Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

സ്വർഗ ജാലകം  തുറന്ന് ഭൂമിയിലേക്ക് നോക്കുന്നയാൾ

ഓർമ

കളമശ്ശേരി സി.ആർ.സി.സിയിലെ ഡോക്ടർ പോളിന്റെ റൂമിൽ നിന്ന് പുറത്തിറങ്ങി  ബദാം മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ചങ്കിൽ അതുവരെയും അണകെട്ടി നിർത്തിയ സങ്കടങ്ങൾ പൊടുന്നനെ ഒരുൾപൊട്ടലായി കണ്ണിലൂടെ ഒഴുകിയിറങ്ങി. തടയണകളില്ലാത്ത ആ ഒഴുക്ക് മറ്റാരും കാണാതിരിക്കാൻ ഞാൻ തല കുനിച്ച്  ആ വലിയ കേസ് ഫയലും തൂക്കി വേഗത്തിൽ നടന്നു ഒറ്റയ്ക്ക്...അപ്പോഴും ഡോക്ടറുടെ വാക്കുകൾ  നെഞ്ചിലിരുന്ന് പെരുമ്പറ മുഴക്കി.
ചികിൽസയെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനി എണ്ണപ്പെട്ട ദിവസങ്ങളേയുള്ളൂ. ഏത് നിമിഷവും മരണം പ്രതീക്ഷിക്കാം. ഒരു സൂചി കുത്തി പോലും നിങ്ങൾ വാപ്പയെ വേദനിപ്പിക്കരുത്. ശാന്തമായി നിങ്ങളുടെ മടിയിൽ കിടന്ന് മരിക്കാൻ അദ്ദേഹത്തെ അനുവദിക്കുക.
ഡോക്ടറുടെ നാവിൽ നിന്ന് ആ അവസാന വാചകം കേട്ടപ്പോൾ എനിക്കദ്ദേഹത്തോട് തീർത്താൽ തീരാത്ത അമർഷമാണ് തോന്നിയത്.  കാരണം എന്റെ വാപ്പ മരിക്കുകയെന്നത് എനിക്ക് അപ്പോഴും സങ്കൽപിക്കനേ കഴിയുന്നതല്ല.
വേറെ എവിടെയെങ്കിലും കൊണ്ടുപോയാലോ..? ഞാൻ പ്രത്യാശയോടെ വീണ്ടും ചോദിച്ചു.
ഒരു പ്രയോജനവുമില്ല. ഇന്നതിന്നതാണ് കാരണങ്ങൾ. ഡോക്ടർ വിശദീകരണം തുടർന്നു.
അതുവരെ അവ്യക്തമായിരുന്ന എന്തെല്ലാമോ വ്യക്തതയുടെ കുപ്പായമെടുത്തണിഞ്ഞ് എന്റെയുള്ളിൽ കനൽ നൃത്തം തുടങ്ങി. സിരകളിൽ അതിന്റെ നീറ്റൽ പടർന്നു പിടിച്ചു.
താഴോട്ട് കുനിഞ്ഞുള്ള എന്റെ നടപ്പ് മെഡിക്കൽ കോളേജിന് മുന്നിലുള്ള ബസ് സ്റ്റോപ്പിലാണവസാനിച്ചത്. പൊടുന്നനെ മഴ പെയ്തു. ഷെഡിൽ ആൾക്കൂട്ടം അധികമായിരുന്നതിനാലും എന്റെ കണ്ണീർ മറ്റുള്ളവർ കാണാതെ കഴുകിപ്പോകാനും ഞാൻ ആ വഴിയരികിലെ മഴ മുഴുവൻ കുടയില്ലാതെ നനഞ്ഞു തീർത്തു. വാപ്പീടെ വിരൽത്തുമ്പിലെ ബാലികയായി ഞാനപ്പോൾ കൊഞ്ചിക്കുഴയുകയായിരുന്നു. 
റോഡിന്റെ നടുക്കു നിന്ന് ഒന്നു മാറി നിക്ക്...സൂക്കേടും കൊണ്ട് ഓരോന്ന് ഇറങ്ങിക്കോളും, മനുഷ്യന് പണിയുണ്ടാക്കാൻ..ഒരു ഓട്ടോക്കാരന്റെ ചീത്ത വിളി കേട്ട് ഞാൻ യാന്ത്രികമായി അൽപം പിന്നിലേക്ക് നീങ്ങി നിന്നു. ഫയലുകളടങ്ങുന്ന പ്‌ളാസ്റ്റിക് കവർ നെഞ്ചോട് ചേർത്തുപിടിച്ചു. 
ഇനി പാലിയേറ്റീവ് ചികിൽസയേ ബക്കിയുള്ളൂവെന്ന് പറഞ്ഞ്, മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർ രാജൻ ഞങ്ങളെ മടക്കി വിട്ട ശേഷം വാപ്പീടെ കേസ് ഫയലുമായി ഡോക്ടർ ഗംഗാധരൻ ഉൾപ്പെടെ പല ഡോക്ടർമാരെയും വ്യക്തിപരമായി കണ്ട് ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു. ആരും പ്രതീക്ഷയുടെ ഒരു കനൽ വെളിച്ചം പോലും കാണിച്ചു തന്നില്ല.  ആ കൊടുംമഴയിലും ഞാൻ വിയർത്തു.
ഏത് വഴിക്ക് പോയി വന്നാലും തിരികെയെത്തും വരെയുള്ള വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ കേൾക്കാൻ കാത് കൂർപ്പിക്കാറുള്ള വാപ്പിച്ച അന്ന് ഒരു ചോദ്യമേ ചോദിച്ചുള്ളൂ.
പ്രതീക്ഷക്ക് വകയുണ്ടോ മോളേ..
കാർമേഘം കരി പടർത്തിയ മുഖത്ത്  ഞാനൊരു പുഞ്ചിരി സൂര്യന്റെ ഒളിയെടുത്തണിഞ്ഞു.
ഉണ്ട്. ഭക്ഷണവും മരുന്നും കൃത്യമായി കഴിച്ചാൽ, ഇനിയും സൈക്കിള് ചവിട്ടി പള്ളിയിൽ പോകാൻ കഴിയുമെന്ന് തന്നെ ഡോക്ടർ പറഞ്ഞു.
അതൊരു തമാശയായി കണക്കാക്കിയിട്ടോ, അതല്ല വാസ്തവമെന്ന് തിരിച്ചറിഞ്ഞിട്ടോ, വപ്പിച്ച കണ്ണ് നിറഞ്ഞ് ചിരിച്ചു.
പിന്നീടുള്ള ദിനങ്ങൾ ശക്തമായ വേദനസംഹാരികളുടെ ബലത്തിൽ കട്ടിലിൽ ഇരുന്നു തന്നെ കഴിച്ചുകൂട്ടി. കിടന്നാൽ വേദന കൂടും. ഗുളികയുടെ കെട്ടഴിഞ്ഞാൽ പിന്നെ നിലവിളിയായി. സദാ നേരവും ഞങ്ങൾ  നാലുപേരും ഉമ്മയും മാറി മാറി, ശരീരത്ത് വിരലോട്ടങ്ങളാൽ തഴുകിത്തണുപ്പിക്കുന്നത് മാത്രമാണൊരാശ്വാസം. മക്കൾ എന്ന ഊന്നു വടികൾ. കോശങ്ങളിലൂടെ വേദനയുടെ മിന്നൽ ചീറിപ്പായുമ്പോൾ പലപ്പോഴും എന്റെ മക്കളേയെന്ന് വിളിച്ചാണ് നിലവിളിക്കുക.
ആശകൾ കൊണ്ട് ആകാശ ദൂരത്തോളം സഞ്ചരിക്കുന്ന മനുഷ്യൻ. കൊച്ചിൻ പോർട്ടിൽ നിന്ന് റിട്ടയർ ചെയ്ത ശേഷവും പൂർണ ആരോഗ്യവാനായി മരം മുറിക്കുകയും വിറക് കീറുകയും അഞ്ച് നേരവും പള്ളിയിലേക്ക് രണ്ട് കിലോമീറ്റർ സൈക്കിള്  ചവിട്ടിയിരുന്ന മൻഷ്യൻ, പൊടുന്നനെ സ്വയം നടക്കാൻ പോലും കെൽപില്ലാത്ത ഒരവസ്ഥയിലേക്ക് മാറ്റപ്പെട്ടപ്പോൾ അദ്ദേഹത്തേക്കാൾ വേദനിച്ചത് ഞങ്ങളുടെ പെൺഹൃദയങ്ങളായിരുന്നു.
വേദനയോട് സന്ധി ചെയ്യാനനുവദിക്കാതെ, ആറടിയിലേറെ പൊക്കവും നല്ല തടിയും പേശീബലവുമുള്ള മനുഷ്യനെ നാലുപേരും ചേർന്ന് പിടിച്ച് ഇരുത്തിയും കിടത്തിയും ദിവസങ്ങൾ തള്ളി നീക്കി. മാറി മാറി ഉറക്കമിളച്ച് കൂട്ടിരുന്നു.
അസുഖം മാറാനാണെന്ന് പറഞ്ഞാൽ ഏത് കൊടുംകയ്പും പഞ്ചാമൃതം പോലെ നുണഞ്ഞിറക്കുമായിരുന്നു. അത്രമാത്രം ജീവിതത്തിലേക്ക് തിരികെയെത്താൻ ആ മനസ്സ് കൊതിച്ചിരുന്നു. മൂത്രം പോകാൻ ട്യൂബ് ഇട്ടതോടെ ആൾ കട്ടിലിൽ നിന്ന് താഴെയിറങ്ങാതായി. നിർബന്ധിച്ച് ഉമ്മറത്ത് കൊണ്ടിരുത്തിയാലും അഞ്ച് മിനിറ്റ് കഴിഞ്ഞാൽ തിരികെപ്പോകാൻ വാശി പിടിക്കും. തോളിൽ കൈയിട്ട് വേച്ച്  നടക്കും. വേദന ഒരു വ്യാളിയെപ്പോലെ നട്ടെല്ലിനു താഴെ നക്കിത്തുടച്ചു കൊണ്ടിരുന്നു. ആ നിലവിളി കാണുമ്പോഴൊക്കെ ഞങ്ങളുടെ ഹൃദയഭിത്തിയിൽ ആരോ മുള്ളാണികൾ കുത്തിയിറക്കി.
പിന്നീടെപ്പോഴോ യൂറിൻ ബാഗിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും മൂത്രത്തിന്റെ അളവ് കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ഇല്ലാതാവുകയും ചെയ്തു. ഡോക്ടർ ഗീതയുടെ നിർദേശപ്രകാരമാണ് അന്ന് സന്ധ്യക്ക് എറണാകുളം ജനറൽ ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ എത്തിച്ചത്. അടിയന്തര രക്തപരിശോധനയിൽ പൊട്ടാസ്യത്തിന്റെ അളവ് പതിന്മടങ്ങ് കൂടിയിട്ടുണ്ട്.  ഐ.സി.യു നിർബന്ധമണെന്ന് അറിയിച്ച പ്രകാരം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ആളെ മാറ്റുകയും ചെയ്തു.
അത്യാഹിത വിഭാഗത്തിലെ കിടക്കയിൽ വേദനയോട് മല്ലിടുമ്പോഴും സ്വബോധത്തോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നു. കഴിക്കാൻ പരിപ്പുവട ആവശ്യപ്പെട്ടു. അത് എത്തിച്ചു കൊടുത്തപ്പോൾ, ഏയ്, ഇത് ഉമ്മ ഉണ്ടാക്കിയതല്ല എന്ന് പറഞ്ഞ് തിരികെ തന്നു.
ശരീരത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ വേവിൽ പതിയെപ്പതിയെ  മറ്റൊരു ബോധതലത്തിലേക്ക് എത്തിപ്പെടുകയായിരുന്നു അദ്ദേഹം. തൊട്ടടുത്തിരുന്ന് കൈകാലുകൾ തടവിക്കൊടുക്കുമ്പോഴും  ഏതോ അജ്ഞാത വികാരത്തിന്റെ പ്രചോദനയാലെന്നവണ്ണം വാപ്പിച്ച കിടന്നുകൊണ്ട് നമസ്‌കരിക്കുകയും സലാം വീട്ടുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ച്, വിശ്വാസത്തിന്റെ ദൃഢത അത്രമേൽ അടിയുറച്ചതായിരുന്നു. ഇടയ്ക്ക് ബോധം വരുമ്പോൾ, വീടിന്റെ മുൻവാതിൽ കുറ്റിയിട്ടോയെന്നും കുഞ്ഞുങ്ങൾക്കെല്ലാം ഭക്ഷണം കൊടുത്തോയെന്നും ചോദിക്കും. അത് കേൾക്കുമ്പോൾ മനസ്സ് നനയും, കണ്ണ് കുതിരും.
ഉവ്വ് വാപ്പീ എല്ലാം ഭദ്രമാണ്. വിഷമിക്കാതെ കിടക്ക്. ഞാൻ നെറ്റിയിൽ തടവും. സ്വന്തം സംരക്ഷണയിലുള്ള ഞങ്ങൾ പെണ്ണുങ്ങളെപ്പറ്റി എന്തൊരു കരുതലായിരുന്നു ആ മനുഷ്യന് എന്നോർക്കുമ്പോൾ  നെഞ്ചകം ഇപ്പോഴും വിങ്ങുന്നു. ആ കിടപ്പിൽ പതിയെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും  ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിക്കുകയും ചെയ്തു. ഓക്‌സിജൻ മാസ്‌ക് വെച്ചും എന്നോട് ഇടയ്ക്ക് കളിചിരികൾ പറഞ്ഞു ഞങ്ങൾ സെൽഫിയെടുത്തു. പിന്നെ ശ്വാസമെടുക്കാൻ  കൂടുതൽ ബുദ്ധിമുട്ടുകയും തുടർന്ന് വെന്റിലേറ്റർ ഘടിപ്പിക്കുകയുമായിരുന്നു.  വെന്റിലേറ്ററിൽ കിടന്ന രാത്രി വേദന കൊണ്ട് അലറി വിളിക്കുന്നത് പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നു.
കഴിക്കാനെന്തെങ്കിലും കൊടുത്തില്ലെങ്കിൽ തൊണ്ട തുളച്ച് ട്യൂബ് ഇടേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിവർത്തിയിരുത്തി, തേങ്ങാപാലിൽ കുതിർത്ത പത്തിരി വായിൽ വെച്ചു കൊടുത്തത്. ഒരിറക്ക് കഴിഞ്ഞപ്പോൾ ശക്തമായി ചുമയ്ക്കുകയും ശ്വാസം കിട്ടാതാവുകയും കണ്ണുകൾ മേൽപോട്ട് മലയുകയും ചെയ്തു. അത് കണ്ട ഞങ്ങൾ ഉറക്കെ നിലവിളിച്ചു. വെന്റിലേറ്റർ മാസ്‌ക് തിരികെ വെച്ച് ഡോക്ടർ ഉടനെ സി.പി.ആർ കൊടുത്തു. വീണ്ടും പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും  സംസാരം  നിലച്ചിരുന്നു. പിന്നെ ദീർഘമായ മയക്കം. മെഷീനുകളുടെ സഹായത്താൽ ശ്വാസമെടുക്കുന്നുവെന്ന് മാത്രം.
ശരിക്കും ആ ഒരവസ്ഥായിലാണ് ഞങ്ങൾക്ക് നിരാലംബത്വം എന്തെന്ന്  ബോധ്യപ്പെട്ടത്. ചുറ്റുമിരുന്ന് കലിമയും ദിക്‌റുകളും ചൊല്ലിക്കൊടുക്കുമ്പോൾ, വാപ്പിച്ചീടെ ഉപബോധ മനസ്സ് തീർച്ചയായും അതേറ്റ് ചൊല്ലിയിരിക്കണം. കാരണം പ്രപഞ്ചനാഥനായ സ്രഷ്ടാവിൽ അദ്ദേഹം അതിരറ്റ് വിശ്വസിച്ചിരുന്നു. ഐ.സി.യുവിലും  ഞങ്ങളെ ചുറ്റുമിരിക്കാൻ അനുവദിച്ച മെഡിക്കൽ കോളേജ് ഐ.സി.യു  ജീവനക്കാരോട് കടപ്പാടുണ്ട്. പ്രാർത്ഥനകൾക്കും മന്ത്രധ്വ്വനികൾക്കുമിടയിലെപ്പോഴോ, ശരീരത്തോട് ഘടിപ്പിച്ചിരുന്ന  യന്ത്രങ്ങളുടെ വെളിച്ചങ്ങൾ മങ്ങിയണയണഞ്ഞ്, ശബ്ദങ്ങൾ നിലച്ച്  ഇ.സി.ജിയിലെ ഒരു നേർരേഖയായി വാപ്പിച്ചീടെ ജീവൻ നിശ്ശബ്ദം അല്ലാഹുവിലേക്ക് മടങ്ങി. യത്തീം എന്ന വാക്കിന്റെ ഭാരവും പേറിയൊരു കരച്ചിൽ നാലു കണ്ഠങ്ങളിൽ നിന്ന് ചുറ്റുപാടേക്ക് ചിതറിത്തെറിച്ചു. സങ്കടത്തിന്റെ സുനാമിത്തിരയിൽ പരസ്പരം കൈവിട്ട്  എങ്ങോട്ടോ ഒഴുകി. ഇനിയൊരാശ്രയം, ഒരത്താണി ആരെന്ന വലിയ ചോദ്യം ഞങ്ങളെ നിസ്സഹായരാക്കി. കരയുമ്പോൾ സങ്കടങ്ങൾ ഒഴുകിപ്പോകുമെന്ന് പറയാറുണ്ടെങ്കിലും ഈ സങ്കടം ഒരു കാലത്തും ഒഴുകിപ്പോകാതെ ഞങ്ങൾ നാലു മക്കളുടെയുള്ളിലും ഘനീഭവിച്ചങ്ങനെ കിടക്കും.
സ്വർഗത്തിൽ തനിക്ക് കൈവന്ന ആനന്ദങ്ങളിൽ മുഴുകാതെ, ഇടക്കിടക്ക് സ്വർഗത്തിന്റെ വാതിലുകൾ തുറന്ന് മക്കൾ ഉണ്ടോ, ഉറങ്ങിയോ എന്നറിയാൻ   ഭൂമിയിലേക്ക് നോക്കുന്ന ഒരാളേയുണ്ടാകൂ. അതെന്റെ വാപ്പിച്ചിയാണ്.  ഭാര്യക്കും പെണ്മക്കൾക്കും താൻ നൽകിയിരുന്ന കരുതലിന്റെ വലയത്തെപ്പറ്റി അത്രമാത്രം ബോധവാനായിരിക്കും മരണാനന്തരവും അദ്ദേഹമെന്നുറപ്പ്. അല്ലേലും മരണത്തിന് ആരോടും ദയയില്ലല്ലോ.

Latest News