ട്വിറ്റർ വാങ്ങാനുള്ള ഇടപാടിൽനിന്ന് എലോൺ മസ്ക് പിൻവാങ്ങിയതു സംബന്ധിച്ച കേസിൽ വാദം കേൾക്കൽ നവംബർ വരെ നീട്ടിവെക്കണമെന്ന് ആവശ്യം. കോടതി രേഖകൾ പ്രകാരം ഒക്ടോബർ 17 മുതലാണ് വാദം കേൾക്കൽ ആരംഭിക്കേണ്ടത്. ട്വിറ്ററിലെ സുരക്ഷ വീഴ്ചകൾ അടക്കമുളള കാര്യങ്ങൾ വെളിപ്പെടുത്തിയ മുൻ സുരക്ഷ മേധാവി പീറ്റർ സാറ്റ്കോയുടെ വെളിപ്പെടുത്തൽ കൂടി കേസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മസ്കിന്റെ അഭിഭാഷക സംഘം ട്വിറ്ററിന് പുതിയ കത്തയച്ചു. 4400 കോടി ഡോളറിന്റെ ഇടപാട് ഒഴിവാക്കാനുള്ള ഒരു കാരണം സാറ്റ്കോയുടെ വെളിപ്പെടുത്തലാണെന്ന് മസ്ക് അവകാശപ്പെടുന്നു.
ശരീര ഭാരം ഒമ്പത് കിലോ കുറഞ്ഞെന്ന് മസ്ക്
ഒമ്പത് കിലോയോളം തൂക്കം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ലോകത്തെ അതിസമ്പന്നരിൽ ഒരാളായ എലോൺ മസ്ക്. അനാരോഗ്യകരമായ ശരീര ഭാരമാണ് ഉണ്ടായിരുന്നതെന്നും ഒമ്പത് കിലോ കുറയ്ക്കാനായെന്നും ട്വിറ്റർ ഉപയോക്താവിന് നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. അടുത്തിടെയായി ഇടക്കിടെ വ്രതമെടുക്കുന്നുണ്ടെന്നും അതിന്റെ ഫലമായി കൂടുതൽ ആരോഗ്യവാനായി അനുഭവപ്പെടുന്നുണ്ടെന്നും മസ്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
എലോൺ മസ്ക് വലിയ തീറ്റപ്രിയനാണെന്നും ശരീര ഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടതായും മസ്കിന്റെ പിതാവ് എറോൾ ഈയിടെ പറഞ്ഞിരുന്നു.
ഫെയ്സ് ബുക്ക് ഗെയിമിംഗ് ആപ്പിന് വിട
ആപ്പിളിന്റെ ഐ.ഒ.എസിനും ആൻഡ്രോയിഡിനുമുള്ള ഫെയ്സ്ബുക്കിന്റെ ഗെയിമിംഗ് ആപ് നിർത്തുന്നു. ഒക്ടാബർ 28 നു ശേഷം ഡൗൺലോഡ് ചെയ്യാനാവില്ല. ആപ് ഉപേക്ഷിക്കുന്നതിന്റെ കാരണം മാതൃകമ്പനിയായ മെറ്റ വെളിപ്പെടുത്തിയിട്ടില്ല. 2018 ലാണ് ഫെയ്സ് ബുക്കിന്റെ ഗെയിമിംഗ് ആപ് ആരംഭിച്ചത്. ഇത്തരമൊരു മൊബൈൽ ആപ് വികസിപ്പിക്കാൻ കമ്പനി രണ്ടു വർഷമെടുത്തിരുന്നു.
രണ്ട് മുതിർന്ന് ഉദ്യോഗസ്ഥർ സ്നാപ് വിട്ടു
ഇരുപത് ശതമാനത്തോളം ജീവനക്കാരെ കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനു പിന്നാലെ രണ്ട്് മുതിർന്ന് എക്സിക്യൂട്ടീവുകൾ സ്നാപ് വിട്ടു. രണ്ടാം പാദ ഫലം മോശമായതിനെ തുടർന്ന് സ്നാപ് 20 ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ ആലോചിക്കുകയാണെന്ന് ദ വെർജ് ആണ് റിപ്പോർട്ട് ചെയ്തത്. 6400 ലേറെ ജീവനക്കാരാണ് സ്നാപ്പിലുള്ളത്. റിപ്പോർട്ട് പുറത്തുവന്ന് രണ്ട് മണിക്കൂറാകുന്നതിനു മുമ്പാണ് രണ്ട് സീനിയർ ഉദ്യോഗസ്ഥർ രാജിവെച്ചത്.
വില കുറഞ്ഞ ചൈനീസ് ഫോണുകൾ നിരോധിക്കില്ല
ഇന്ത്യയിൽ 12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കുമെന്ന വാർത്തകൾ കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചു. ചൈനീസ് ഫോണുകളുടെ വിൽപന തടയാൻ സർക്കാരിന് പദ്ധതികളില്ലെന്ന് പറഞ്ഞ അദ്ദേഹം റിപ്പോർട്ടിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി. ഇന്ത്യൻ ഫോൺ ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ ദൗത്യമാണ്. കൃത്രിമങ്ങൾ കാരണം ഇന്ത്യൻ ബ്രാൻഡുകൾ പുറന്തള്ളപ്പെടുന്നുണ്ടെങ്കിൽ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
തടസ്സമില്ലാഞ്ഞിട്ടും കാർ നിന്നു; ടെസ്ലക്കെതിരെ കേസ്
റോഡിൽ തടസ്സമൊന്നും ഇല്ലാതിരുന്നിട്ടും ടെസ്ല കാർ പൊടുന്നനെ റോഡിൽ നിന്നതിനെ തുടർന്ന് അമേരിക്കക്കാരനായ ജോസ് അൽവാരിസ് ടോളെഡോ എന്നയാൾ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. അപ്രതീക്ഷിതമായി കാർ നിലച്ചത് ഭീതിയിലാക്കിയെന്നും അതൊരു ഭീകര സ്വപ്നമായി വോട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി കാർ നിന്നത് ബ്രേക്ക് തകരാറാണെന്നും അമേരിക്കയിലെ എല്ലാ ടെസ്ല കാർ ഉടമകൾക്കുമായി പരിഹാര നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.






