Sorry, you need to enable JavaScript to visit this website.

അർജന്റീനക്കൊപ്പം ആര്?

സൗദി ടീം പരിശീലനത്തിൽ
സൗദി ടീം പരിശീലനത്തിൽ
ലിയണൽ മെസ്സി
റോബർട് ലെവൻഡോവ്‌സ്‌കി

ഗ്രൂപ്പ് സി

ലിയണൽ മെസ്സി ബാഴ്‌സലോണ ജഴ്‌സിയിൽ എല്ലാം നേടുകയും അർജന്റീനയുടെ കുപ്പായത്തിൽ നിരാശപ്പെടുത്തുകയും ചെയ്ത കാലം കഴിഞ്ഞു. രാജ്യാന്തര മത്സരങ്ങളിലും മെസ്സി ഇപ്പോൾ ടീമിന്റെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കുന്നു. അർജന്റീന കോപ അമേരിക്ക ട്രോഫി നേടിയത് ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. മൂന്നു പതിറ്റാണ്ടോളം നീണ്ട അർജന്റീനയുടെ ട്രോഫി വരൾച്ചക്കാണ് കോപ അമേരിക്കയിൽ മെസ്സി അന്ത്യം കുറിച്ചത്. ബ്രസീലിൽ ബ്രസീലിനെ ഫൈനലിൽ തോൽപിക്കാൻ മെസ്സിയുടെ അർജന്റീനക്കായി. സൗദി അറേബ്യ, മെക്‌സിക്കൊ, പോളണ്ട് ടീമുകളും ഗ്രൂപ്പ് സി-യിലുണ്ട്. ഒന്നും എഴുതിത്തള്ളാൻ പോന്ന ടീമല്ല. അർജന്റീന-മെക്‌സിക്കൊ മത്സരത്തിന് കൗതുകകരമായ ഒരു അന്തർധാരയുണ്ട്. അർജന്റീനയുടെ മുൻ കോച്ച് ജെറാഡൊ മാർടിനോയാണ് ഇപ്പോൾ മെക്‌സിക്കോയുടെ പരിശീലകൻ. ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് ഡിമാന്റുണ്ടായത് സി-യിലെ മത്സരങ്ങൾക്കാണ്. പ്രത്യേകിച്ചും അർജന്റീന-മെക്‌സിക്കൊ, അർജന്റീന-സൗദി മത്സരങ്ങൾക്ക്. 


അവസാന അവസരം

ടീം: അർജന്റീന
ഫിഫ റാങ്കിംഗ്: 3
ലോകകപ്പിൽ: പതിനെട്ടാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (1978, 1986)
മികച്ച കളിക്കാരൻ: ലിയണൽ മെസ്സി
കോച്ച്: ലിയണൽ സ്‌കാലോണി
സാധ്യത: സെമി ഫൈനൽ

ലോകകപ്പിലെ ഏറ്റവും ചരിത്രവും പാരമ്പര്യവുമുള്ള ടീമുകളിലൊന്നാണ് അർജന്റീന. നാലു തവണയൊഴികെ അവർ എല്ലാ ലോകകപ്പുകളും കളിച്ചു. 1970 ലാണ് അവസാനമായി അർജന്റീനയില്ലാതെ ലോകകപ്പ് അരങ്ങേറിയത്. രണ്ടു തവണ ചാമ്പ്യന്മാരായി. പ്രഥമ ലോകകപ്പിലുൾപ്പെടെ മൂന്നു തവണ ഫൈനലിൽ തോറ്റു. ബ്രസീലിനും ജർമനിക്കും മാത്രമേ അർജന്റീനയേക്കാൾ മികച്ച ലോകകപ്പ് റെക്കോർഡുള്ളൂ. കോപ അമേരിക്ക 15 തവണ നേടിയ റെക്കോർഡ് പങ്കുവെക്കുകയാണ്. കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരാണ്. രണ്ടു തവണ ഒളിംപിക് ചാമ്പ്യന്മാരായി. ആറു തവണ അണ്ടർ-20 ലോകകപ്പ് സ്വന്തമാക്കി. 
ഒന്നാന്തരം ഫോമിലാണ് അവർ ലോകകപ്പിന് വരുന്നത്. കഴിഞ്ഞ 32 മത്സരങ്ങളിലായി അവർ പരാജയമറിഞ്ഞിട്ടില്ല. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ പ്രി ക്വാർട്ടറിൽ ഡെന്മാർക്കിനെ നേരിടേണ്ടി വന്നേക്കാം. കഴിഞ്ഞ യൂറോ കപ്പിൽ സെമി ഫൈനലിലെത്തിയ ടീമാണ് ഡെന്മാർക്ക്. ക്വാർട്ടറിലെത്തുകയാണെങ്കിൽ മിക്കവാറും നെതർലാന്റ്‌സായിരിക്കും കാത്തുനിൽക്കുന്നത്. പ്രതീക്ഷിച്ചതു പോലെ ടീമുകൾ മുന്നേറുകയാണെങ്കിൽ അർജന്റീന-ബ്രസീൽ സെമി ഫൈനലിന്റെ ആവേശത്തിന് ലോകകപ്പ് സാക്ഷ്യം വഹിക്കും. 
അർജന്റീന ഇന്ന് മെസ്സിയെ മാത്രം ആശ്രയിക്കുന്ന ടീമല്ല. മുൻകാലത്ത് പ്രമുഖ കളിക്കാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം സന്തുലനം അവർക്ക് ബലി കഴിക്കേണ്ടി വന്നിട്ടുണ്ട്. മെസ്സിക്കു ചുറ്റും കോച്ച് ലിയണൽ സ്‌കാലോണി നല്ലൊരു ആക്രമണ നിരയെ വളർത്തിയെടുത്തിട്ടുണ്ട്. എന്നാൽ മെസ്സിക്ക് ഇത് അവസാന അവസരമാണ്. മുപ്പത്തിനാലുകാരനായ മെസ്സി ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള സാധ്യത വിരളം. 
ലിയാന്ദ്രൊ പരേദേസും ലൗതാരൊ മാർടിനേസും റോഡ്രിഗൊ ദെ പോളും ഒന്നിനൊന്ന് മികച്ച കളിക്കാരാണ്. വിജയങ്ങൾ ഒന്നിച്ച് ആസ്വദിക്കുന്ന ടീമാണ് ഇപ്പോഴത്തെ അർജന്റീന. മെസ്സിക്കു വേണ്ടി ആഞ്ഞുപിടിക്കാൻ അവർക്ക് ആഹ്ലാദമേയുണ്ടാവൂ. ഈ ലോകകപ്പിൽ കിരീട സാധ്യത കൽപിക്കുന്ന ടീമുകളിൽ മുൻനിരയിലാണ് അർജന്റീന.
2018 ലെ ലോകകപ്പിൽ അർജന്റീനയുടെ സ്ഥാനം അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരുന്നു. ഫൈനൽ റൗണ്ടിൽ പ്രി ക്വാർട്ടറിൽ ഫ്രാൻസിന്റെ സൂപ്പർ നിരക്കു മുന്നിൽ ഏഴു ഗോൾ ത്രില്ലറിൽ അവർ വീഴുകയും ചെയ്തു. ഇത്തവണ അജയ്യമായി യോഗ്യത റൗണ്ട് പൂർത്തിയാക്കാൻ നീലപ്പടക്കു സാധിച്ചു. പഴയകാല അർജന്റീന ടീമുകളുടെ താരമൂല്യം ഇപ്പോഴത്തെ നിരക്കുണ്ടാവില്ല. എന്നാൽ കൂടുതൽ സന്തുലിതമാണ് ടീം. 

സ്വപ്‌നമായി അഞ്ചാം മത്സരം 

ടീം: മെക്‌സിക്കൊ
ഫിഫ റാങ്കിംഗ്: 12
ലോകകപ്പിൽ: പതിനേഴാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ (1970, 1986)
മികച്ച കളിക്കാരൻ: ഹിർവിംഗ് ലൊസാനൊ
കോച്ച്: ജെറാഡൊ മാർടിനൊ
സാധ്യത: ആദ്യ റൗണ്ട്

ലോകകപ്പിലെ സ്ഥിരം പ്രതിനിധികളാണ് മെക്‌സിക്കൊ. 1930 ലെ പ്രഥമ ലോകകപ്പ് മുതൽ അവർ പങ്കെടുക്കുന്നുണ്ട്. യോഗ്യത റൗണ്ടിൽ കളിച്ചിട്ടും ഫൈനൽ റൗണ്ടിലെത്താതിരുന്നത് മൂന്നു തവണ മാത്രം -1934 ലും 1974 ലും 1982 ലും. 2026 ലെ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നാണ്. പെലെയുടെ ബ്രസീൽ ചാമ്പ്യന്മാരായ 1970 ലോകകപ്പും മറഡോണയുടെ അർജന്റീന കിരീടം നേടിയ 1986 ലെ ലോകകപ്പും മെക്‌സിക്കോയിലാണ് നടന്നത്. ലോകകപ്പിൽ കഴിഞ്ഞ ഏഴു തവണയും അവർ ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ട്. ഏഴു തവണയും പ്രി ക്വാർട്ടറിൽ തോൽക്കുകയും ചെയ്തു. ക്വാർട്ടറിലെത്തിയത് രണ്ടു തവണ മാത്രം -മെക്‌സിക്കോയിൽ ലോകകപ്പ് നടന്ന 1970 ലും 1986 ലും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും പ്രി ക്വാർട്ടറിലെ ഒരു കളിയുമായി നാലു മത്സരങ്ങളാണ് മെക്‌സിക്കോക്ക് വിധിച്ചിട്ടുള്ളത്. അതിനാൽ ക്വിന്റൊ പാർട്ടിഡൊ (അഞ്ചാം മത്സരം) എന്നതാണ് ടീമിന്റെ ലക്ഷ്യം. 
ഇത്തവണ യോഗ്യത റൗണ്ടിൽ മെക്‌സിക്കൊ തപ്പിത്തടയുകയായിരുന്നു. നേരിയ വ്യത്യാസത്തിനാണ് പല കളികളിലും കടന്നുകൂടിയത്. മേഖലയിലെ ശക്തമായ ടീമുകളായ അമേരിക്കക്കും കാനഡക്കുമെതിരായ നാലു മത്സരങ്ങളിൽ അവർക്കു ലഭിച്ചത് രണ്ട് പോയന്റ് മാത്രം. 
അർജന്റീനയും മെക്‌സിക്കോയും ലോകകപ്പിലെ സ്ഥിരം എതിരാളികളാണ്. പ്രഥമ ലോകകപ്പിൽ അവർ ഏറ്റുമുട്ടി. പിന്നീട് രണ്ടു തവണ കൂടി മുഖാമുഖം വന്നു. മൂന്നു തവണയും അർജന്റീനയാണ് ജയിച്ചത്. 
ഹിർവിംഗ് ലൊസാനൊ, റൗൾ ജിമിനെസ് തുടങ്ങിയ മികച്ച സ്‌ട്രൈക്കർമാരുണ്ട് മെക്‌സിക്കോക്ക്. എന്നിട്ടും ഗോളടിക്കാൻ അവർ പാടുപെടുകയാണ്. ജീസസ് കൊറോണക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയാണ്. മുൻനിര കളിക്കാർക്ക് പകരക്കാരില്ല എന്നതാണ് മെക്‌സിക്കോയുടെ ഏറ്റവും വലിയ ദൗർബല്യം. 


ലെവൻഡോവ്‌സ്‌കിയും സംഘവും

ടീം: പോളണ്ട്
ഫിഫ റാങ്കിംഗ്: 26
ലോകകപ്പിൽ: ഒമ്പതാം തവണ
മികച്ച പ്രകടനം: മൂന്നാം സ്ഥാനം (1974, 1982)
മികച്ച കളിക്കാരൻ: റോബർട് ലെവൻഡോവ്‌സ്‌കി
കോച്ച്: ചെസ്ലാവ് മിഷ്‌നിയൂവിസ്
സാധ്യത: പ്രി ക്വാർട്ടർ

പോളണ്ട് പ്രധാന ടൂർണമെന്റുകളിൽ ഒരിക്കലും ഷൂട്ടൗട്ടിന്റെ ബലത്തിലല്ലാതെ നോക്കൗട്ട് ഘട്ടം തരണം ചെയ്തിട്ടില്ല. ഗ്രൂപ്പടിസ്ഥാനത്തിൽ രണ്ടാം റൗണ്ട് നടന്ന 1974 ലും 1982 ലുമാണ് അവർ സെമി ഫൈനലിലേക്കു മുന്നേറിയത്. സമീപകാലത്ത് വലിയ ടൂർണമെന്റുകളിൽ നിരാശപ്പെടുത്തുന്നതാണ് പോളണ്ടിന്റെ രീതി. എന്നാൽ ഇത്തവണ യൂറോപ്യൻ പ്ലേഓഫിൽ സ്വീഡനെ തോൽപിക്കാൻ പോളണ്ടിന് സാധിച്ചു. റോബർട് ലെവൻഡോവ്‌സ്‌കിയെ പോലൊരു ഗോളടി വീരനുണ്ടായിട്ടും അതിന്റെ ഗുണം പോളണ്ടിന് ലഭിച്ചിട്ടില്ല. ലെവൻഡോവ്‌സ്‌കിക്കപ്പുറം അധികം താരമൂല്യമുള്ള മറ്റു കളിക്കാരില്ല. 
എഴുപതുകളും എൺപതുകളുമാണ് പോളണ്ടിന്റെ സുവർണ കാലം. 1974 മുതൽ തുടർച്ചയായി നാല് ടൂർണമെന്റുകൾക്ക് അവർ യോഗ്യത നേടി. മനിയിലും എട്ടു വർഷത്തിനു ശേഷം സ്‌പെയിനിലും മൂന്നാം സ്ഥാനത്തെത്തി. പിന്നീടൊരിക്കലും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രകടനം. താരതമ്യേന ദുർബലമായിരുന്നു ഗ്രൂപ്പ്. കൊളംബിയയും ജപ്പാനും സെനഗാലുമായിരുന്നു എതിരാളികൾ. എന്നിട്ടും രണ്ടു കളി തോറ്റു, രണ്ടു ഗോൾ മാത്രമാണ് അടിക്കാനായത്. പിന്നീടങ്ങോട്ട് ലെവൻഡോവ്‌സ്‌കിയുടെ സുവർണ കാലമാണ്. ജർമൻ ലീഗിലും യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചു കൂട്ടിയ ലെവൻഡോവ്‌സ്‌കി റെക്കോർഡുകൾ ഒന്നിനു പിറകെ ഒന്നായി തകർത്തു. പ്ലയർ ഓഫ് ദ ഇയറായി. 
പോളണ്ട് ലോകകപ്പിലെ കറുത്ത കുതിരകളിലൊന്നായിരിക്കും. ഏറെ മുന്നോട്ടു പോവാനുള്ള കരുത്ത് അവർക്കുണ്ട്. പക്ഷേ ആരും വലിയ പ്രതീക്ഷ വെക്കുന്നില്ല. ഗ്രൂപ്പ് ഘട്ടം കടക്കുക എന്നതായിരിക്കും പോളണ്ടിന്റെ പ്രധാന ദൗത്യം. അർജന്റീനക്കു പിന്നിൽ പോളണ്ടോ മെക്‌സിക്കോയോ എന്നതാവും പ്രധാന ചോദ്യം. അതിനാൽ പാളണ്ട്-മെക്‌സിക്കൊ മത്സരം നിർണായകമായിരിക്കും. 

ഏഷ്യൻ വമ്പന്മാർ

ടീം: സൗദി അറേബ്യ
ഫിഫ റാങ്കിംഗ്: 53
ലോകകപ്പിൽ: ആറാം തവണ
മികച്ച പ്രകടനം: പ്രി ക്വാർട്ടർ (1994)
മികച്ച കളിക്കാരൻ: സാലിം അൽദോസരി
കോച്ച്: ഹെർവ് റെനോ
സാധ്യത: ആദ്യ റൗണ്ട് 

ഫ്രഞ്ചുകാരനായ കോച്ച് ഹെർവ് റെനോയുടെ കീഴിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് സൗദി അറേബ്യ. ഏഷ്യയിലെ അവസാന യോഗ്യത റൗണ്ടിൽ ജപ്പാനും ഓസ്‌ട്രേലിയയുമടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായിരുന്നു. അവസാന യോഗ്യത റൗണ്ടിലെ പത്ത് യോഗ്യത മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് സൗദി വഴങ്ങിയത്. തോറ്റത് ജപ്പാനോട് മാത്രം. ലോകകപ്പിനായി ഏറ്റവും നന്നായി ഒരുങ്ങുന്ന ടീം കൂടിയാണ് സൗദി. രണ്ട് ടീമുകൾക്ക് ആഫ്രിക്കൻ നാഷൻസ് കപ്പ് നേടിക്കൊടുത്ത ഏക കോച്ചാണ് റെനോ. 
ലോകകപ്പ് യോഗ്യത റൗണ്ടിലെ മികച്ച പ്രകടനം ഏഷ്യൻ കപ്പിൽ ആവർത്തിക്കാൻ സൗദിക്കു സാധിച്ചിട്ടില്ല. എങ്കിലും ഗ്രൂപ്പിൽ അവഗണിക്കാനാവാത്ത ടീമായിരിക്കും സൗദി. 
1994 ലെ അരങ്ങേറ്റത്തിൽ വമ്പന്മാരെ അട്ടിമറിച്ച് പ്രി ക്വാർട്ടർ വരെ മുന്നേറിയ ടീമാണ് സൗദി. എന്നാൽ പിന്നീടൊരു വിജയത്തിന് കഴിഞ്ഞ ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ഈജിപ്തിനെതിരെയാണ് വിജയം നേടിയത്. 
ഇത്തവണ മെക്‌സിക്കോക്കും പോളണ്ടിനും കനത്ത വെല്ലുവിളി സമ്മാനിക്കാൻ സൗദിക്ക് സാധിക്കുമെന്നാണ് കരുതേണ്ടത്. അതിലൊരു ടീമിനെ തോൽപിക്കാൻ സാധിച്ചാൽ നോക്കൗട്ട് സാധ്യത വെച്ചുപുലർത്താം. പരിചയക്കുറവാണ് സൗദിയുടെ ഏറ്റവും വലിയ പ്രശ്‌നം. എല്ലാ കളിക്കാരും സൗദി ആഭ്യന്തര ലീഗിൽ കളിക്കുന്നവരാണ്. അർജന്റീനയുമായി നവംബർ 22 നാണ് സൗദിയുടെ ആദ്യ മത്സരം. 

 

Latest News