Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

അപഥവഴികളിലെ അബോധ സഞ്ചാരങ്ങൾ

അടുത്ത കാലത്തൊന്നുമില്ലാത്ത വിധം യുവകേരളം ലഹരിക്കടിപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിന്റെ ഭീതിജനകമായ  വാർത്തകളും ചിത്രങ്ങളും കൊണ്ട്  നിറഞ്ഞിരിക്കുകയാണ് മാധ്യമങ്ങൾ മുഴുവനും.  നമ്മുടെ കലാലയങ്ങൾ ആകെപ്പാടെ  മാറിക്കഴിഞ്ഞു എന്ന രീതിയിലാണ് അത്തരം വാർത്തകൾ പ്രചരിക്കപ്പെടുന്നത്. സങ്കടകരമെന്ന് പറയട്ടെ,  അത്തരം വീഡിയോ ഓഡിയോ  ക്ലിപ്പുകളും കുറിപ്പുകളും പ്രചരിപ്പിക്കുന്നത് തന്നെ ഒരു വലിയ ലഹരിയായി മാറിയിരിക്കുകയാണിപ്പോൾ. 


കൗമാര പ്രായക്കാരെ മുഴുവനും സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് മാതാപിതാക്കളെയും  അധ്യാപകരെയും  നിസ്സഹായതയിലേക്ക് തള്ളിവിടുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. അതീവ ഗുരുതരമായ ഇത്തരം സാമൂഹ്യ ജീർണതകളെ ഒറ്റക്കെട്ടായി തടയാൻ വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ജാഗ്രത സമിതികൾ രൂപീകരിച്ച്  പ്രവർത്തിച്ചേ മതിയാവൂ. പരസ്പരം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്ന സാഹചര്യം ഒരു പരിധി വരെ ഇല്ലാതാക്കാൻ അത് സഹായിക്കും. സമൂഹത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന ഈ മഹാ വിപത്തിനെ തുരത്തണമെങ്കിൽ സർവ തലത്തിലുമുള്ള അത്തരം  കൂട്ടായ മുന്നേറ്റം അനിവാര്യമാണ്. ചെറുപ്പക്കാരിലെ ഈ അനാരോഗ്യകരമായ ശീലം ഇത്രമാത്രം വ്യാപകമാവുന്നതിന്റെ  പശ്ചാത്തല കാരണങ്ങളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ഘടകങ്ങളും കൂടി പഠന വിധേയമാക്കേണ്ടതുണ്ട്. ലഹരി വസ്തുക്കൾ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ അനായസേന ലഭ്യമാവുന്നു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അതികർശന നടപടികളിലൂടെ ഇതിന് തടയിടാൻ  സർക്കാരും മാതാപിതാക്കളും കലാലയാധികൃതരും സുമനസ്‌കരായ നാട്ടുകാരും രംഗത്ത്  വന്നേ മതിയാവൂ.


വേലി  തന്നെ വിള തിന്നുന്ന അവസ്ഥയാണ് പലയിടങ്ങളിലും എന്നാണ് അറിയുന്നത്. ലഹരി വസ്തുക്കൾ സുലഭമായി  ലഭ്യമാക്കുന്ന ചങ്ങലകളിലും റാക്കറ്റുകളിലും ഉത്തരവാദപ്പെട്ട പലരും കണ്ണികളാണെന്ന യാഥാർത്ഥ്യം വിവേകമതികളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
കൗമാരക്കാർക്ക് സൃഷ്ടിപരമായ തരത്തിൽ അവരുടെ ഒഴിവ് സമയം ചെലവഴിക്കാനാവശ്യമായ, ആരോഗ്യകരമായ വിനോദങ്ങളും അതിനുള്ള സൗകര്യങ്ങളും ഒരുക്കാൻ ഈ സമിതികൾ മുൻ കൈയെടുക്കണം.
സാഹസിക കൗമാരത്തെ ക്രിയാത്മക കൗമാരമാക്കി മാറ്റാനുതകുന്ന ശിൽപശാലകളും ക്യാമ്പുകളും ഹെൽപ് ഡെസ്‌കുകളും കമ്യൂണിറ്റി കൗൺസലിംഗ് സൗകര്യവും ഒരുക്കുന്നത് നന്നായിരിക്കും. 


പ്രാദേശിക ചരിത്ര പഠനം, നാട്ട് വിജ്ഞാനീയങ്ങൾ, കലാ സാഹിത്യ ചർച്ചകൾ, വായന ശാലകൾ കേന്ദ്രീകരിച്ചുള്ള വിവിധ സാംസ്‌കാരിക പരിപാടികൾ, കായിക മൽസരങ്ങൾ എന്നിവ  സംഘടിപ്പിക്കാൻ അതാത് പഞ്ചായത്തുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കാര്യക്ഷമമായ,  നേതൃപരമായ ഇടപെടൽ മുമ്പൊന്നുമില്ലാത്ത വിധം ആവേശകരമായി  ഉണ്ടാവേണ്ടതുണ്ട്. കൗമാരോൽസവങ്ങൾ എന്ന പേരിൽ വർഷത്തിൽ ഇത്തരം പരിപാടികൾ പൊതു പ്ലാറ്റ് ഫോമിൽ നടത്തിയാൽ വിവിധ രംഗങ്ങളിൽ നമ്മുടെ രാജ്യത്തെ വളർന്നു വരുന്ന പ്രതിഭാധനൻമാരെ കണ്ടെത്താനും അവരെ പ്രോൽസാഹിപ്പിക്കാനും കഴിയും. രക്ഷിതാക്കൾ വീട്ടിലില്ലാത്ത കുട്ടികളുടെ കാര്യത്തിൽ കൂടുതൽ പരിഗണന ആവശ്യമാണ്. പുതിയ പുതിയ ആഡംബര ഫോണുകളും ബൈക്കുകളും വസ്ത്രങ്ങളും ഇലക്ടോണിക് ഉപകരണങ്ങളും സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന ചില വഴിതെറ്റിയ കൗമാരക്കാർ ആവശ്യമായ പണം സമ്പാദിക്കാൻ ഏത് സാഹസികതയും പിഴച്ച വഴികളും സ്വീകരിക്കുകയും  പരീക്ഷിച്ചു നോക്കുകയും ചെയ്യും.    ഇന്നല്ലെങ്കിൽ നാളെ അതു വഴി അപരിഹാര്യമായ ആപത്തിൽ അവർ അകപ്പെട്ടേക്കും എന്ന കാര്യം പ്രത്യേകിച്ച്   പ്രവാസികളായ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ തന്നെ കൗമാരക്കാർ മക്കളായുണ്ടെങ്കിൽ അവരുമായി സൗഹൃദ ഭാഷണത്തിലൂടെ നിത്യേന ഇടപെട്ട് പതിയിരിക്കുന്ന കെണികളിലും  അപകടങ്ങളിലും പെടാതെ രക്ഷപ്പെടുത്തിയെടുക്കാൻ ബോധപൂർവം സമയം കണ്ടെത്തിയേ മതിയാവൂ. അധികം അധ്വാനിക്കാതെ എളുപ്പത്തിൽ പണമുണ്ടാക്കി വിലസണം എന്നതാണ് ചെറുപ്പക്കാരിൽ കണ്ടുവരുന്ന പ്രവണത.


ലഹരി വസ്തുക്കളുടെ വാഹകരായും കഞ്ചാവിന്റെയും എം.ഡി.എം.എയുടെയും ഹാഷിഷിന്റെയുമൊക്കെ ഉപയോക്താക്കളായും ഇടനിലക്കാരായും അത്തരം  കൗമാരക്കാരെ പ്രയോജനപ്പെടുത്താൻ സാമൂഹ്യ ദ്രോഹികൾ സർവതലങ്ങളിലും  പലപ്പോഴും അധികാരികളുടെ മൗനാനുവാദത്തോടെ  വല വിരിച്ച് കാത്തിരിപ്പാണ്. കൂടാതെ കുത്തഴിഞ്ഞ പരസ്യങ്ങൾ, മൊബൈൽ ഗെയിമുകൾ, ലോട്ടറികൾ,   ഓൺലൈൻ ബെറ്റിംഗ്, ഓൺലൈൻ ഫാന്റസി ആപ്പുകൾ തുടങ്ങിയ ഡിജിറ്റൽ ലഹരികളും കൗമാരത്തെ എളുപ്പത്തിൽ പണമുണ്ടാക്കാനും ജീവിതം അടിച്ചുപൊളിച്ച് തകർത്തു തരിപ്പണമാക്കാനും പ്രേരിപ്പിക്കുന്നുമുണ്ട്.
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുകകൾ  കുട്ടികൾ നഷ്ടപ്പെടുത്തിയതിന്റെ കഥകൾ ഒരുപാട് രക്ഷിതാക്കൾക്ക് പറയാനുണ്ടാവും. ബാങ്ക് അധികൃതർക്ക് പോലും തടയിടാനാവാത്ത തരത്തിൽ ആ നവീന സൗകര്യം ദുരുപയോഗം ചെയ്യുന്ന രീതിയിൽ   നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകിയതിൽ  ചില  രക്ഷിതാക്കളെങ്കിലും  ഇപ്പോൾ ഖേദിക്കുന്നുണ്ടാവണം. വേവലാതിപ്പെടേണ്ട, നിങ്ങളുടെ സമീപനങ്ങളിൽ കാതലായ മാറ്റം വരുത്തി നോക്കൂ, അവർ കൂടുതൽ നന്മ നിറഞ്ഞവരായി ഉത്തരവാദിത്ത ബോധമുള്ളവരായി തിരികെയെത്തിയേക്കാം. 

Latest News