ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചു, മമതക്കെതിരെ കൂട്ടപ്പൊരിച്ചില്‍

കൊല്‍ക്കത്ത- ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചുള്ള മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെ പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ആര്‍.എസ്.എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബി.ജെ.പിയെ പിന്തുണക്കാത്ത നിരവധി പേര്‍ അതിലുണ്ടെന്നുമുള്ള മമതയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കാധാരം. സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ മമതയ്ക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. മമതയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ലെന്ന് ബി.ജെ.പി നേതാക്കളും പ്രതികരിച്ചു.

ബുധനാഴ്ചയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഒരു ചടങ്ങിനിടെ ആര്‍.എസ്.എസിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. 'നേരത്തെ ആര്‍.എസ്.എസ് അത്ര മോശമായിരുന്നില്ല. അവരിപ്പോഴും മോശമാണെന്ന അഭിപ്രായം തനിക്കില്ല. ആര്‍.എസ.്എസില്‍ നല്ലവരും ബി.ജെ.പിയെ പിന്തുണക്കാത്തവരുമായ ആളുകള്‍ ധാരാളമുണ്ട്', മമത പറഞ്ഞു.

ബംഗാളിലെ രാഷ്ട്രീയ ആക്രമണങ്ങളില്‍ മമത തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളട്ടെ എന്നാണ് ആര്‍.എസ്.എസ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്. മമത 2003-ലും ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചിരുന്നു, സംഘപരിവാറിന് മമത ദുര്‍ഗയായിരുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മമത ആര്‍.എസ്.എസിന്റെ ഉത്പന്നമാണെന്ന് തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പ്രസ്താവനയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമതയെ വിശ്വസിക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത തന്റെ രാഷ്ട്രീയ ലാഭത്തിനായി ഹിന്ദു മതമൗലികവാദത്തേയും മുസ്ലിം മതമൗലികവാദത്തേയും ഒരുപോലെ താലോലിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.

എന്നാല്‍, മതേതര നിലപാട് മമതക്ക് ആരുടേയും മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ് പറഞ്ഞു.

 

Latest News