ന്യൂദല്‍ഹി- സാധാരണ പരിഹാസത്തെ ക്രൂരതയായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീധന മരണക്കേസില്‍ ഭര്‍ത്താവിനേയും മാതാപിതാക്കളെയും കുറ്റവിമുക്തരാക്കി ദല്‍ഹി കോടതി.
സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന കേസിലാണ് ഉത്തരവ്. കുടുംബ ഘടനയ്ക്കുള്ളില്‍ സാധാരണ പരിഹാസങ്ങള്‍ ക്രൂരതയായി മാറില്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതോ മനഃപൂര്‍വം സഹായിച്ചതോ ആണെന്ന് തെളിയിക്കാന്‍ ലഭ്യമായ രേഖകളും തെളിവുകളും പോരെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതി ക്രൂരതയ്‌ക്കോ പീഡനത്തിനോ ഇരയായെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
വിവാഹം കഴിഞ്ഞ് 15 മാസത്തിനുള്ളില്‍ യുവതി തൂങ്ങിമരിച്ച കേസാണ് കോടതി പരിഗണിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അമ്മായിയമ്മയും മകളെ പീഡിപ്പിക്കാറുണ്ടെന്ന് മരിച്ച യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.ഭര്‍ത്താവിനെതിരെ
ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി.
മരണത്തിന് തൊട്ടുമുമ്പ് പീഡിപ്പിച്ചതായോ ക്രൂരത കാണിച്ചതായോ സ്ത്രീധനം ആവശ്യപ്പെട്ടതായോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീരജ് ഗൗര്‍ പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ അമ്മ മൊഴിയില്‍ ഉറച്ചുനിന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.