ഗുലാം നബിയെന്ന കേരള വിരോധി 

കേരളത്തിൽ തിരുവനന്തപുരത്ത് ഒരു അന്താരാഷ്ട്ര വിമാനത്താവളം  മാത്രമുണ്ടായിരുന്നപ്പോൾ കോഴിക്കോട്ട് അന്താരാഷ്ട്ര താവളം വേണമെന്ന  ആവശ്യമുയർന്നു. അന്ന് കോഴിക്കോട്ടെത്തിയ കേന്ദ്ര വ്യോമ ഗതാഗത മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് അഞ്ഞൂറ് കിലോ മീറ്റർ ദൂരത്തിനിടക്ക് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം പറ്റില്ലെന്നായിരുന്നു. ഇപ്പറഞ്ഞതിൽ കാര്യമില്ലെന്ന് പിൽക്കാലത്ത് നെടുമ്പാശ്ശേരിയും കരിപ്പൂരും കണ്ണൂരും രാജ്യാന്തര പദവിയിലേക്ക് ഉയർന്നപ്പോൾ വ്യക്തമാവുകയും ചെയ്തു. 

 

സത്യൻ അന്തിക്കാടിന്റെ സന്ദേശം സിനിമയിൽ യശ്വന്ത് സഹായിയെന്ന പേരിൽ ഇന്നസെന്റ് അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. കോൺഗ്രസ് പോലൊരു പാർട്ടിയുടെ ദേശീയ നേതാവായാണ് സഹായിയെ സ്‌ക്രീനിൽ കണ്ടത്. കേരളത്തിലും വരുന്നുണ്ട് ഭാരത യാത്രയുടെ ഭാഗമായി കക്ഷി.
നാരിയൽ കി പാനി വേണമെന്ന് ബഹളം വെച്ചങ്ങനെ പോകുന്നു. ഏതാണ്ട് അതേ അവസ്ഥയേ ഗുലാം നബി ആസാദ് എന്ന വൻമരം പാർട്ടി വിട്ടപ്പോഴും സംസ്ഥാനത്തെ പാർട്ടി അണികൾക്ക് അനുഭവപ്പെട്ടിരിക്കുകയുള്ളൂ.  ദക്ഷിണേന്ത്യയിലും കാര്യമായ സ്വാധീനമില്ല. പിന്നെ അവകാശപ്പെടാനുള്ളത് കശ്മീരിലാണ്. അവിടത്തെ മുഖ്യമന്ത്രിയായിരുന്നുവല്ലോ അദ്ദേഹം. കശ്മീരിലും ഇപ്പോൾ കാര്യങ്ങൾ പി.ഡി.പിയും നാഷണൽ കോൺഫറൻസും ബി.ജെ.പിയുമൊക്കെയാണ്. നരസിംഹ റാവു മന്ത്രിസഭയിൽ അംഗമായിരുന്നു ഗുലാം നബി. കേന്ദ്രത്തിൽ വ്യോമയാന മന്ത്രിയായിരിക്കേ കേരളത്തെ കഴിയുന്നത്ര ഉപദ്രവിച്ചിട്ടുമുണ്ട്.  


മലബാറുകാരുടെ സുദീർഘകാല സ്വപ്‌നമായിരുന്ന കോഴിക്കോട് വിമാനത്താവളം 1988 ഏപ്രിൽ പതിമൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. 92 ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന്, പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ കലക്ടർ അമിതാഭ് കാന്തും കെ. മുരളീധരൻ എം.പിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്നിട്ടിറങ്ങി അതിന് പരിഹാരമുണ്ടാക്കി. ഗൾഫ് രാജ്യങ്ങളിൽ കറങ്ങി പണമുണ്ടാക്കി. ഹഡ്‌കോ വായ്പയെടുത്ത് റൺവേ ആവശ്യാനുസരണം വികസിപ്പിച്ചു. ഇത് തിരിച്ചടയ്ക്കാൻ കുറെ കാലം യൂസേഴ്‌സ് ഫീയും ഈടാക്കി.  കേരളത്തിൽ പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമാണ് കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള ഈ വിമാനത്താവളം മലബാർ പ്രവാസികളുടെ ഗേറ്റ് വേയാണ്. കേരളത്തിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം (തിരുവനന്തപുരം) മാത്രമുണ്ടായിരുന്നപ്പോൾ കോഴിക്കോട്ട് അന്താരാഷ്ട്ര താവളം വേണമെന്ന  ആവശ്യമുയർന്നു. അന്ന് കോഴിക്കോട്ടെത്തിയ കേന്ദ്ര വ്യോമ ഗതാഗത മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് അഞ്ഞൂറ് കിലോ മീറ്റർ ദൂരത്തിനിടക്ക് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം പറ്റില്ലെന്നായിരുന്നു. ഇപ്പറഞ്ഞതിൽ കാര്യമില്ലെന്ന് പിൽക്കാലത്ത് നെടുമ്പാശ്ശേരിയും കരിപ്പൂരും കണ്ണൂരും രാജ്യാന്തര പദവിയിലേക്ക് ഉയർന്നപ്പോൾ വ്യക്തമാവുകയും ചെയ്തു. ഇത്രയും മികച്ച ട്രാക്ക് റെക്കോർഡുള്ള അദ്ദേഹം പിരിയുമ്പോൾ മലയാളികൾ ഏറെയൊന്നും ദുഃഖിക്കാനിടയില്ല. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ പ്രത്യേക താൽപര്യമെടുത്ത് നടപ്പാക്കിയ മലയാളിയായ കേന്ദ്ര സഹ മന്ത്രി വേറെയുണ്ട്. കരിപ്പൂർ വിമാനത്താവളം ഹജ് എംബാർക്കേഷൻ പോയന്റായി  പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ ഔദ്യോഗികമായി അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചിരുന്നില്ല. ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം മനസ്സുവെച്ചാൽ എന്തും നടക്കുമെന്ന് മനസ്സിലാക്കാൻ ഇത് സഹായകമായി. 
ഗുലാം നബിയുടെ ഒരു സഹായവുമില്ലാതെയാണ് കേരളത്തിൽ പിന്നീട് വന്ന അന്താാരാഷ്ട്ര വിമാന താവളങ്ങൾ പടർന്നു പന്തലിച്ചത്. 


കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും പടിയിറങ്ങിയത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ രാഹുൽ ഗാന്ധിക്കെതിരെ പുകയുന്ന അതൃപ്തിയുടെ തീയിൽ എണ്ണയൊഴിച്ചുകൊണ്ടാണ്. ഗുലാം നബി ആസാദിന്റെ  രാജിക്കത്ത് അക്ഷരാർത്ഥത്തിൽ രാഹുൽ ഗാന്ധിക്കെതിരെയുളള കുറ്റപത്രമാണ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ പ്രശംസിക്കുന്ന ഗുലാം നബി ആസാദ് രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതോടെയാണ് കോൺഗ്രസിന്റെ പതനം ആരംഭിച്ചതെന്ന്  അടിവരയിട്ട് പറയുന്നു. ഒന്ന്, രണ്ട് യു.പി.എ സർക്കാർ രൂപീകരണം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വിജയകരമായത് മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പരിഗണിച്ചതുകൊണ്ടാണ്. എന്നാൽ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്തുന്നില്ല എന്നതാണ് പ്രധാന ആരോപണം. 
2014 മുതൽ തുടർച്ചയായി ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ്. 2004 മുതൽ തുടർച്ചയായി പത്ത് വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിച്ച ശേഷമാണ് എൻ.ഡി.എയുടെ മോഡി സർക്കാർ അധികാരമേറ്റത്. രാഷ്ട്രീയത്തിൽ നാളെ എന്താണ് സംഭവിക്കുകയെന്ന് പറയാൻ സാധിക്കില്ല. തകർന്നടിഞ്ഞിടത്ത് നിന്ന് തിരികെ വന്ന പാർട്ടിയാണ് കോൺഗ്രസ്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലമല്ല രാഹുൽ ഗാന്ധി നേരിടുന്നത്. കോൺഗ്രസിലെ തലയെടുപ്പുള്ള ചില നേതാക്കൾ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ച ശേഷം എഴുപതാമത്തെയും എൺപതാമത്തെയും വയസ്സിൽ പാർട്ടിയെ തള്ളിപ്പറഞ്ഞ് രാജി വെച്ചൊഴിയുകയാണ്. 2019 ലെ തെരഞ്ഞടുപ്പിൽ അതിദയനീയമായിരുന്നു കോൺഗ്രസിന്റെ കക്ഷിനില. എന്നിട്ടും ഇരുപത്തഞ്ച് കോടി ഇന്ത്യക്കാരുടെ വോട്ടുകൾ നേടാൻ രാഹുൽ ഗാന്ധി നയിച്ച പാർട്ടിക്ക് സാധിച്ചു. 
നെഹ്‌റു  കുടുംബത്തിൽ നിന്ന് തന്നെയാണ് സ്ഥാനാർത്ഥി എത്തുന്നതെങ്കിൽ മത്സരമുണ്ടാകില്ലെന്നും സൂചനയുണ്ട്.  കോൺഗ്രസിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്‌ടോബർ 17 നെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിൽ ആരുമുണ്ടാകില്ലെന്ന് എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 
ഗുലാം നബിയുടെ പിന്മാറ്റം പെട്ടെന്നൊരു നാൾ സംഭവിച്ചതല്ല. പാർലമെന്റിൽ അദ്ദേഹത്തിന്റെ വിട വാങ്ങൽ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിങ്ങിപ്പൊട്ടിയത് മറക്കാറായിട്ടില്ല. കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ താമസ കേന്ദ്രം ഒഴിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും കേൾക്കുന്നു. എ.കെ. ആന്റണി കാലാവധി പൂർത്തിയാക്കിയപ്പോൾ ഒഴിവു വന്ന രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് ഗുലാം നബി ആഗ്രഹിച്ചിരുന്നു. അത് യുവാക്കൾക്ക് നൽകിയതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയതെന്നും ശ്രുതിയുണ്ട്. 


കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് നടത്തിയ മോഡി സ്തുതി ശ്രദ്ധേയമാണ്. മോഡി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് താൻ കരുതിയത്. എന്നാൽ മനുഷ്യത്വവും കരുണയും പ്രധാനമന്ത്രി തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചു.  രാജ്യസഭയിൽ ആസാദിന്റെ വിരമിക്കൽ വേളയിൽ പ്രധാനമന്ത്രി കരഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
'ഞാൻ വിരമിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മറ്റൊരു സംഭവത്തെ കുറിച്ച് ഓർത്താണ് അദ്ദേഹം വികാരാധീനനായത്. അത് ഇതാണ്. 2006 ൽ ഗുജറാത്തിൽ നിന്ന് കശ്മീർ സന്ദർശനത്തിനെത്തിയ ഏതാനും വിനോദ സഞ്ചാരികൾ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ഞാൻ കശ്മീർ മുഖ്യമന്ത്രിയും മോഡി സാഹിബ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു. വിവരമറിയാൻ അദ്ദേഹം തന്നെ വിളിച്ചെങ്കിലും ദാരുണമായ ആ സംഭവത്തെക്കുറിച്ച് ഓർത്ത് ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു. സംസാരിക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ കരയുന്നത് ഫോണിലൂടെ അദ്ദേഹം കേട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനത്തിൽ കൊണ്ടുപോവുമ്പോഴെല്ലാം ഞാൻ കരയുകയായിരുന്നു. അദ്ദേഹം അത് ടി.വിയിലൂടെ കണ്ടിട്ടുണ്ടാവാം. പിന്നെയും ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എനിക്ക് സംസാരിക്കാൻ പറ്റിയില്ല. എങ്കിലും അദ്ദേഹം നിത്യവും വിളിച്ചുകൊണ്ടേയിരുന്നു. മോഡിജി പരുക്കനായ ഒരാളായിരുന്നുവെന്നാണ് ഞാൻ കരുതിയിരുന്നത്. ഭാര്യയോ മക്കളോ ഒന്നും ഇല്ലാത്തതിനാൽ അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ആ ധാരണ തെറ്റി, അദ്ദേഹം മനുഷ്യത്വത്തോടെ പെരുമാറി -ആസാദ് ഓർത്തെടുത്തത് അങ്ങനെയാണ്. അപ്പോൾ. അതാണ് കാര്യം. ഗുലാം നബി ആസാദും അനാഥമാകില്ലെന്ന് ഏതായാലും ഉറപ്പിക്കാം. 


 ബി.ജെ.പിക്കാണ് ഗുലാം നബി പോലുള്ള ചാഞ്ചാട്ടക്കാർ ഏറെ ഗുണം ചെയ്യുന്നത്. നൂപുർ ശർമയെന്ന പാർട്ടി വക്താവിന്റെ പരാമർശമുണ്ടാക്കിയ ഡാമേജ് കുറക്കാൻ പേരിൽ നബിയൊക്കെയുള്ള ഗുലാമിന്റെ കോൺഗ്രസിൽ നിന്നുള്ള പിന്മാറ്റം സഹായകമാവും. ഒരു കണക്കിന് കോൺഗ്രസിന് ഇപ്പോഴത്തെ ഈ ഒഴിഞ്ഞുപോക്ക് പ്രക്രിയ നല്ലതിനാണ്. ചില ചികിത്സ രീതികൾ പ്രയോഗിക്കുമ്പോൾ ശരീരത്തിലെ മലിന വസ്തുക്കൾ കളയാറില്ലേ. അതിനായി വയറിളക്കേണ്ടിയും വരാറുണ്ട്. അതുപോലെ ആടിക്കളിക്കുന്ന അധികാരക്കൊതിയന്മാർ സ്വയം ഒഴിഞ്ഞു പോകുന്നത് ഗുണകരമാകില്ലെന്നാര് കണ്ടു?  ദേശീയ തലത്തിൽ വൻ തോക്കുകൾ ഒഴിഞ്ഞു പോകുന്നുവെന്നൊന്നും ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. 

Latest News