വിവിധ സംവിധാനങ്ങളിലെ തകരാറുകൾ കണ്ടെത്തുന്നവർക്ക് കൂടുതൽ പാരിതോഷികം വാഗ്ദാനം ചെയ്ത് ഗൂഗിൾ. ഓപൺ സോഴ്സ് പദ്ധതികളിലെ തകരാറുകളും വൈറസുകളും കണ്ടെത്തുന്നവർക്ക് 100 ഡോളർ മുതൽ 31,337 ഡോളർ വരെ പാരിതോഷികം നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഗവേഷകർക്കും എൻജിനീയർമാർക്കും ഈ മേഖലയിൽ വലിയ അവസരമാണ് ഗൂഗിൾ നൽകുന്നത്.
ആംഗുലർ, ഗോലാങ് തുടങ്ങിയ സങ്കീർണമായ പ്രോജക്ടുകളിലെ തകരാറുകൾ ചൂണ്ടിക്കാണിക്കുന്നവർക്കാണ് കൂടിയ തുകയുടെ പാരിതോഷികം ലഭിക്കുക. നിലവിൽ തങ്ങളുടെ വൾണറബിലിറ്റി റിവാർഡ് പ്രോഗ്രാം (വി.ആർ.പി) പ്രകാരം 38 ദശലക്ഷം ഡോളർ പാരിതോഷികമായി നൽകിയിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി.
ആൻഡ്രോയിഡ് സേവനങ്ങളിലും മറ്റുമുള്ള ബഗ് കണ്ടെത്തി ധാരാളം ഇന്ത്യക്കാർ ഗൂഗിൽ റിവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഗൂഗിളിനു പുറമെ, ആപ്പിൾ, ഫേസ്ബുക്ക് പോലുള്ള ടെക് കമ്പനികളും ബഗുകൾ കണ്ടെത്തുന്നതിന് ഗവേഷകർ, എൻജിനീയർമാർ, സൈബർ വിദഗ്ധർ എന്നിവർക്ക് വലിയ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.






