട്.
തെലുങ്കിൽ ഈ ചിത്രം റീമേക്ക് ചെയ്തപ്പോൾ നാഗചൈതന്യ ആയിരുന്നു നായകനായത്. മലർ എന്ന കഥാപാത്രത്തെ ശ്രുതിഹാസനും അവതരിപ്പിച്ചു. എന്നാൽ മലയാളം പ്രേമം പോലെ തെലുങ്ക് പ്രേമം സ്വീകരിക്കപ്പെട്ടില്ല. ഹിന്ദിയിലെ പരീക്ഷണം എന്താവുമെന്ന് കണ്ടറിയാം.